ഓക്‌സിജന്‍ പ്ലാന്റ്; പ്രതിസന്ധി പരിഹരിക്കണം

കോവിഡ് വീണ്ടും ഓരോ സ്ഥലങ്ങളിലായി തല പൊക്കിക്കൊണ്ടിരിക്കയാണ്. പൊതുപരിപാടികളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലുമൊക്കെ നൂറുക്കണക്കിനാളുകള്‍ സംബന്ധിച്ചു തുടങ്ങി. മാസ്‌ക് ഉപയോഗവും ഭൂരിഭാഗം ആളുകളും ഒഴിവാക്കിക്കഴിഞ്ഞു. അതിനിടയിലാണ് കര്‍ണ്ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുന്നത്. കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കാസര്‍കോട്ട് നിന്നുള്ള നിരവധി രോഗികളെ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രികളില്‍ നിന്ന് കണ്ണൂരിലേക്കും മംഗളൂരുവിലേക്കും മാറ്റിയിരുന്നു. ഇത്തരമൊരു പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണ് കാസര്‍കോട്ട് […]

കോവിഡ് വീണ്ടും ഓരോ സ്ഥലങ്ങളിലായി തല പൊക്കിക്കൊണ്ടിരിക്കയാണ്. പൊതുപരിപാടികളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലുമൊക്കെ നൂറുക്കണക്കിനാളുകള്‍ സംബന്ധിച്ചു തുടങ്ങി. മാസ്‌ക് ഉപയോഗവും ഭൂരിഭാഗം ആളുകളും ഒഴിവാക്കിക്കഴിഞ്ഞു. അതിനിടയിലാണ് കര്‍ണ്ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുക്കൊണ്ടിരിക്കുന്നത്. കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കാസര്‍കോട്ട് നിന്നുള്ള നിരവധി രോഗികളെ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രികളില്‍ നിന്ന് കണ്ണൂരിലേക്കും മംഗളൂരുവിലേക്കും മാറ്റിയിരുന്നു. ഇത്തരമൊരു പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണ് കാസര്‍കോട്ട് ജില്ലയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. കാസര്‍കോട് ജില്ലാ പഞ്ചയത്തും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് അതിന് മുമ്പോട്ട് വരികയും ചെയ്തു. എന്നാല്‍ എന്നോ തുടങ്ങേണ്ട ഓക്‌സിജന്‍ ഉല്‍പാദനം നീണ്ടുനീണ്ട് പോവുകയാണ്. ഓക്‌സിജന്‍ പ്ലാന്റില്‍ അവിചാരിതമായുണ്ടായ സാങ്കേതിക കാരണം മൂലമാണ് ഉല്‍പാദനം നീളുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസം രണ്ട് കഴിഞ്ഞു. എന്നിട്ടും പ്ലാന്റ് അടഞ്ഞു കിടക്കുകയാണ്. ഏപ്രില്‍ ഒന്നിന് വ്യവസായ മന്ത്രി പി.രാജീവാണ് ചട്ടഞ്ചാല്‍ കുന്നാറയിലെ വ്യവസായ പാര്‍ക്കില്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ മേല്‍ നോട്ടത്തിലുള്ള ആദ്യ സംരംഭമാണിത്. വൈദ്യുതി കണക്ഷനാണ് ഒടുവില്‍ വില്ലനായത്. ഉദ്ഘാടന വേളയില്‍ പ്ലാന്റില്‍ വൈദ്യുതി എത്തിയിരുന്നില്ല. ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് മന്ത്രി ഉദ്ഘാടനത്തിന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. 15 ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ആഴ്ചകള്‍ക്ക് ശേഷം പ്ലാന്റിലേക്ക് പ്രത്യേകമായി എച്ച്.ടി ലൈന്‍ വലിച്ച് 120 കിലോ വാട്ടിന്റെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചെങ്കിലും കണക്ഷന്‍ കിട്ടാന്‍ വൈദ്യുതി ഇന്‍സ്‌പെക്‌ടേര്‍സ് വിഭാഗത്തിന്റെ നിബന്ധന തടസമായി. പ്ലാന്റില്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചീനീയറുടെ സേവനം വേണമെന്നായിരുന്നു വ്യവസ്ഥ.
പ്ലാന്റിന്റെ നടത്തിപ്പിന് മറ്റ് ജീവനക്കാരെ നിയമിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നുവെങ്കിലും ഇത്തരമൊരു തസ്തികയുടെ ആവശ്യകതയെപ്പറ്റി അറിവുണ്ടായിരുന്നില്ല. ഇതില്‍ തീരുമാനമെടുക്കാന്‍ സമയമെടുത്തു. സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നത് തന്നെയായിരുന്നു പ്രശ്‌നം. എച്ച്.ടി.എല്‍ വിഭാഗത്തിലുള്ള കണക്ഷന്‍ ആയതിനാല്‍ പ്ലാന്റ് കൈകാര്യം ചെയ്യാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ നിയമനം നടന്നതായുള്ള രേഖ ലഭ്യമാക്കണമെന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഉറച്ചു നിന്നു. പ്ലാന്റിന്റെ നിര്‍മ്മാണ ഏജന്‍സിയായിരുന്ന ജില്ലാ നിര്‍മ്മിതി കേന്ദ്രവുമായി ഇതിന് കൈകോര്‍ത്തിരിക്കയാണ് ജില്ലാപഞ്ചായത്തിപ്പോള്‍. നിര്‍മ്മിതി കേന്ദ്ര അടുത്തിടെ രണ്ട് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ നിയമിച്ചിരുന്നു. ഇതില്‍ ഒരു ഉദ്യോഗസ്ഥന്റെ സേവനം ഓക്‌സിജന്‍ പ്ലാന്റിന് കൂടി പ്രയോജനപ്പെടുത്താം. ഇതിനായി കരാര്‍ ഒപ്പിട്ടു.
ബന്ധപ്പെട്ട രേഖ വൈദ്യുതി വിഭാഗം ഇന്‍സ്‌പെക്ടറേറ്റില്‍ സമര്‍പ്പിക്കുന്നതോടെ അടുത്ത ആഴ്ചയോടെ കണക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. ആസ്പത്രി ആവശ്യങ്ങള്‍ക്ക് പുറമെ ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ എത്തിച്ചു നല്‍കും. ഇപ്പോള്‍ മംഗളൂരുവില്‍ നിന്നും കണ്ണൂരില്‍ നിന്നുമാണ് ഓക്‌സിജന്‍ എത്തിക്കുന്നത്. കോവിഡ് തിരിച്ചു വന്നാല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് കാസര്‍കോട് ജില്ലക്കാരാണ്. കിടത്തി ചികിത്സിക്കാനുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയും നമുക്കില്ല. ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇനിയും വൈകരുത്. ഇതു സംബന്ധിച്ച പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനാവണം.

Related Articles
Next Story
Share it