വിടപറഞ്ഞത് സഹകരണ മേഖലയുടെ അമരക്കാരന്‍

മുന്‍ എം.എല്‍.എയും സഹകരണ മേഖലയുടെ അമരക്കാരനുമായ പി.രാഘവന്‍ വിട പറഞ്ഞിരിക്കയാണ്. കാസര്‍കോട് ജില്ലയില്‍ സഹകരണ രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച രാഘവന്‍ രണ്ടര വര്‍ഷത്തോളമായി അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. 1991 മുതല്‍ 2001 വരെ തുടര്‍ച്ചയായി 10 വര്‍ഷം ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991ലും 1996ലും വലിയ ഭൂരിപക്ഷത്തോടെയാണ് ഉദുമയെ പ്രതിനിധീകരിച്ചത്. വിവിധ നിയമസഭാ കമ്മിറ്റികളില്‍ അംഗമായ അദ്ദേഹം അവിടെയും പ്രാഗല്‍ഭ്യം തെളിയിച്ചു. 32 വര്‍ഷം സി.പി.എം ജില്ലാ […]

മുന്‍ എം.എല്‍.എയും സഹകരണ മേഖലയുടെ അമരക്കാരനുമായ പി.രാഘവന്‍ വിട പറഞ്ഞിരിക്കയാണ്. കാസര്‍കോട് ജില്ലയില്‍ സഹകരണ രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച രാഘവന്‍ രണ്ടര വര്‍ഷത്തോളമായി അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. 1991 മുതല്‍ 2001 വരെ തുടര്‍ച്ചയായി 10 വര്‍ഷം ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991ലും 1996ലും വലിയ ഭൂരിപക്ഷത്തോടെയാണ് ഉദുമയെ പ്രതിനിധീകരിച്ചത്. വിവിധ നിയമസഭാ കമ്മിറ്റികളില്‍ അംഗമായ അദ്ദേഹം അവിടെയും പ്രാഗല്‍ഭ്യം തെളിയിച്ചു. 32 വര്‍ഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിച്ച് രാഷ്ട്രീയ രംഗത്ത് തനതായ വ്യക്തിത്വം പുലര്‍ത്തുമ്പോഴും തന്റെ പ്രവര്‍ത്തന മേഖലയെ സഹകരണ രംഗമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തം പ്രയത്‌നത്തിലൂടെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയത്. ഇതില്‍ പലതും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലായിരുന്നു. ജില്ലാ ആസ്പത്രി സഹകരണ സംഘം, ജില്ലാ ആയുര്‍വ്വേദ സഹകരണ സംഘം, കാസര്‍കോട് താലൂക്ക് ആസ്പത്രി സഹകരണ സംഘം എന്നിവയൊക്കെ കെട്ടിപ്പടുക്കുന്നതിന് പിന്നില്‍ രാഘവനായിരുന്നു. കുമ്പള സഹകരണ സംഘം ആസ്പത്രി, ചെങ്കള ഇ.കെ.നായനാര്‍ ആസ്പത്രി എന്നിവയും ആതുര സേവന രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനയാണ്. വിദ്യാഭ്യാസ രംഗമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രവര്‍ത്തന മേഖല. കാസര്‍കോട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ഭരണ നേതൃത്വം ഏറ്റെടുത്ത് അതിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. ഒട്ടേറെ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കി. അതില്‍ പ്രധാനപ്പെട്ടതാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സ്വാശ്രയ കോളേജായ പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് കോളേജ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പോരാടുന്നതിലും മുന്നില്‍ നിന്നു. ജില്ലയിലെ മോട്ടോര്‍ തൊഴിലാളികളെയും ബീഡി തൊഴിലാകളെയും സംഘടിപ്പിച്ച് അവരുടെ ആവശ്യങ്ങള്‍ നേടിയെടുത്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കേന്ദ്ര കൗണ്‍സില്‍ അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ബസ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ സഹകരണ സംഘം രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡണ്ടായി. രാഷ്ട്രീയ രംഗത്തും അഭിഭാഷക രംഗത്തും പി.രാഘവന്റെ സംഭാവന വലുതാണ്. 1984ല്‍ സി.പി.എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതല്‍ ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. അസുഖത്തെ തുടര്‍ന്ന് 2021ല്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ് സ്ഥാനമൊഴിഞ്ഞത്. എ.കെ.ജി മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നേതാക്കളുമായും അടുത്തിടപഴകാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും വലിയ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു. സഹകരണ മേഖലയ്ക്ക് പുറമെ വിദ്യാഭ്യാസം, ആരോഗ്യം, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, മികച്ച രാഷ്ട്രീയ നേതാവ്, അഭിഭാഷകന്‍ തുടങ്ങിയ മേഖലകളിലൊക്കെ അദ്ദേഹം ചാര്‍ത്തിയ കയ്യൊപ്പ് എക്കാലവും ഓര്‍മ്മിക്കും. പി.രാഘവന്റെ വിയോഗത്തില്‍ ഉത്തരദേശത്തിന്റെ ദു:ഖവും ഇവിടെ കുറിക്കുന്നു.

Related Articles
Next Story
Share it