ജില്ലയിലെ നിര്‍ധന രോഗികളെ മരണത്തിലേക്ക് തള്ളിവിടരുത്

പൊതുവെ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ വളരെ പരിതാപകരമാണ്. മാരകമായ രോഗങ്ങള്‍ ബാധിച്ചാല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആസ്പത്രികളൊന്നും ജില്ലയിലില്ല. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനകള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഈ അവസ്ഥക്ക് അടുത്ത കാലത്തൊന്നും മാറ്റമുണ്ടാകുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. ജില്ലയില്‍ ഉള്ള ആസ്പത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി ആരോഗ്യമേഖലയെ പ്രതിസന്ധിയില്‍ നിന്ന് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാരെ […]

പൊതുവെ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ വളരെ പരിതാപകരമാണ്. മാരകമായ രോഗങ്ങള്‍ ബാധിച്ചാല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആസ്പത്രികളൊന്നും ജില്ലയിലില്ല. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനകള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഈ അവസ്ഥക്ക് അടുത്ത കാലത്തൊന്നും മാറ്റമുണ്ടാകുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. ജില്ലയില്‍ ഉള്ള ആസ്പത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി ആരോഗ്യമേഖലയെ പ്രതിസന്ധിയില്‍ നിന്ന് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്ന് ഡോക്ടര്‍മാരെ അടിക്കടി സ്ഥലം മാറ്റിക്കൊണ്ടിരിക്കുന്നത് ജില്ലയിലെ ചികിത്സാ സംവിധാനങ്ങളെ തന്നെ തകിടം മറിക്കുന്നു.
ഒരുമാസം മുമ്പ് 34 ഡോക്ടര്‍മാരെ ജില്ലയില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നാലുപേരെ കൂടി സ്ഥലം മാറ്റിയിരിക്കുകയാണ്. തെക്കിലിലെ ടാറ്റാ ആസ്പത്രിയില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരെയും ബേഡഡുക്ക താലൂക്ക് ആസ്പത്രി, ബായാര്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഡോക്ടര്‍മാരെയുമാണ് ഏറ്റവുമൊടുവില്‍ സ്ഥലം മാറ്റിയിരിക്കുന്നത്. തൃശൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ ജില്ലയില്‍ 54 ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതിന് പുറമെ നാല് ദന്തഡോക്ടര്‍മാരുടെ ഒഴിവുകളും നികത്തിയിട്ടില്ല.
41 അസിസ്റ്റന്റ് സര്‍ജന്‍മാരുടെ കുറവും ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറി. 13 സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളും നിലനില്‍ക്കുന്നു. നേരത്തെ ജില്ലയിലേക്ക് പി.എസ്.സി വഴി നിയമിച്ച 34 ഡോക്ടര്‍മാരില്‍ 33 പേരും ഉന്നതപഠനത്തിനായി അവധിയില്‍ പോയിരുന്നു. ജില്ലയ്ക്ക് അനുവദിച്ച ആകെ തസ്തിക 321 ആണ്. ഡോക്ടര്‍മാരുടെ മാത്രമല്ല സ്റ്റാഫ് നഴ്സുമാരുടെ എണ്ണത്തിലും വലിയ തോതിലുള്ള കുറവ് സംഭവിച്ചിരിക്കുകയാണ്. ഒരു ചീഫ് കണ്‍സള്‍ട്ടന്റിന്റെ പോസ്റ്റും വര്‍ഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് വലിയ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളാണ് ഏറെയുമുള്ളത്. ജനിതകവൈകല്യങ്ങളും മറ്റ് മാറാരോഗങ്ങളും ബാധിച്ച കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ദിവസവും ചികിത്സ വേണം. അതിര്‍ത്തി പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഇവര്‍ക്ക് പതിവായി ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ ഇവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്. സ്വകാര്യാസ്പത്രികളില്‍ വന്‍തുക ഫീസ് നല്‍കി ചികിത്സ തോടാന്‍ നിര്‍ധനകുടുംബങ്ങള്‍ക്ക് നിര്‍വാഹമില്ല. കൈയില്‍ പണമില്ലാത്തതിനാല്‍ ചികിത്സ തുടരാന്‍ കഴിയാത്തവര്‍ ഏറെയാണ്.
ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ സ്ഥിതിയും ദയനീയം തന്നെയാണ്. ജില്ലയില്‍ കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങിയത് അടുത്തിടെയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ മൂന്ന് കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ആവശ്യമാണ്. ഒരു കാര്‍ഡിയോളജിസ്റ്റ് മാത്രമാണ് ഇവിടെയുള്ളത്. പി.എസ്.സി വഴി ജില്ലയില്‍ നിയമിക്കപ്പെടുന്ന ഡോക്ടര്‍മാരില്‍ കൂടുതലും ഉപരിപഠനത്തില്‍ താല്‍പ്പര്യമുള്ളവരാണ്. ജോലിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഇവര്‍ ഉന്നത പഠനത്തിനായി ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നു. സ്ഥിരമായി ജില്ലയില്‍ സേവനമനുഷ്ടിക്കാന്‍ താല്‍പ്പര്യമുള്ളവരെയാണ് നിയമിക്കേണ്ടത്. എന്തിനാണ് ജില്ലയിലെ നിര്‍ധനരോഗികളോട് ഈ വിധത്തില്‍ ക്രൂരത കാണിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നവരുന്നുണ്ട്. ദയവായി കാസര്‍കോട് ജില്ലയിലെ നിര്‍ധനരോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കരുത്. അവരെ മരണത്തിലേക്ക് തള്ളിവിടരുത്. അവഗണന മനുഷ്യാവകാശലംഘനത്തിനും ജീവിക്കാന്‍ അനുവദിക്കാത്ത ക്രൂരവിനോദത്തിനും ഇടവരുത്തുമ്പോള്‍ നമ്മള്‍ ശബ്ദമുയര്‍ത്തുക തന്നെ വേണം. ജില്ലയിലെ ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം.

Related Articles
Next Story
Share it