ആഘോഷങ്ങളുടെ മറവില്‍ വിലസുന്ന മോഷ്ടാക്കളെ കരുതിയിരിക്കണം

ഇപ്പോള്‍ ഉത്സവങ്ങളുടെയും ഉറൂസുകളുടെയും കാലമാണ്. എല്ലാ വിഭാഗം ജനങ്ങളും ആഘോഷങ്ങളില്‍ പങ്കുചേരുമ്പോള്‍ ഇവിടങ്ങളില്‍ തങ്ങളുടെ ഗൂഢലക്ഷ്യം നിറവേറ്റുന്ന വേറൊരു വിഭാഗമുണ്ട്. മോഷ്ടാക്കളാണ് ആ വിഭാഗം. ഉത്സവങ്ങളുടെയും ഉറൂസുകളുടെയും തിരക്കുകള്‍ക്കിടയില്‍ മോഷ്ടാക്കളും നുഴഞ്ഞുകയറി തങ്ങളുടെ ലക്ഷ്യം നിറവേറ്റുകയാണ്. ആഘോഷവേളകള്‍ മറ്റെല്ലാം മറന്ന് സന്തോഷിക്കാനുള്ള അവസരങ്ങളായാണ് ജനങ്ങള്‍ കാണുന്നത്. അതിനിടയില്‍ തങ്ങളുടെ വാഹനമോ കൈവശമുള്ള പണമോ സ്വര്‍ണമോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ സംരക്ഷിക്കാനുള്ള ജാഗ്രത പലരും കാണിക്കാറില്ല. അതുകൊണ്ട് ഇവര്‍ വളരെ എളുപ്പത്തില്‍ മോഷണത്തിനിരയാകുന്നു. കാസര്‍കോട് ജില്ലയിലെ ടൂറിസം മേഖലയില്‍ […]

ഇപ്പോള്‍ ഉത്സവങ്ങളുടെയും ഉറൂസുകളുടെയും കാലമാണ്. എല്ലാ വിഭാഗം ജനങ്ങളും ആഘോഷങ്ങളില്‍ പങ്കുചേരുമ്പോള്‍ ഇവിടങ്ങളില്‍ തങ്ങളുടെ ഗൂഢലക്ഷ്യം നിറവേറ്റുന്ന വേറൊരു വിഭാഗമുണ്ട്. മോഷ്ടാക്കളാണ് ആ വിഭാഗം. ഉത്സവങ്ങളുടെയും ഉറൂസുകളുടെയും തിരക്കുകള്‍ക്കിടയില്‍ മോഷ്ടാക്കളും നുഴഞ്ഞുകയറി തങ്ങളുടെ ലക്ഷ്യം നിറവേറ്റുകയാണ്. ആഘോഷവേളകള്‍ മറ്റെല്ലാം മറന്ന് സന്തോഷിക്കാനുള്ള അവസരങ്ങളായാണ് ജനങ്ങള്‍ കാണുന്നത്. അതിനിടയില്‍ തങ്ങളുടെ വാഹനമോ കൈവശമുള്ള പണമോ സ്വര്‍ണമോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ സംരക്ഷിക്കാനുള്ള ജാഗ്രത പലരും കാണിക്കാറില്ല. അതുകൊണ്ട് ഇവര്‍ വളരെ എളുപ്പത്തില്‍ മോഷണത്തിനിരയാകുന്നു. കാസര്‍കോട് ജില്ലയിലെ ടൂറിസം മേഖലയില്‍ പുത്തനുണര്‍വ് പകര്‍ന്നുനല്‍കിയ ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിനിടയിലും ചെറുതും വലുതമായ മോഷണങ്ങള്‍ നടന്നിരുന്നു. ബീച്ച് ഫെസ്റ്റിവലിനെത്തിയ പുല്ലൂര്‍ സ്വദേശിയുടെ കാര്‍ തട്ടിയെടുത്ത് ഒരു സംഘം കടന്നുകളഞ്ഞ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഉല്‍സവങ്ങളും പള്ളികളില്‍ ഉറൂസുകളും നടക്കുമ്പോള്‍ മോഷണത്തിനായി രംഗത്തിറങ്ങുന്ന സംഘങ്ങളും സജീവമാണ്. ഉത്സവസീസണ്‍ ആയതിനാല്‍ ബസുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകളിലെയും ഉത്സവപറമ്പുകളിലെയും തിരക്ക് മുതലെടുത്ത് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്നത് പതിവായി മാറുകയാണ്. കഴിഞ്ഞ ദിവസം ബോവിക്കാനത്തിനും മഞ്ചക്കല്ലിനും ഇടയില്‍ ബസ് യാത്രക്കിടെ വയോധികയുടെ മൂന്നരപവന്റെ സ്വര്‍ണമാലയാണ് അപഹരിച്ചത്. തമിഴ് നാടോടിസംഘമാണ് വയോധികയുടെ മാല തട്ടിയെടുത്തതെന്നാണ് സംശയിക്കുന്നത്. ബസില്‍ വയോധികയ്ക്ക് സമീപം നാല് തമിഴ്നാട് സ്വദേശിനികള്‍ നിന്നിരുന്നുവെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. വയോധിക ഇറങ്ങിക്കഴിഞ്ഞ് തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ നാടോടി സ്ത്രീകളും ഇറങ്ങിയിരുന്നു. ഇവര്‍ പിന്നീട് എങ്ങോട്ടുപോയെന്ന് വ്യക്തമല്ല. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തമിഴ്നാടോടികള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ എല്ലാവരും മോഷ്ടാക്കളുമല്ല. വയോധികയുടെ സ്വര്‍ണം കവര്‍ന്ന നാടോടി സ്ത്രീകളെ കണ്ടുപിടിക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ല. അതുകൊണ്ട് മോഷ്ടാക്കളെ കണ്ടെത്തുക പ്രയാസം തന്നെയാണ്. ഒരാഴ്ച മുമ്പ് പൊവ്വല്‍ സ്വദേശിയുടെ 23000 രൂപ ബസ് യാത്രക്കിടെ കവര്‍ച്ച ചെയ്തിരുന്നു. ഈ സംഭവത്തിലും മോഷ്ടാക്കളെ കണ്ടെത്താന്‍ സാധിച്ചില്ല. ഉത്സവസീസണുകളില്‍ നാടോടികള്‍ സംഘങ്ങളായി എത്തിയാണ് മോഷണം നടത്തുന്നത്. ഒരാള്‍ മോഷണമുതലുകളുമായി സ്ഥലം വിടുന്നതാണ് രീതി. പരാതി ലഭിച്ചാല്‍ തന്നെയും പൊലീസിന് മോഷ്ടാക്കളെ അന്വേഷിച്ച് കണ്ടെത്താന്‍ പലപ്പോഴും സാധിക്കാറില്ല. അപൂര്‍വം കേസുകളില്‍ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയാറുള്ളത്. ഉത്സവങ്ങള്‍ക്കും ഉറൂസുകള്‍ക്കും പോകുമ്പോള്‍ കൂടുതല്‍ ആഭരണങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്നും വില പിടിപ്പുള്ള ഒരു വസ്തുക്കളും കൊണ്ടുപോകരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മിക്കവരും ഗൗരവത്തിലെടുക്കുന്നില്ല. സ്വയം ജാഗ്രത പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. മോഷ്ടാക്കളെ കണ്ടെത്താനായില്ലെങ്കില്‍ നഷ്ടമായ വസ്തു ഒരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ട് മോഷണത്തിന് ഇരകളാകാതിരിക്കാനുള്ള ജാഗ്രത കൂടിയേ മതിയാകൂ.

Related Articles
Next Story
Share it