കോവിഡ് കാലത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ പലതിന്റെയും കാലാവധി കഴിയാന്‍ പോവുകയാണ്. ചിലത് കാലാവധി കഴിയുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അല്പം ആശ്വാസം പകരുന്നതാണ്. റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുമാസം വരെ നീട്ടിക്കൊടുക്കണെമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഹര്‍ജിക്കാരുടെ ക്ലെയിം പരിഗണിച്ച് രണ്ടു മാസത്തിനകം നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകള്‍ക്ക് 2021 ആഗസ്റ്റ് നാലു വരെ പി.എസ്.സി സമയം നീട്ടി നല്‍കിയിരുന്നു. ഇങ്ങനെ നീട്ടി നല്കിയപ്പോള് ചില റാങ്ക് പട്ടികകള്‍ക്ക് മൂന്ന് മാസത്തില്‍ കുറവാണ് ലഭിച്ചതെന്നും ഏകീകൃത സ്വഭാവമില്ലെന്നും ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും (കെ.എ.ടി) സിംഗിള്‍ ബെഞ്ചും തള്ളിയതിനെതുടര്ന്നായിരുന്നു അപ്പീല്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് വന്നാല്‍ മൂന്ന് മാസം മുതല്‍ ഒന്നര വര്‍ഷം വരെ ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പി.എസ്.സിക്ക് അധികാരമുണ്ട്. നീട്ടുന്ന കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് പട്ടികയിലുള്ളവരെ പരിഗണിച്ച് അഡൈ്വസ് മെമ്മോ നല്‍കണമെന്ന് കോടതി വിലയിരുത്തി. 490 റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമന കാലാവധി നീട്ടിയതുകൊണ്ടുള്ള ഗുണം ലഭിക്കുക. ഒരു ദിവസം മുതല്‍ മൂന്ന് മാസം വരെ അധിക സമയം ലഭിച്ച പട്ടികകള്‍ ഇതിലുണ്ട്. റാങ്ക് പട്ടികകള്‍ക്ക് അനുവദിക്കുന്ന അധിക കാലാവധി മൂന്ന് മാസമെങ്കിലും വേണമെന്നാണ് നടപടിച്ചട്ടത്തിലുള്ളത്. അതിനാല്‍ എല്ലാ റാങ്ക് ലിസ്റ്റുകള്‍ക്കും തുല്യമായി മൂന്നുമാസം അധികമായി ലഭിക്കണമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് മാഹാമാരിയില്‍ പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ലഭിക്കേണ്ട അവസാരമാണ് കിട്ടാതെ പോയത്. അഡൈ്വസ് മെമ്മോ അയച്ചവര്‍ക്ക് പോലും നിയമനം ലഭിച്ചില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവരില്‍ പലര്‍ക്കും ഇനിയൊരു പരീക്ഷ എഴുതാനാവില്ല. പ്രായപരിധി കഴിയുന്നത് തന്നെയാണ് കാരണം. പി.എസ്.സി അപേക്ഷ ക്ഷണിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റ് ഇടണമെങ്കില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും വേണം. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പ്രതീക്ഷ അസ്ഥാനത്താവുകയാണ്. ഇതിന് പുറമെയാണ് ഒഴിവുള്ള വേക്കന്‍സികളില്‍ താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുന്നത്. ഓരോ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരും താല്‍ക്കാലികക്കാരെ നിയമിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റില്‍ വരുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ പലരും ഇത് മൂടി വെച്ച് താല്‍ക്കാലികക്കാരെ നിയമിക്കുമ്പോള്‍ പടിക്ക് പുറത്താവുന്നത് പഠിച്ച് പരീക്ഷയെഴുതി ജയിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയവരാണ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി കിട്ടിയ സാഹചര്യത്തില്‍ നിയമനം നടത്താന്‍ ഇനിയും ഒട്ടും വൈകരുത്.