ലൈഫ് പദ്ധതിയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം

കേരളത്തില്‍ നല്ല രീതിയില്‍ നടപ്പിലാക്കിവന്നിരുന്ന ലൈഫ് പദ്ധതി ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി തടസങ്ങളില്ലാതെ വിജയകരമായി നടപ്പിലാക്കിയതായിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന അര്‍ഹതയുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. എന്നാല്‍ രണ്ടാം പിണറായി ഭരണത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. മുന്‍ഗണനാക്രമത്തില്‍ ആദിവാസി-ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുന്നുണ്ടെങ്കിലും മറ്റ് വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ കാത്തിരിപ്പില്‍ തന്നെയാണ്. ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ പെട്ടവര്‍ക്ക് വീട് അനുവദിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ […]

കേരളത്തില്‍ നല്ല രീതിയില്‍ നടപ്പിലാക്കിവന്നിരുന്ന ലൈഫ് പദ്ധതി ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി തടസങ്ങളില്ലാതെ വിജയകരമായി നടപ്പിലാക്കിയതായിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന അര്‍ഹതയുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. എന്നാല്‍ രണ്ടാം പിണറായി ഭരണത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. മുന്‍ഗണനാക്രമത്തില്‍ ആദിവാസി-ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുന്നുണ്ടെങ്കിലും മറ്റ് വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ കാത്തിരിപ്പില്‍ തന്നെയാണ്. ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ പെട്ടവര്‍ക്ക് വീട് അനുവദിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഇതുവരെയായും ധനസഹായം ലഭിച്ചിട്ടില്ലെന്ന പരാതികള്‍ വ്യാപകമാവുകയാണ്. വീട് നിര്‍മാണത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനുള്ള ശേഷിയുള്ളവര്‍ക്ക് അധികൃതര്‍ അതിനുള്ള അനുവാദം നല്‍കുന്നില്ല. ലൈഫ് പദ്ധതിപ്രകാരമുള്ള സ്‌ക്വയര്‍ ഫീറ്റര്‍ അനുസരിച്ച് ഇപ്പോഴേ തറ നിര്‍മിക്കാനുള്ള സാമ്പത്തിക സ്ഥിതിയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പദ്ധതിയുടെ കീഴില്‍ വരുന്നവര്‍ അതിന് മുതിര്‍ന്നാല്‍ ധനസഹായം ലഭിക്കില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ട് തറ പോലും കെട്ടാതെ കാത്തിരിക്കുകയാണ് ഇവര്‍. എന്നാല്‍ എന്ന് ധനസഹായം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല. ചെറിയ കാറ്റടിച്ചാല്‍ പോലും തകര്‍ന്നുവീഴാവുന്ന ഷെഡുകളിലും കൂരകളിലും കഴിയുന്നവര്‍ വല്ലാത്ത ആശങ്കയിലാണ്. കാറ്റും മഴയുമുള്ള സമയത്ത് നെഞ്ചിടിപ്പോടെയാണ് ഇവര്‍ കഴിയുന്നത്. ലൈഫ് പദ്ധതി വന്നതോടെ തങ്ങള്‍ക്ക് വീടില്ലാതായെന്നാണ് നിരാശയോടെ ഇവരെല്ലാം പറയുന്നത്. മുമ്പ് വീടില്ലാത്തവര്‍ക്ക് പഞ്ചായത്തുകള്‍ മുഖാന്തിരം സര്‍ക്കാര്‍ സഹായം നല്‍കുന്ന സംവിധാനമുണ്ടായിരുന്നു. സര്‍ക്കാര്‍ ഫണ്ടോടെ വീടുകളുടെ പൂര്‍ണ ഉത്തരവാദിത്വം പഞ്ചായത്തുകള്‍ ഏറ്റെടുത്തിരുന്നു. ഗ്രാമപഞ്ചായത്തുകളിലൂടെയും ബ്ലോക്ക്പഞ്ചായത്തുകളിലൂടെയും കേരളത്തിലെ നിവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ വീടുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് പൂര്‍ണ അധികാരമില്ല. വിവരശേഖരണം അടക്കമുള്ള നടപടികള്‍ മാത്രമാണ് പഞ്ചായത്തുകളില്‍ നടക്കുന്നത്. പഞ്ചായത്തിന്റെ അധികാരത്തെയും തീരുമാനത്തെയും മറികടന്ന് പ്രത്യേക സംവിധാനമായാണ് ലൈഫ് പദ്ധതിയുടെ പ്രവര്‍ത്തനം. കടുത്ത നിയന്ത്രണങ്ങളോടെയും മാനദണ്ഡങ്ങളോടെയുമാണ് ലൈഫ് പദ്ധതി മുന്നോട്ടുപോകുന്നത്. ഇക്കാരണത്താല്‍ അര്‍ഹതപ്പെട്ട പല കുടുംബങ്ങള്‍ക്കും ലൈഫ് പദ്ധതിയിലൂടെ ഇപ്പോള്‍ വീട് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്നുണ്ട്. രാഷ്ട്രീയ പക്ഷപാതിത്വവും സ്വജനപക്ഷപാതിത്വവും മറ്റ് പദ്ധതിയെ പോലെ തന്നെ ലൈഫ് പദ്ധതിയെയും ബാധിച്ചിട്ടുണ്ട്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും എന്ന നിലയിലേക്ക് മാത്രമായി ഈ പദ്ധതി ചുരുങ്ങുന്നുണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നു. അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് ലഭിക്കുന്നുണ്ടെങ്കില്‍ മാത്രമേ ലൈഫ് പദ്ധതി കൊണ്ട് സമൂഹത്തിന് പ്രയോജനമുള്ളൂ. വീടുള്ളവര്‍ക്ക് തന്നെ പിന്നെയും വീട് എന്ന നിലക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ഈ പദ്ധതി ജനങ്ങള്‍ക്കുവേണ്ടിയുള്ളതല്ലെന്ന് പറയേണ്ടിവരും. കേരളത്തിലെ പല ഗ്രാമപ്രദേശങ്ങളിലും അന്തിയുറങ്ങാന്‍ നല്ലൊരു വീടില്ലാതെ ദയനീയ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കാണാന്‍ സാധിക്കും. അഞ്ചോ പത്തോ സെന്റ് സ്ഥലം മാത്രമാകും ഇവര്‍ക്കുണ്ടാകുക. ആവശ്യമായ രേഖകള്‍ ഉണ്ടായിട്ടുപോലും ഇവര്‍ക്കൊന്നും എന്തുകൊണ്ട് ലൈഫ് പദ്ധതിപ്രകാരമുള്ള വീടുകള്‍ ലഭിക്കുന്നില്ലെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. മുന്നോക്കമെന്നോ പിന്നോക്കമെന്നോ നോക്കാതെ ലൈഫ് പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇത്തരം കുടുംബങ്ങള്‍ക്ക് എത്രയും വേഗം വീട് നിര്‍മിച്ചുകൊടുക്കുകയെന്നത് അധികാരികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. അത് നിറവേറ്റുന്നതില്‍ അലംഭാവം കാണിക്കരുത്.

Related Articles
Next Story
Share it