കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതി

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഓരോ നീക്കങ്ങളും കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. അടക്കക്കും റബ്ബറിനും ഒരു വിധം നല്ല വില കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെയെല്ലാം തകര്‍ത്തു കൊണ്ട് ഇറക്കുമതിക്ക് വാതില്‍ തുറന്നിട്ടിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. അടക്കക്ക് 500 രൂപയോളം വില ലഭിച്ചുക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനപ്പുറം നല്ല വിലയാണ് അടക്കക്ക് ലഭിച്ചത്. വിദേശത്തു നിന്ന് അടക്ക ഇറക്കുമതി തുടങ്ങിയതോടെ അടക്കാ വില കുത്തനെ ഇടിഞ്ഞ് 300 രൂപയിലേക്ക് കൂപ്പുകുത്തി. വില കുറഞ്ഞുവെന്ന് മത്രമല്ല, വ്യാപാരികളോ, ക്യാംപ്‌കോയോ അടക്ക എടുക്കാത്ത സ്ഥിതിയിലുമെത്തി. […]

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഓരോ നീക്കങ്ങളും കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. അടക്കക്കും റബ്ബറിനും ഒരു വിധം നല്ല വില കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെയെല്ലാം തകര്‍ത്തു കൊണ്ട് ഇറക്കുമതിക്ക് വാതില്‍ തുറന്നിട്ടിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. അടക്കക്ക് 500 രൂപയോളം വില ലഭിച്ചുക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനപ്പുറം നല്ല വിലയാണ് അടക്കക്ക് ലഭിച്ചത്. വിദേശത്തു നിന്ന് അടക്ക ഇറക്കുമതി തുടങ്ങിയതോടെ അടക്കാ വില കുത്തനെ ഇടിഞ്ഞ് 300 രൂപയിലേക്ക് കൂപ്പുകുത്തി. വില കുറഞ്ഞുവെന്ന് മത്രമല്ല, വ്യാപാരികളോ, ക്യാംപ്‌കോയോ അടക്ക എടുക്കാത്ത സ്ഥിതിയിലുമെത്തി. ക്യാംപ്‌കോയും വ്യാപാരികളും 500 രൂപ വില കൊടുത്ത് വാങ്ങിച്ചു വെച്ച അടക്ക കെട്ടിക്കിടക്കുകയാണത്രെ. വിദേശത്തു നിന്ന് ചുരുങ്ങിയ വിലക്ക് അടക്ക ലഭിക്കുമ്പോള്‍ 500 രൂപ വില കൊടുത്ത് വാങ്ങിക്കാന്‍ വന്‍കിട കമ്പനികള്‍ തയ്യാറല്ല. സീസണ്‍ അവസാനിക്കാറായപ്പോഴാണ് ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടിയതെന്നതിനാല്‍ കര്‍ഷകരില്‍ ഭൂരിഭാഗവും അടക്ക വിറ്റു കഴിഞ്ഞുവെന്നത് മാത്രമാണ് നേരിയൊരു ആശ്വാസം. റബ്ബറിന്റെ കാര്യവും അതിലേറെ കഷ്ടമാണ്. റബ്ബറിന് ഇത്തവണ 150 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചിരുന്നു. റബ്ബര്‍ ഷീറ്റിനും ലാറ്റക്‌സിനും ഏതാണ്ട് ഇതേ വില ലഭിച്ചിരുന്നു. അതിനിടയിലാണ് ഏതാനും ദിവസം മുമ്പ് ലാറ്റക്‌സ് ഇറക്കുമതിക്ക് അനുമതി നല്‍കിയത്. ലാറ്റക്‌സ് അധിഷ്ഠിത വ്യവസായ മേഖലയിലുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണത്രെ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. ഇതോടെ 170 രൂപയോളമുണ്ടായിരുന്ന ലാറ്റക്‌സിന്റെ വില 120 രൂപയിലേക്കെത്തി. തറ വില വര്‍ധിപ്പിച്ച് 250 രൂപയാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിനിടെയാണ് ഇറക്കുമതിയുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. 170 രൂപയാണ് ഇപ്പോള്‍ റബ്ബറിന്റെ താങ്ങുവില. അധ്വാനവും കൂലിയുമൊക്കെ കണക്കിലെടുത്താല്‍ ഇപ്പോള്‍ ലഭിക്കുന്ന വില തന്നെ അപര്യാപ്തമാണ്. ഉല്‍പാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 250 രൂപ താങ്ങുവില ലഭിച്ചാല്‍ മാത്രമേ കര്‍ഷകന് നഷ്ടം വരാത്ത സ്ഥിതിയുണ്ടാവൂ. ലാറ്റക്‌സ് പ്രധാനമായും ഉപയോഗിക്കുന്നത് ഉത്തരേന്ത്യയിലാണ്. ഇതിന്റെ വില കുറക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. നിലവില്‍ പാല്‍ നല്‍കുന്ന കര്‍ഷകന് 160 രൂപയോളം ലഭിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഇറക്കുമതി നയം കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നത്. റബ്ബറിന് കഴിഞ്ഞ വര്‍ഷവും സബ്‌സിഡി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അത് കര്‍ഷകന് ലഭിച്ചിട്ടില്ല. ഈ വര്‍ഷത്തെ സബ്‌സിഡിയും ലഭിക്കാനുണ്ട്. തേങ്ങയുടെ കാര്യമാണ് ഇതിലും കഷ്ടം. ഇപ്പോള്‍ പച്ചതേങ്ങയുടെ വില കിലോയ്ക്ക് 25 രൂപയില്‍ താഴെയാണ്. 45 രൂപ വരെ വില ഉണ്ടായിരുന്ന തേങ്ങയ്ക്കാണ് ഇപ്പോള്‍ ഈ വില. 32 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില. എന്നാല്‍ തേങ്ങ സംഭരണം ഉത്തരവില്‍ മാത്രമൊതുങ്ങുകയായിരുന്നു. പേരിന് ഒന്നോ രണ്ടോ കേന്ദ്രങ്ങള്‍ മാത്രമാണ് ആരംഭിച്ചത്. സംഭരണം തുടങ്ങുന്നതിനായി മാര്‍ക്കറ്റ് ഫെഡുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്. തേങ്ങ സീസണ്‍ ഏതാണ്ട് കഴിയാറായി. കര്‍ഷകര്‍ തേങ്ങയത്രയും കെടുവിലക്ക് കൊടുക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. കേരഫെഡിന് നേരിട്ട് തേങ്ങ സംഭരിക്കാന്‍ നാഫെഡ് അനുമതി നല്‍കാത്തതിനാല്‍ ഇതിന് കീഴിലുള്ള സംഘങ്ങളെ മാര്‍ക്കറ്റ് ഫെഡിന് കീഴിലേക്ക് മാറ്റി തേങ്ങ സംഭരണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും താമസം വരുന്നതിനാല്‍ അതും നടപ്പായില്ല. കൃഷിഭവനില്‍ നിന്നുള്ള സാക്ഷ്യപത്രം, നികുതി രശീതി, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയുമായി സംഘത്തിലെത്തി പേരു രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് മാത്രമേ ടോക്കണ്‍ അടിസ്ഥാനത്തില്‍ തേങ്ങ വില്‍ക്കാനാവൂ. ഈ കടമ്പകളൊക്കെ കടക്കാമെന്ന് വെച്ചാല്‍ തന്നെ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങണ്ടെ? കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന ഈ തട്ടിപ്പുകള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ്.

Related Articles
Next Story
Share it