അവശ്യസാധനങ്ങളുടെ വിലക്കയറ്റം

അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത് നിര്‍ധന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പൊതുവിപണിയില്‍ അരിവില കുതിച്ചുകയറുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു മാസത്തിനിടെ 6 രൂപ മുതല്‍ 10 രൂപ വരെയാണ് അരിക്ക് വില കൂടിയത്. യാതൊരു നിയന്ത്രണവുമില്ലാതെ അരിക്ക് വില കൂടുന്നത് ഇത് ആദ്യമായാണ്. ബ്രാന്‍ഡ് അരികളുടെ വില ക്രമാതീതമായാണ് വര്‍ധിച്ചിരിക്കുന്നത്. 40 രൂപയുണ്ടായിരുന്ന ജ്യോതി അരിയുടെ വില 49 മുതല്‍ 50 രൂപ വരെയായി ഉയര്‍ന്നിരിക്കുകയാണ്. 33 രൂപയുടെ മട്ടക്ക് […]

അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത് നിര്‍ധന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പൊതുവിപണിയില്‍ അരിവില കുതിച്ചുകയറുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒരു മാസത്തിനിടെ 6 രൂപ മുതല്‍ 10 രൂപ വരെയാണ് അരിക്ക് വില കൂടിയത്. യാതൊരു നിയന്ത്രണവുമില്ലാതെ അരിക്ക് വില കൂടുന്നത് ഇത് ആദ്യമായാണ്. ബ്രാന്‍ഡ് അരികളുടെ വില ക്രമാതീതമായാണ് വര്‍ധിച്ചിരിക്കുന്നത്. 40 രൂപയുണ്ടായിരുന്ന ജ്യോതി അരിയുടെ വില 49 മുതല്‍ 50 രൂപ വരെയായി ഉയര്‍ന്നിരിക്കുകയാണ്. 33 രൂപയുടെ മട്ടക്ക് 37 മുതല്‍ 40 രൂപ വരെ വിലയുണ്ട്. ജയ അരി വില 56 മുതല്‍ 60 രൂപ വരെയാണ്. സുരേഖ അരി 35 രൂപയില്‍ നിന്നും 45 രൂപയിലെത്തി. കുറുവ അരി വില 28ല്‍ നിന്ന് 34ലേക്ക് എത്തി. ബംഗാളില്‍ നിന്നുള്ള നൂര്‍ജഹാന്‍ അരിയുടെ മൊത്ത വിപണിവില 35 മുതല്‍ 40 രൂപ വരെയാണ്. 25 കിലോ വരെയുള്ള പാക്കിന് കേന്ദ്രസര്‍ക്കാര്‍ അഞ്ച് ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് ബ്രാന്‍ഡ് അരിയുടെ വില വര്‍ധിക്കാന്‍ ഇടവരുത്തിയത്. ജി.എസ്.ടി മാത്രമല്ല അരിവില വര്‍ധിക്കാന്‍ കാരണം. കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയുടെ വരവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് കേരളത്തിലെ വിപണിയിലേക്ക് കൂടുതലായും അരിയെത്തുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നെല്ലുല്‍പ്പാദനം കുറഞ്ഞതാണ് അരിയുടെ വരവില്‍ കുറവ് സംഭവിക്കാന്‍ കാരണം. കേരളത്തില്‍ നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുന്നത് അല്‍പ്പം ആശ്വാസകരമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഇത് അപര്യാപ്തമാണ്. സംസ്ഥാനത്ത് നെല്ലുല്‍പ്പാദനം വ്യാപിപ്പിച്ച് അരിയുടെ ലഭ്യതക്ക് മറ്റ് സംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കുന്ന ഗതികേടില്‍ നിന്ന് മോചനം നേടേണ്ടതുണ്ട്. അരിവില പിടിച്ചുനിര്‍ത്താന്‍ ഈ രീതി അത്യന്താപേക്ഷിതമാണ്. കോവിഡിനെ തുടര്‍ന്ന് കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളും ഇടത്തരക്കാരും പൊതുവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. തൊഴിലില്ലായ്മയും ഉള്ള ജോലികൊണ്ടുതന്നെ ഉപജീവനമാര്‍ഗത്തിന് ആവശ്യമായ വരുമാനം കണ്ടെത്താനാകാത്തതും വലിയ ജീവിതപ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനിടയിലാണ് അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ വരിഞ്ഞുമുറുക്കുന്നത്. റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന അരിയുടെ വിതരണം സംബന്ധിച്ച പരാതികളും വ്യാപകമാണ്. പല റേഷന്‍ കടകളില്‍ നിന്നും പുഴുക്കലരി കിട്ടുന്നില്ലെന്നും പച്ചരി മാത്രമാണ് നല്‍കുന്നതെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. പുഴുക്കലരി അമിതവില നല്‍കി കടകളില്‍ നിന്ന് വാങ്ങേണ്ട സ്ഥിതിയാണുണ്ടാകുന്നത്. അരിവിലക്കയറ്റം തടയുന്നതോടൊപ്പം നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികളും പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഇക്കാര്യത്തില്‍ കര്‍ഷകരുടെയും കര്‍ഷകസംഘടനകളുടെയും സഹകരണം അനിവാര്യമാണ്.

Related Articles
Next Story
Share it