സംസ്ഥാനപാതയിലെ കുരുതിക്ക് അന്ത്യമുണ്ടാകണം

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നത് യാത്രക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനപാതയില്‍ കെ.എസ്.ടി.പി റോഡ് നിലവില്‍ വന്നതിന് ശേഷമാണ് അപകടങ്ങള്‍ വര്‍ധിച്ചുതുടങ്ങിയത്. ആഴ്ചയില്‍ മൂന്നും നാലും അപകടങ്ങള്‍ വരെ ഈ റൂട്ടില്‍ സംഭവിക്കുന്നുണ്ട്. അപകടത്തില്‍ മരണപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസമാണ് ചെമ്മനാട് ചളിയങ്കോട്ട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചത്. ഇതിന് മുമ്പും നിരവധി പേരുടെ ജീവനുകള്‍ കെ.എസ്.ടി.പി റോഡില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. കളനാട് റെയില്‍വെ മേല്‍പ്പാലത്തിന്റെ സുരക്ഷാമതില്‍ ലോറിയിടിച്ച് തകര്‍ന്നത് ഒരുമാസം മുമ്പാണ്. ഇതുവരെ ഇത് […]

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നത് യാത്രക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനപാതയില്‍ കെ.എസ്.ടി.പി റോഡ് നിലവില്‍ വന്നതിന് ശേഷമാണ് അപകടങ്ങള്‍ വര്‍ധിച്ചുതുടങ്ങിയത്. ആഴ്ചയില്‍ മൂന്നും നാലും അപകടങ്ങള്‍ വരെ ഈ റൂട്ടില്‍ സംഭവിക്കുന്നുണ്ട്. അപകടത്തില്‍ മരണപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസമാണ് ചെമ്മനാട് ചളിയങ്കോട്ട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചത്. ഇതിന് മുമ്പും നിരവധി പേരുടെ ജീവനുകള്‍ കെ.എസ്.ടി.പി റോഡില്‍ പൊലിഞ്ഞുപോയിട്ടുണ്ട്. കളനാട് റെയില്‍വെ മേല്‍പ്പാലത്തിന്റെ സുരക്ഷാമതില്‍ ലോറിയിടിച്ച് തകര്‍ന്നത് ഒരുമാസം മുമ്പാണ്. ഇതുവരെ ഇത് നന്നാക്കാന്‍ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അപകടമരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. പള്ളിക്കരക്കും കാസര്‍കോടിനും ഇടയിലാണ് കൂടുതലും വാഹനാപകടങ്ങള്‍ സംഭവിക്കുന്നത്. റോഡിന്റെ നിലവാരം വര്‍ധിപ്പിച്ചെങ്കിലും വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കാത്തത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. കെ.എസ്.ടി.പി റോഡ് വന്നതോടെ വാഹനങ്ങള്‍ അമിതവേഗതയില്‍ ഓടുന്നു. കാരണം റോഡിന്റെ ഘടന അത്തരത്തിലുള്ളതാണ്. പ്രധാന ടൗണുകളായ ഉദുമ, പാലക്കുന്ന്, തൃക്കണ്ണാട് എന്നിവിടങ്ങളില്‍ റോഡിന് നടുവിലൂടെയുള്ള ഡിവൈഡറുകള്‍ക്ക് വീതിയില്ലാത്തതും അപകടത്തിന് സാഹചര്യമുണ്ടാക്കുന്നു. ഇതിന് മുമ്പ് ഇവിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ഒട്ടേറെ പേര്‍ മരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഈ ഭാഗങ്ങളില്‍ കൂട്ട അപകടങ്ങളിലും പെടാറുണ്ട്. റോഡ് വീതി കൂട്ടണമെന്ന് നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനുവേണ്ട നടപടികള്‍ ഉണ്ടായിട്ടില്ല. ചന്ദ്രഗിരി മുതല്‍ കാഞ്ഞങ്ങാട് വരെ കെ.എസ്.ടി.പി അധികൃതര്‍ സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍, ട്രാഫിക് ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. കണ്ടെയ്നര്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ കൂടുതലും സംസ്ഥാന പാതയിലൂടെ കടന്നുപോകുന്നത് രാത്രി കാലങ്ങളിലാണ്. അതുകൊണ്ട് തന്നെ റോഡരികില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇരുട്ടിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടസാധ്യതകള്‍ വലിയ തോതില്‍ വര്‍ധിക്കും. ലൈറ്റുകളില്‍ പലതും വാഹനങ്ങളിടിച്ചും കാറ്റിലുമാണ് തകര്‍ന്നുപോയത്. ഇവ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്പീഡ് ബ്രേയ്ക്കറുകള്‍, റിഫ്ളക്ടറുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, ഹൈമാസ് ലൈറ്റുകള്‍ എന്നിവ സ്ഥാപിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കും. സംസ്ഥാനപാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകണം. അനാസ്ഥ കൊണ്ട് ഒരു ജീവന്‍ പോലും പൊലിയാനുള്ള സാഹചര്യം ഇനിയെങ്കിലും ഉണ്ടാകണം.

Related Articles
Next Story
Share it