പിന്നെയും എന്തിന് കെണിയില്‍ വീഴുന്നു

നിക്ഷേപത്തട്ടിപ്പില്‍ പെട്ട് കയ്യിലുള്ള സമ്പാദ്യം നഷ്ടമാകുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുകയാണ്. നിക്ഷേപത്തട്ടിപ്പ് നടത്താന്‍ വേണ്ടി മാത്രം കേരളത്തില്‍ കൂണുകള്‍ പോലെയാണ് സ്ഥാപനങ്ങള്‍ മുളച്ചുപൊന്തുന്നത്. ഇരട്ടിലാഭം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കുറച്ചുകാലം ലാഭവിഹിതം നല്‍കുമെങ്കിലും പിന്നീട് തനിനിറം പുറത്തുവരുന്നു. നിക്ഷേപിച്ച തുകയും ലാഭമായി വാങ്ങിയ തുകയും കിട്ടാതെ നിക്ഷേപകര്‍ ക്രൂരമായി വഞ്ചിക്കപ്പെടുന്ന അനുഭവങ്ങളാകും പിന്നീടുണ്ടാകുക. അവസാനം കോടികളുമായി സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ മുങ്ങുകയും ചെയ്യുന്നു. കണ്ണൂരിലെ അര്‍ബന്‍ നിധിയുടെ മറവില്‍ നടന്ന കോടികളുടെ നിക്ഷേപതട്ടിപ്പ് കഴിഞ്ഞ […]

നിക്ഷേപത്തട്ടിപ്പില്‍ പെട്ട് കയ്യിലുള്ള സമ്പാദ്യം നഷ്ടമാകുന്നവരുടെ എണ്ണം കേരളത്തില്‍ പെരുകുകയാണ്. നിക്ഷേപത്തട്ടിപ്പ് നടത്താന്‍ വേണ്ടി മാത്രം കേരളത്തില്‍ കൂണുകള്‍ പോലെയാണ് സ്ഥാപനങ്ങള്‍ മുളച്ചുപൊന്തുന്നത്. ഇരട്ടിലാഭം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കുറച്ചുകാലം ലാഭവിഹിതം നല്‍കുമെങ്കിലും പിന്നീട് തനിനിറം പുറത്തുവരുന്നു. നിക്ഷേപിച്ച തുകയും ലാഭമായി വാങ്ങിയ തുകയും കിട്ടാതെ നിക്ഷേപകര്‍ ക്രൂരമായി വഞ്ചിക്കപ്പെടുന്ന അനുഭവങ്ങളാകും പിന്നീടുണ്ടാകുക. അവസാനം കോടികളുമായി സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ മുങ്ങുകയും ചെയ്യുന്നു. കണ്ണൂരിലെ അര്‍ബന്‍ നിധിയുടെ മറവില്‍ നടന്ന കോടികളുടെ നിക്ഷേപതട്ടിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രമല്ല കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ പോലും ലക്ഷങ്ങള്‍ കണ്ണൂര്‍ അര്‍ബന്‍ നിധിയില്‍ നിക്ഷേപിച്ചിരുന്നു. 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് കണ്ണൂര്‍ അര്‍ബന്‍ നിധിയില്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. അഞ്ചായിരം രൂപ മുതല്‍ ഒരു കോടി രൂപ വരെ ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചവരുണ്ട്. ദിവസേന നിക്ഷേപിച്ചവരുടെ എണ്ണം കൂടിയാകുമ്പോള്‍ തട്ടിപ്പിനിരയായവരുടെ എണ്ണം അഞ്ഞൂറ് കവിയുമെന്നാണ് വിവരം. അര്‍ബന്‍നിധിയുടെ ഡയറക്ടര്‍മാരും ജീവനക്കാരും അടക്കം ഒമ്പതുപേര്‍ക്കെതിരെയാണ് പൊലീസ് നിക്ഷേപതട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. കേസിലെ ഏതാനും പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ചില പ്രതികള്‍ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറയുന്നു. കണ്ണൂര്‍ അര്‍ബന്‍ നിധി പോലെ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ നിരവധി സ്ഥാപനങ്ങള്‍ ഇതിന് മുമ്പ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കാറുണ്ടെങ്കിലും നഷ്ടപ്പെട്ട പണം പല നിക്ഷേപകര്‍ക്കും തിരിച്ചുകിട്ടാറില്ല.
തട്ടിപ്പ് നടത്തിയവര്‍ വര്‍ഷങ്ങളോളം പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയും. പിന്നെ ഇത്തരം കേസുകള്‍ പൊലീസും മറക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്താറില്ല. കാലം കുറെ കഴിയുമ്പോള്‍ ഇങ്ങനെയുള്ള കേസുകള്‍ തേഞ്ഞുമാഞ്ഞ് പോകും. ഇരട്ടിലാഭം കൊയ്യാനുള്ള ആഗ്രഹം മൂലം ഏത് തരത്തിലുള്ള സ്ഥാപനം എന്നുപോലും നോക്കാതെ പണം നിക്ഷേപിക്കുകയും തട്ടിപ്പിലകപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല. നിക്ഷേപതട്ടിപ്പ് സംബന്ധിച്ച് എത്ര വാര്‍ത്തകള്‍ വന്നാലും വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് പോലും തിരിച്ചറിവുണ്ടാകുന്നില്ലെന്നത് അല്‍ഭുതകരമാണ്.അമിതമായ പലിശ വാഗ്ദാനം ചെയ്തുള്ള നിക്ഷേപം വലിയൊരു കെണിയാണെന്ന് മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള വിവേകം ഇനിയെങ്കിലും മലയാളികള്‍ക്കുണ്ടാകണം.

Related Articles
Next Story
Share it