മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠന സൗകര്യമൊരുക്കണം

കോവിഡിന്റെ നീരാളിപ്പിടിത്തത്തിനിടയിലും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയമാണ് കൈയെത്തിപിടിച്ചത്. 4,26,469 പേര്‍ പരീക്ഷയെഴുതിയതില്‍ 4,23,303 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 99.26 ശതമാനം. എന്നാല്‍ ഇത്തവണത്തെ പ്രത്യേകത മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്നതാണ്. കഴിഞ്ഞ വര്‍ഷം 1,25,509 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയപ്പോള്‍ ഇത്തവണ അവരുടെ എണ്ണം 44,363 ആണ്. 81,146 പേരുടെ കുറവാണുണ്ടായത്. കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് ഐടിയിലും […]

കോവിഡിന്റെ നീരാളിപ്പിടിത്തത്തിനിടയിലും ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയമാണ് കൈയെത്തിപിടിച്ചത്. 4,26,469 പേര്‍ പരീക്ഷയെഴുതിയതില്‍ 4,23,303 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 99.26 ശതമാനം. എന്നാല്‍ ഇത്തവണത്തെ പ്രത്യേകത മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു എന്നതാണ്. കഴിഞ്ഞ വര്‍ഷം 1,25,509 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയപ്പോള്‍ ഇത്തവണ അവരുടെ എണ്ണം 44,363 ആണ്. 81,146 പേരുടെ കുറവാണുണ്ടായത്. കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് ഐടിയിലും കുറവ് കണക്കിലുമാണ്. കഴിഞ്ഞ തവണ എ പ്ലസ് വിജയം കൂടിയതിനാല്‍ മികച്ച വിജയം നേടിയിട്ടും പലര്‍ക്കും ഇഷ്ടവിഷയം ലഭിച്ചില്ല. എ പ്ലസ്‌കാര്‍ക്കെല്ലാം സീറ്റ് ലഭിച്ചതിനു ശേഷം മാത്രമാണ് ബാക്കിയുള്ളവര്‍ക്ക് സീറ്റ് ലഭിച്ചത്. അവര്‍ക്കാകട്ടെ ഇഷ്ടവിഷയങ്ങള്‍ ലഭിച്ചതുമില്ല. എ പ്ലസ് മുഴുവന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ളതിനാല്‍ 95 ശതമാനം മാര്‍ക്ക് നേടുകയും ഒരു വിഷയത്തിന് എ പ്ലസ് ലഭിക്കാതെ പോവുകയും ചെയ്ത കുട്ടികള്‍ക്ക് പോലും കഴിഞ്ഞ തവണ ഇഷ്ടപ്പെട്ട വിഷയത്തിന് ചേരാന്‍ പറ്റിയില്ല. ഇത്തവണ എ പ്ലസ് കുറഞ്ഞത് കൊണ്ട് അത്തരക്കാര്‍ക്ക് നേരിയൊരു ആശ്വാസമുണ്ട്. ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളുമായി പത്താം തരത്തില്‍ മികച്ച വിജയം നേടിയാലും ഇഷ്ട വിഷയം ലഭിക്കാതെ കിട്ടിയ വിഷയം പഠിക്കാന്‍ നിര്‍ബന്ധിതമാവുന്നത്. അവരുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണ്. കാസര്‍കോട് ജില്ലയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണയും സീറ്റ് കിട്ടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന എസ്.എസ്.എല്‍.സി ഫലപ്രകാരം 19,658 വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത്. എന്നാല്‍ ഹയര്‍ സെക്കണ്ടറിയില്‍ ഒരു ബാച്ചില്‍ 50 കുട്ടികള്‍ വീതം 280 ബാച്ചുകളിലായി 14,000 സീറ്റുകളാണ് നിലവിലുള്ളത്. പ്രവേശനത്തോടനുബന്ധിച്ച് സാധാരണ ഉണ്ടാകാറുള്ള 10 ശതമാനം വര്‍ധന കൂട്ടിയാല്‍ പോലും 15,400 സീറ്റുകള്‍ മാത്രമാണ് ഉണ്ടാവുക. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് എന്നിവയാണ് ഉപരിപഠനത്തിനുള്ള മറ്റ് മേഖലകള്‍, ജില്ലയില്‍ വി.എച്ച്.എസ്.ഇയില്‍ 1530 സീറ്റും ഐ.ടി.ഐയില്‍ 1512 സീറ്റും പോളിടെക്‌നിക്കില്‍ 700 സീറ്റുകളുമാണുള്ളത്. ഇവയെല്ലാം കൂട്ടിയാല്‍ പോലും 17,742 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഉപരിപഠനത്തിനുള്ള അവസരം ലഭിക്കൂ. 1916 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകും. കഴിഞ്ഞ വര്‍ഷവും സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു. ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളില്‍ മാത്രമാണ് പ്രവേശനത്തിരക്ക് ഉണ്ടാകാറുള്ളത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കണ്ണൂരിലെ സ്‌കൂളുകളെ ഇഷ്ടവിഷയം ലഭിക്കുന്നതിനായി ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം കുട്ടികള്‍ മംഗളൂരുവിലേക്കും ചേക്കേറുന്നുണ്ട്. മഞ്ചേശ്വരം ഭാഗത്ത് സ്‌കൂളുകളില്‍ സയന്‍സ് വിഷയം ഇല്ലാത്തതിനാല്‍ കര്‍ണ്ണാടകയിലേക്ക് പോകുന്നു. മഞ്ചേശ്വരത്തു നിന്ന് ഇങ്ങോട്ട് വന്നാല്‍ കുമ്പള ഗവ.ഹയര്‍സെക്കണ്ടറിയിലാണ് സയന്‍സുള്ളത്. മൊഗ്രാല്‍, ഷിറിയ, മംഗല്‍പാടി, ഉപ്പള എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകളിലൊന്നും സയന്‍സ് വിഷയമില്ല. ഇതിന് പരിഹാരമുണ്ടാവണം. തെക്കന്‍ ജില്ലകളില്‍ ഹൈസ്‌കൂളുകളില്‍ വേണ്ടത്ര പ്ലസ് വണ്‍ സീറ്റുകള്‍ ഉണ്ടാവുമ്പോള്‍ വടക്കന്‍ മേഖലയില്‍ മാത്രമാണ് ഇത്തരമൊരു പ്രശ്‌നം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനുള്ള സൗകര്യം ലഭിക്കണം.

Related Articles
Next Story
Share it