ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനാവണം

കാസര്‍കോട് കഴിഞ്ഞ ദിവസം ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവം ഞെട്ടലുള്ളവാക്കുന്നതാണ്. ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടു പോകലും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തലും വളര്‍ന്നു വരികയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുമ്പള സീതാംഗോളി മുഗു റോഡിലെ സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ അന്‍സാരിയെയും സുഹൃത്തിനെയും ഏതാനും ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. ഗള്‍ഫില്‍ നിന്ന് […]

കാസര്‍കോട് കഴിഞ്ഞ ദിവസം ഒരു യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ആസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവം ഞെട്ടലുള്ളവാക്കുന്നതാണ്. ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടു പോകലും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തലും വളര്‍ന്നു വരികയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുമ്പള സീതാംഗോളി മുഗു റോഡിലെ സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ അന്‍സാരിയെയും സുഹൃത്തിനെയും ഏതാനും ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. ഗള്‍ഫില്‍ നിന്ന് എത്തിയ ഉടന്‍ സിദ്ദിഖിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് രാത്രി ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ സിദ്ദിഖിനെ എത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. ഗള്‍ഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് പണം തിരിച്ചു പിടിക്കാന്‍ പൈവളിഗെയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. പത്തോളം പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇവര്‍ക്കെല്ലാം മുമ്പ് വിവിധ കേസുകളില്‍ പങ്കുള്ളതായും സംശയിക്കുന്നുണ്ട്. പൈവളിഗെയിലെ രഹസ്യ കേന്ദ്രത്തില്‍ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തുന്നതിനിടയില്‍ സിദ്ദിഖ് മരിച്ചെന്ന് തിരിച്ചറിഞ്ഞ ക്വട്ടേഷന്‍ സംഘം മഞ്ചേശ്വരം സ്വദേശികളെ വിളിച്ചുവരുത്തി മൃതദേഹം കൈമാറുകയായിരുന്നുവത്രെ. സിദ്ദിഖിന്റെ ബോധം പോയെന്നും ഉടന്‍ ആസ്പത്രിയില്‍ എത്തിക്കണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണത്രെ മഞ്ചേശ്വരം സംഘമെത്തിയത്. ആസ്പത്രിയിലെത്തിച്ച ഉടന്‍ സംഘം കടന്നുകളയുകയും ചെയ്തു. മഞ്ചേശ്വരം ഉപ്പള തുടങ്ങിയ ഭാഗങ്ങളില്‍ പരസ്പരം ഏറ്റുമുട്ടലുകളും വെടിവെപ്പും വരെ ഉണ്ടാകാറുണ്ട്. ഇത് നാടിന്റെ സ്വാസ്ഥ്യം കെടുത്തിത്തുടങ്ങിയിട്ട് കുറേ നാളുകളായി. ഇഷ്ടം പോലെ എന്തിനും പോന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഇവിടെ ധാരാളമുണ്ട്. പണം കൊടുത്താല്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍. ഇവരെ നിലക്ക് നിര്‍ത്താന്‍ നിയമപാലകര്‍ക്കും കഴിയുന്നില്ല. കൗമാരക്കാരാണ് ഗുണ്ടാസംഘങ്ങളിലെ കണ്ണികള്‍. മിക്കവര്‍ക്കും പ്രായം 18നും 22നും ഇടയില്‍. ജീവിതം എന്തെന്നറിയുന്നത് മുമ്പേ ലഹരിയുടെ പിടിയില്‍ അകപ്പെട്ട് ഗ്യാങ്ങ് ഫൈറ്റിലേക്ക് ഇറങ്ങിത്തിരിക്കുന്നവരാണിവര്‍. ഇവരെ വട്ടമിട്ട് ലഹരിമാഫിയയും പറക്കുന്നുണ്ട്. കഞ്ചാവിനൊപ്പം ബൈക്കും പണവുമെല്ലാം കിട്ടുന്നതോടെ ചെറുപ്പക്കാര്‍ എന്നന്നേക്കുമായി ഈ കെണിയില്‍ അകപ്പെടുന്നു. ഗുണ്ടാസംഘങ്ങള്‍ തന്നെ പലപ്പോഴും ഏറ്റുമുട്ടാറുണ്ട്. ലഹരിയുടെ പുറത്താണ് ഒട്ടുമിക്ക കുറ്റകൃത്യങ്ങളും നടക്കുന്നത്. ലഹരിയുടെ പിടി അയയുമ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നതായി തന്നെ പ്രതികള്‍ക്ക് ഓര്‍മ്മയുണ്ടാവില്ല. മയക്ക്മരുന്ന് വിപണനം വ്യാപകമായതോടെയാണ് ഗുണ്ടാസംഘങ്ങളും പെരുകിയത്. ജില്ലയില്‍ മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ ഇങ്ങോട്ട് പല ജില്ലകളിലും ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും പെരുകിവരികയാണ്. ചില ജില്ലകളിലെ ഗുണ്ടാപ്പട്ടികയില്‍ 300ഉം 400ഉം പേര്‍ ഉള്ളതായി പൊലീസിന്റെ കണക്കുകളില്‍ത്തന്നെ പറയുന്നു. എന്തായാലും നാടിന്റെ ഉറക്കം കെടുത്തിക്കൊണ്ടുള്ള ഗുണ്ടാവിളയാട്ടത്തിന് അറുതി ഉണ്ടായേ പറ്റൂ.

Related Articles
Next Story
Share it