മലയോര ഹൈവേ ചുവപ്പുനാടയില്‍ കുടുങ്ങരുത്

മലയോര ഹൈവേ പറഞ്ഞു കേട്ടിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ഇപ്പോഴും ഇത് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. ദേശീയപാത ആറുവരിയായി തയ്യാറായിക്കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ മലയോര ഹൈവേയും കൂടി പൂര്‍ത്തിയായാല്‍ ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാവുമായിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ പൂര്‍ത്തിയായിക്കഴിഞ്ഞാലും മലയോര ഹൈവേയുടെ പണി പിന്നെയും നീളുമെന്ന് വേണം ഇപ്പോഴത്തെ പരിത സ്ഥിതിയില്‍ കണക്ക് കൂട്ടാന്‍. കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവില്‍ നിന്ന് ആരംഭിക്കുന്ന മലയോര ഹൈവേ തിരുവനന്തപുരം വിദുര പാറശാലയിലാണ് അവസാനിക്കുന്നത്. 1332.16 മീറ്റര്‍ നീളമുള്ളതാണ് റോഡ്. ഹില്‍ […]

മലയോര ഹൈവേ പറഞ്ഞു കേട്ടിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ഇപ്പോഴും ഇത് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. ദേശീയപാത ആറുവരിയായി തയ്യാറായിക്കൊണ്ടിരിക്കയാണ്. അതോടൊപ്പം തന്നെ മലയോര ഹൈവേയും കൂടി പൂര്‍ത്തിയായാല്‍ ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാവുമായിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ പൂര്‍ത്തിയായിക്കഴിഞ്ഞാലും മലയോര ഹൈവേയുടെ പണി പിന്നെയും നീളുമെന്ന് വേണം ഇപ്പോഴത്തെ പരിത സ്ഥിതിയില്‍ കണക്ക് കൂട്ടാന്‍. കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവില്‍ നിന്ന് ആരംഭിക്കുന്ന മലയോര ഹൈവേ തിരുവനന്തപുരം വിദുര പാറശാലയിലാണ് അവസാനിക്കുന്നത്. 1332.16 മീറ്റര്‍ നീളമുള്ളതാണ് റോഡ്. ഹില്‍ ഹൈവേ അഥവാ മലയോര ഹൈവേ എന്നും അറിയപ്പെടുന്നു. ഇതിനകം 94 കിലോ മീറ്റര്‍ റോഡ് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2175 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തികള്‍, കാല്‍നട യാത്രക്കാര്‍ക്ക് ഇന്റര്‍ലോക്ക് ടൈല്‍ പാതകള്‍, കോണ്‍ക്രീറ്റ് ഓടകള്‍, കല്ലുങ്കുകള്‍, യൂട്ടിലിറ്റി ക്രോസ് ഡെക്റ്ററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. വാഹന യാത്രക്കാര്‍ക്ക് വേ സൈഡ് അമിനിറ്റി സെന്റര്‍, പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ബസ് ഷെല്‍ട്ടര്‍ എന്നിവയും പദ്ധതിയിലുണ്ട്. റോഡ് നിര്‍മ്മാണ രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം. കാസര്‍കോട് ജില്ലയില്‍ നന്ദാരപ്പടവില്‍ നിന്ന് തുടങ്ങി പുത്തിഗെ, പെര്‍ള, ബദിയടുക്ക, മുള്ളേരിയ, പാണ്ടി, പടുപ്പ്, ബന്തടുക്ക, എരിഞ്ഞിലംകോട്, കോളിച്ചാല്‍, പതിനെട്ടാം മൈല്‍, വള്ളിക്കടവ്, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളിലൂടെ കടന്ന് കണ്ണൂര്‍ ജില്ലയിലെത്തും. കേരള ത്തിലെ 14 ജില്ലകളില്‍ 13 ജില്ലകളിലൂടെയും മലയോര ഹൈവേ കടന്നു പോകുന്നുണ്ട്. ആലപ്പുഴ ജില്ല കേരളത്തിലെ മലനിരകളുടെ ഭാഗമല്ലാത്തിനാല്‍ ഈ ഹൈവേയുമായി ബന്ധിപ്പിച്ചിട്ടില്ല. കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ക്കിടയില്‍ ഈ ഹൈവേയ്ക്ക് രണ്ട് സമാന്തര പാതകളുണ്ട്. ഒന്ന് വയനാട് ജില്ലയിലൂടെയും മറ്റൊന്ന് കോഴിക്കോട് ജില്ലയിലൂടെയും മലയോര ഹൈവേയുടെ വികസനം രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കാസര്‍കോടിനും പാലക്കാടിനും ഇടയിലുള്ള ഏറ്റവും പ്രായോഗികമായ റൂട്ടാണ് തിരഞ്ഞെടുക്കുന്നത്. മലയോര ഹൈവേയുടെ ജില്ലാ അതിര്‍ത്തിയിലെ ചെറുപുഴ പാലം മുതല്‍ കോളിച്ചാല്‍ വരെയുള്ള റീച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ചുള്ളിത്തട്ട്, കാറ്റാം കവല, മരുതോം പ്രദേശങ്ങളിലെ വനത്തിലൂടെയുള്ള റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുന്നത് നാട്ടുകാര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. വനമേഖലയിലെ റോഡ് നിര്‍മ്മാണത്തിനായി വനം വകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് ഭൂമി വിട്ടു നല്‍കുകയും മരങ്ങള്‍ മുറിച്ചു നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടങ്കല്‍ പുതുക്കി നല്‍കാന്‍ വൈകിയതാണ് റോഡ് നിര്‍മ്മാണത്തിന് തടസമാകുന്നത്. കറ്റാം കവല ജംഗ്ഷനില്‍ റോഡില്‍ കയറ്റം കുറച്ചുകൊണ്ടുള്ള നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. മഴക്കലമെത്തിയതോടെ ഇതുവഴിയുള്ള ഗതാഗതം ദുരിതമായി മാറി. മലയോര ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും തൊട്ടടുത്തുള്ള നഗര പ്രദേശങ്ങളിലേക്ക് അവരുടെ കാര്‍ഷിക വിളകളുമായി പോകുന്നതിനും മലയോര ഹൈവേ വലിയ സാധ്യതയുണ്ടാക്കും. തടസങ്ങള്‍ നീക്കി റോഡ് നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണം.

Related Articles
Next Story
Share it