ജില്ലയിലെ കമുക് കര്‍ഷകരുടെ ദുരിതങ്ങള്‍ കാണാതെ പോകരുത്

കാസര്‍കോട് ജില്ലയില്‍ കമുക് കര്‍ഷകരുടെ ജീവിതം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. കമുകുകള്‍ക്ക് ബാധിക്കുന്ന രോഗവും ഉല്‍പ്പാദനക്കുറവും കര്‍ഷകരുടെ വരുമാനത്തില്‍ കനത്ത ഇടിവാണ് വരുത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കമുകുകള്‍ ഉണങ്ങിനശിച്ചുകൊണ്ടിരിക്കുന്നു. കമുകിനെ പ്രധാനമായും ബാധിക്കുന്നത് ഇലപ്പുള്ളി, മഞ്ഞളിപ്പുരോഗമാണ്. കാസര്‍കോട്, മഞ്ചേശ്വരം, കാറഡുക്ക, പരപ്പ ബ്ലോക്കുകളിലാണ് കമുകിന് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത്. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളായ ബദിയടുക്ക, ആദൂര്‍ ഭാഗങ്ങളിലും കമുകുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇലകളില്‍ ആദ്യം തവിട്ട് നിറത്തിലുള്ള പുള്ളി പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് എല്ലാ ഇലകളിലേക്കും […]

കാസര്‍കോട് ജില്ലയില്‍ കമുക് കര്‍ഷകരുടെ ജീവിതം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. കമുകുകള്‍ക്ക് ബാധിക്കുന്ന രോഗവും ഉല്‍പ്പാദനക്കുറവും കര്‍ഷകരുടെ വരുമാനത്തില്‍ കനത്ത ഇടിവാണ് വരുത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കമുകുകള്‍ ഉണങ്ങിനശിച്ചുകൊണ്ടിരിക്കുന്നു. കമുകിനെ പ്രധാനമായും ബാധിക്കുന്നത് ഇലപ്പുള്ളി, മഞ്ഞളിപ്പുരോഗമാണ്. കാസര്‍കോട്, മഞ്ചേശ്വരം, കാറഡുക്ക, പരപ്പ ബ്ലോക്കുകളിലാണ് കമുകിന് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത്. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളായ ബദിയടുക്ക, ആദൂര്‍ ഭാഗങ്ങളിലും കമുകുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇലകളില്‍ ആദ്യം തവിട്ട് നിറത്തിലുള്ള പുള്ളി പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് എല്ലാ ഇലകളിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ഫലമായി കമുക് ഘട്ടംഘട്ടമായി ഉണങ്ങിനശിക്കുന്നു. രോഗം ചെറിയ തോതില്‍ ബാധിക്കുന്ന കമുകുകളില്‍ പൂക്കുലകള്‍ കരിയുന്നു. ഇത് അടയ്ക്ക ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. രോഗം ബാധിച്ച കുമുകുകളിലെ അടക്കകള്‍ക്ക് ഗുണനിലവാരവും കുറവാണ്. ഇത്തരം അടക്കകള്‍ക്ക് വിപണിയിലും കാര്യമായ വില ലഭിക്കുകയില്ല. ഒരുമാസത്തെ ഇടവേളയില്‍ കമുകുകള്‍ക്ക് രണ്ട് തവണ പ്രതിരോധ കീടനാശിനി തളിക്കാന്‍ കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന് വലിയ സാമ്പത്തികബാധ്യത തന്നെ വേണ്ടിവരുന്നു. വില കൂടിയ കീടനാശിനിയാണ് കമുകുകള്‍ക്ക് തളിക്കേണ്ടത്. ഈ സാഹചര്യത്തില്‍ കമുക് കര്‍ഷകര്‍ക്ക് അടിയന്തരമായി സാമ്പത്തികസഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇലപ്പുള്ളി, മഞ്ഞളിപ്പ് രോഗപ്രതിരോധത്തിന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ 30 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. രോഗം തിരിച്ചറിഞ്ഞിട്ട് മാസങ്ങളായിട്ടും കമുക് കര്‍ഷകര്‍ക്ക് ആശ്വാസസഹായം നല്‍കാന്‍ അധികാരികള്‍ തയ്യാറാകാത്തത് കര്‍ഷകരില്‍ കടുത്ത അമര്‍ഷവും വേദനയും ഉളവാക്കുന്നുണ്ട്. കര്‍ണാടകയിലും കമുകുകള്‍ക്ക് വ്യാപകമായി രോബാധയുണ്ട്. അവിടെ ആദ്യഘട്ടത്തില്‍ ഏക്കറിന് 4000 രൂപ എന്ന നിരക്കില്‍ കമുക് കര്‍ഷകര്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു സഹായവും കിട്ടുന്നില്ലെന്നാണ് ഇവിടത്തെ കര്‍ഷകരുടെ പരാതി. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര ഗ്രാമപ്രദേശങ്ങളിലും കമുക് കൃഷി വ്യാപകമാണ്. പല കര്‍ഷകരുടെയും പ്രധാന ഉപജീവനമാര്‍ഗം കൂടിയാണിത്. ഇന്നത്തെ സാഹചര്യത്തില്‍ കമുക് കൃഷിയെ ഉപജീവനമാര്‍ഗമായി കാണാന്‍ കഴിയാത്തത്ര കഷ്ടപ്പാടിലാണ് കര്‍ഷകര്‍. എത്രയും വേഗം സഹായം നല്‍കി കമുക് കര്‍ഷകരെയും ഈ കൃഷിയെയും സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

Related Articles
Next Story
Share it