കാസര്‍കോട് ജില്ലയെ മാലിന്യവിമുക്തമാക്കണം

കാസര്‍കോട് ജില്ലയെ മയക്കുമരുന്ന് മാഫിയകളുടെയും കഞ്ചാവ് കടത്ത് സംഘങ്ങളുടെയും പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുമ്പോഴും ഗൗരവത്തോടെ കാണാത്ത ഒരു ഗുരുതരപ്രശ്‌നം പരിഹരിക്കപ്പെടാതെ പോകുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും പുഴകള്‍ അടക്കമുള്ള ജലാശയങ്ങളിലും വന്‍ തോതില്‍ മാലിന്യങ്ങള്‍ തള്ളുന്ന പ്രവണതകള്‍ തുടരുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരങ്ങളിലും തീരദേശങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ നിന്ന് ഫോര്‍ട്ട് റോഡ്-ഹൊന്നമൂല-ഹാഷിം സ്ട്രീറ്റ് തെരുവത്ത് ഭാഗത്തേക്കുള്ള റോഡരികില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത് കാരണം ഇതുവഴിയുള്ള യാത്രക്കാര്‍ […]

കാസര്‍കോട് ജില്ലയെ മയക്കുമരുന്ന് മാഫിയകളുടെയും കഞ്ചാവ് കടത്ത് സംഘങ്ങളുടെയും പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുമ്പോഴും ഗൗരവത്തോടെ കാണാത്ത ഒരു ഗുരുതരപ്രശ്‌നം പരിഹരിക്കപ്പെടാതെ പോകുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും പുഴകള്‍ അടക്കമുള്ള ജലാശയങ്ങളിലും വന്‍ തോതില്‍ മാലിന്യങ്ങള്‍ തള്ളുന്ന പ്രവണതകള്‍ തുടരുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരങ്ങളിലും തീരദേശങ്ങളിലുമെല്ലാം മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ നിന്ന് ഫോര്‍ട്ട് റോഡ്-ഹൊന്നമൂല-ഹാഷിം സ്ട്രീറ്റ് തെരുവത്ത് ഭാഗത്തേക്കുള്ള റോഡരികില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത് കാരണം ഇതുവഴിയുള്ള യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്. മാലിന്യങ്ങളില്‍ നിന്ന് ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിയാണ് ഇതുവഴി ആളുകള്‍ കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കാട് വളര്‍ന്നുകിടക്കുന്നുണ്ട്. മാര്‍ക്കറ്റിലെ അഴുകിയ മീന്‍കോഴി അവശിഷ്ടങ്ങളെല്ലാം ഇവിടെയാണ് തള്ളുന്നത്. അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യവും ഈ ഭാഗത്തുണ്ട്. ചെര്‍ക്കള ടൗണിനടുത്തും റോഡരികില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. പലയിടങ്ങളിലും ആസ്പത്രിമാലിന്യങ്ങളും തള്ളുന്നുണ്ട്. റോഡ് വികസനം തകൃതിയായി നടക്കുമ്പോഴും പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷം തടയാന്‍ യാതൊരു നടപടിയുമുണ്ടാകുന്നില്ല. അറവുമൃഗങ്ങളുടെയും കോഴികളുടെയും അവശിഷ്ടങ്ങള്‍ ഇരുളിന്റെ മറപറ്റി വാഹനങ്ങളില്‍ കൊണ്ടുവന്ന് പുഴകളിലും റോഡരികുകളിലും തള്ളുകയാണ് ചെയ്യുന്നത്. ചില പ്രദേശങ്ങളില്‍ നാട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരുന്ന് മാലിന്യം നിക്ഷേപിക്കുന്ന സംഘങ്ങളെ പിടികൂടുന്നുണ്ട്. ഇതോടെ ഈ പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് അത്തരം സംഘങ്ങള്‍ താല്‍ക്കാലികമായി പിന്‍മാറുന്നു. പിന്നീട് നാട്ടുകാര്‍ രാത്രി കാവല്‍ അവസാനിപ്പിക്കുന്നതോടെ വീണ്ടും മാലിന്യനിക്ഷേപം നടത്തുന്നു. സംസ്ഥാനത്ത് ദീര്‍ഘകാല മാലിന്യക്കുന്നുകളായ 22 സ്ഥലങ്ങള്‍ മാസങ്ങളോളം നീണ്ട ശ്രമഫലമായി വൃത്തിയാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ 45 ഏക്കര്‍ സ്ഥലമാണ് വീണ്ടെടുക്കപ്പെട്ടത്. ഇത്തരം 32 മാലിന്യക്കുന്നുകള്‍ കേരളത്തില്‍ ഇനിയും അവശേഷിക്കുന്നുണ്ട്. സ്വാഗതാര്‍ഹമാണ് ഈ നടപടിയെങ്കിലും ഇതുകൊണ്ട് മാത്രം മാലിന്യനിര്‍മാര്‍ജ്ജനയജ്ഞം പൂര്‍ണമാകുകയില്ല. ടണ്‍കണക്കിന് മാലിന്യങ്ങളാണ് വിവിധ ഭാഗങ്ങളിലായി തള്ളുന്നത്. ഈ മാലിന്യങ്ങളൊക്കെയും ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ എവിടെയുമില്ല. മലയാളികള്‍ വ്യക്തിശുചിത്വം പാലിക്കുന്നതില്‍ മുന്നിലാണെങ്കിലും പൊതുസ്ഥലങ്ങളെ മാലിന്യമുക്തമാക്കുന്ന കാര്യത്തില്‍ വളരെ പിറകിലാണ്. നിയമനടപടികളിലൂടെ ഇത് തടയാനുള്ള ശ്രമം വലിയ വിജയം കൈവരിക്കില്ല. വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ തന്നെ പൊതു ഇടങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണം. മാലിന്യങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളും ബാധിക്കുന്നു. പൊതുജനാരോഗ്യം അപകടത്തിലാകുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം മാലിന്യസംസ്‌ക്കരണത്തിന് വേണ്ടിയുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ മാലിന്യവിമുക്ത ജില്ലയാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ ജില്ലാ ഭരണകൂടം നടത്തണം. തദ്ദേശസ്ഥാപനങ്ങളുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ അനിവാര്യമാണ്.

Related Articles
Next Story
Share it