കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം

ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആരും മറന്നുകാണില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ചായിരുന്നു ആ കാര്യം. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പല ഫയലുകളും തീരുമാനമാകാതെ കെട്ടിക്കിടക്കാന്‍ കാരണം ബോധപൂര്‍വമുള്ള ഉദ്യോഗസ്ഥ അനാസ്ഥ തന്നെയാണ്. കൈക്കൂലി നല്‍കിയാലേ ഫയലുകള്‍ മുന്നോട്ട് നീക്കൂവെന്ന […]

ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആരും മറന്നുകാണില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ചായിരുന്നു ആ കാര്യം. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പല ഫയലുകളും തീരുമാനമാകാതെ കെട്ടിക്കിടക്കാന്‍ കാരണം ബോധപൂര്‍വമുള്ള ഉദ്യോഗസ്ഥ അനാസ്ഥ തന്നെയാണ്. കൈക്കൂലി നല്‍കിയാലേ ഫയലുകള്‍ മുന്നോട്ട് നീക്കൂവെന്ന നിലപാടിലാണ് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ്. എന്നാല്‍ കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരും ഏറെയുണ്ട്. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും അതൊന്നും പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ കെട്ടിക്കിടക്കുന്ന 1.75 ലക്ഷത്തില്‍ 82, 401 ഫയലുകളാണ് തീര്‍പ്പാക്കിയത്. വിവിധ വകുപ്പുകളിലായി ഇനിയും 7.5 ലക്ഷത്തോളം അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. രണ്ടുഘട്ടമായി ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തിയിട്ടും ഇത്രയും ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെങ്കില്‍ ഗുരുതരമായ കൃത്യവിലോപം ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന് വളരെ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ 6.9 ലക്ഷത്തോളം ഫയലുകളിലാണ് തീരുമാനമായത്. അതിന് ശേഷം നടപടികള്‍ മന്ദഗതിയിലാവുകയാണ് ചെയ്തത്. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലാണ്. 2.36 ലക്ഷം ഫയലാണ് തീര്‍പ്പാകാതെ കിടക്കുന്നത്. 93, 014 ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ മാത്രം തീര്‍പ്പാകാതെ കിടക്കുന്നു. പത്തായിരത്തോളം ഫയലുകള്‍ റവന്യൂവകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടപ്പുണ്ട്. ആരോഗ്യവകുപ്പില്‍ 8500 ഫയലുകളും ആഭ്യന്തരവകുപ്പില്‍ 6800 ഫയലുകളും പൊതുവിദ്യാഭ്യാസവകുപ്പില്‍ 5400 ഫയലുകളും ജലവിഭവവകുപ്പില്‍ 5000ത്തില്‍ ഏറെയും ഫയലുകള്‍ തീര്‍പ്പാകാനുണ്ട്. പല സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോഴും അഴിമതിയും കൈക്കൂലിയും കൊടികുത്തി വാഴുകയാണ്. അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചുവരുന്നു. എന്നാല്‍ അധികാരകേന്ദ്രങ്ങളിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനം കൊണ്ട് ഇവരില്‍ പലരും പിന്നെയും സര്‍വീസില്‍ തുടരുകയാണ്. എത്ര അഴിമതി നടത്തിയാലും ഉന്നത ഉദ്യോഗസ്ഥര്‍ നിയമത്തിലെ പഴുതുപയോഗിച്ച് രക്ഷപ്പെടുന്ന സ്ഥിതിയുമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് സംവിധാനത്തിന് പരിമിതികളുണ്ട്. അഴിമതി നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വിജിലന്‍സിന് കടമ്പകളേറെയാണ്. ആയിരവും അഞ്ചായിരവും പതിനായിരവും ഒക്കെ കൈക്കൂലി വാങ്ങുന്ന സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് വിജിലന്‍സ് പിടികൂടുന്നത്. ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെ തൊടാന്‍ വിജിലന്‍സിന് വിലക്ക് നേരിടേണ്ടിവരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഉള്ളിടത്തോളം കാലം ഫയലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ആവശ്യമായ ശക്തമായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം.

Related Articles
Next Story
Share it