വാക്‌സിനെടുത്തിട്ടും മരണം; കരുതലും ജാഗ്രതയും വേണം

വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പാലക്കാട്ട് 19കാരി മരണപ്പെട്ട സംഭവം കേരളം ഏറെ ഞെട്ടലോടു കൂടിയാണ് കേട്ടത്. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര വീട്ടില്‍ ശ്രീലക്ഷ്മിയാണ് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ശ്രീലക്ഷ്മി മുഴുവന്‍ പ്രതിരോധ വാക്‌സിനും സിറപ്പും എടുത്തിരുന്നു. എന്നിട്ടും മരണത്തിന് കീഴടങ്ങുകയായിരുന്നു. പേവിഷത്തിന്റെ ചെറിയ ലക്ഷണങ്ങളാണ് ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ കാണിച്ചിരുന്നത്. പിന്നീട് പൂര്‍ണ്ണമായും പേവിഷത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. മെയ് 30നാണ് വളര്‍ത്തുനായ ശ്രീലക്ഷ്മിയുടെ ഇടത് കൈ വിരലില്‍ കടിച്ചത്. […]

വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പാലക്കാട്ട് 19കാരി മരണപ്പെട്ട സംഭവം കേരളം ഏറെ ഞെട്ടലോടു കൂടിയാണ് കേട്ടത്. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര വീട്ടില്‍ ശ്രീലക്ഷ്മിയാണ് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ശ്രീലക്ഷ്മി മുഴുവന്‍ പ്രതിരോധ വാക്‌സിനും സിറപ്പും എടുത്തിരുന്നു. എന്നിട്ടും മരണത്തിന് കീഴടങ്ങുകയായിരുന്നു. പേവിഷത്തിന്റെ ചെറിയ ലക്ഷണങ്ങളാണ് ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ കാണിച്ചിരുന്നത്. പിന്നീട് പൂര്‍ണ്ണമായും പേവിഷത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു.
മെയ് 30നാണ് വളര്‍ത്തുനായ ശ്രീലക്ഷ്മിയുടെ ഇടത് കൈ വിരലില്‍ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തി വാക്‌സിന്‍ എടുത്തു. മുറിവുണ്ടായിരുന്നതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തി സിറപ്പും കുത്തിവെച്ചു. പിന്നീട് 3 ഡോസ് വാക്‌സിന്‍ കൂടി എടുത്തു. ജൂണ്‍ 27നകം എല്ലാ വാക്‌സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നു മുതല്‍ പനി തുടങ്ങി അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെയാണ് ചികിത്സക്കെത്തിയത്. ശ്രീലക്ഷ്മിയെ കടിച്ച നായ അതേ ദിവസം മറ്റൊരാളെയും കടിച്ചിരുന്നു. ചികിത്സ തേടിയ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളില്ല. പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമാണോ എന്നത് സ്ഥിരീകരിക്കാന്‍ ശരീരത്തില്‍ നിന്നെടുത്ത സാമ്പിള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അപൂര്‍വ്വ സംഭവമായതിനാല്‍ സംശയ ദുരീകരണം അത്യാവശ്യമാണ്.
വാക്‌സിനെടുത്തിട്ടും മരിക്കുന്നത് അപൂര്‍വ്വമായി സംഭവിക്കാവുന്നതാണെന്ന് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ മരുന്നും എല്ലാവരിലും ഫലിക്കണമെന്നില്ല. പേവിഷബാധയ്‌ക്കെതിരെ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ നൂറ് ശതമാനം ഫലപ്രദമാണെന്ന വിശ്വാസം തെറ്റിക്കുന്ന സംഭവമാണിത്. നായയുടെ കടിയേറ്റപ്പോഴുണ്ടായ കടിയുടെ ആഴം കൂടിയതാണ് മരണകാരണമെന്ന് ഡി.എം.ഒ പറയുകയുണ്ടായി. ചികിത്സാപിഴവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തിലൊരു പിഴവ് ജനങ്ങളില്‍ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഇനിയൊരു വീഴ്ച്ച ഉണ്ടാവാതിരിക്കാനുള്ള നടപടി ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവണം. വാക്‌സിന്‍ നല്‍കുന്നതില്‍ പിഴവ് വന്നിട്ടില്ലെന്നും ഗുണനിലവാരമുള്ള വാക്‌സിന്‍ തന്നെയാണ് നല്‍കിയതെന്നും ഡി.എം.ഒ പറയുന്നു. മാരകമായ മുറിവാണ് കാരണമെന്ന് പറയുമ്പോള്‍ മുറിവിന്റെ മാരകസ്വഭാവം മനസിലാക്കി ചികിത്സ നല്‍കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. വാക്‌സിന്റെ ഗുണമേന്മ അത് സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള ജാഗ്രത എന്നിവയെല്ലാം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. കടിയേറ്റ ഭാഗത്ത് കുത്തി വെപ്പ് നടത്തി വൈറസിനെ നിഷ്‌ക്രിയമാക്കുന്നതിനുള്ള വൈദഗ്ധ്യം പ്രധാനപ്പെട്ടതാണ്. മുഖം, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ കടിയേല്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. പേവിഷബാധയ്‌ക്കെതിരായ വാക്‌സിനേഷന്‍ പരാജയപ്പെടുന്നത് അപൂര്‍വ്വമാണെന്ന് ലോകാരോഗ്യസംഘടന തന്നെ പറയുന്നുണ്ട്. എന്തുതന്നെയായാലും ജനങ്ങളുടെ വിശ്വാസം തെറ്റിച്ച ഈ സംഭവം എങ്ങനെ ഉണ്ടായി എന്നത് അന്വേഷിച്ചു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ശ്രീലക്ഷ്മിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുത്.

Related Articles
Next Story
Share it