രാത്രികാലങ്ങളില്‍ നടക്കുന്ന കായികമത്സരങ്ങളുടെ മറവില്‍ അക്രമങ്ങള്‍ നടത്തുന്ന പ്രവണത തുടരുകയാണ്. കാസര്‍കോട് ജില്ലയില്‍ രാത്രികാലങ്ങളില്‍ നടത്തുന്ന ഒട്ടുമിക്ക മത്സരങ്ങളും സംഘര്‍ഷങ്ങളില്‍ കലാശിക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം ഉദുമ പള്ളത്ത് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പല്ല് വരെ നഷ്ടപ്പെടുകയുണ്ടായി. ജയിച്ച ടീം നടത്തിയ ആഹ്ലാദപ്രകടനത്തിനെതിരെ എതിര്‍ടീമിനെ പിന്തുണക്കുന്നവര്‍ രംഗത്തുവന്നതോടെയാണ് ആളുകള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. രണ്ട് ടീമുകളുടെയും ആരാധകര്‍ കയ്യാങ്കളിയിലേര്‍പ്പെട്ടതോടെ പൊലീസെത്തി ലാത്തിവീശിയിരുന്നു. സംഘട്ടനത്തിലേര്‍പ്പെട്ടവരെ പൊലീസ് ബലം പ്രയോഗിച്ച് ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയപ്പോഴാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുടെ മുന്‍നിരയിലെ പല്ല് നഷ്ടമാവുകയും മറ്റ് പല്ലുകള്‍ക്ക് ഇളക്കം തട്ടുകയും ചെയ്തു. ഈ സംഭവത്തില്‍ അമ്പതോളം പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിന് മുമ്പും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലത്ത് നടന്ന കായികമത്സരങ്ങള്‍ക്കിടെ അക്രമങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. കൂടുതലും രാത്രികാലങ്ങളിലെ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടയിലാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാറുള്ളത്. ഫുട്ബോള്‍ മത്സരങ്ങളാകുമ്പോള്‍ ആവേശം ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ അത് ഒരിക്കലും അതിരുവിട്ട പ്രവൃത്തികളിലേക്ക് നീങ്ങാന്‍ പാടില്ല. ഏതെങ്കിലും ടീം ജയിക്കുമ്പോള്‍ ആ ടീമിന്റെ ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത് സര്‍വസാധാരണമാണ്. അതില്‍ എതിര്‍ ടീമിന്റെ ആളുകള്‍ക്ക് അസഹിഷ്ണുത തോന്നേണ്ട ആവശ്യമില്ല. ഇനിയും മത്സരങ്ങള്‍ ഉണ്ടാകുമല്ലോ. തോറ്റ ടീമിനെ അപ്പോഴേക്കും വിജയിപ്പിച്ചെടുക്കാനുള്ള പരിശീലനമാണ് നടത്തേണ്ടത്. ജയിച്ച ടീമിന്റെ ആളുകള്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എതിര്‍ടീമിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നത് തന്നായിരിക്കും.
ആഹ്ലാദപ്രകടനങ്ങള്‍ അതിരുവിടുന്നതും ആഹ്ലാദപ്രകടനങ്ങളെ എതിര്‍ക്കുന്നതും കായികമത്സരങ്ങളെ സംഘര്‍ഷത്തിലേക്ക് നയിക്കും.
ആളുകള്‍ കൂടുന്ന ഇടങ്ങളായതിനാല്‍ പലരും പല രീതിയിലായിരിക്കും പെരുമാറുക. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചവരും ഇക്കൂട്ടത്തിലുണ്ടാകും. ഇത്തരക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ മുഴുവന്‍ പേരും സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കും. ഉദുമയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്ന സ്ഥലത്ത് മതിയായ പൊലീസുകാര്‍ ഉണ്ടാകാതിരുന്നതും അക്രമങ്ങള്‍ക്ക് അനുകൂല സാഹചര്യമാണുണ്ടാക്കിയത്. രാത്രികാല മത്സരങ്ങള്‍ പ്രശ്‌നത്തില്‍ കലാശിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നിരിക്കെ കനത്ത പൊലീസ് സുരക്ഷയും ജാഗ്രതയും ആവശ്യമാണ്. കായിക മത്സരങ്ങളെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണം. മത്സരങ്ങള്‍ ശത്രുതക്കും അക്രമങ്ങള്‍ക്കും കാരണമാകരുത്. ഉദുമയിലുണ്ടായ സംഭവം ഇനി ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും നടപടികളും ഉണ്ടാകണം.