കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തണം

കഴിഞ്ഞ ദിവസം മുണ്ട്യത്തടുക്ക പള്ളം ഗുണാജെയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ബസില്‍ 16 കുട്ടികള്‍ ഉണ്ടായിരുന്നു. സൂരംബയല്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടോ മൂന്നോ കുട്ടികള്‍ക്കാണ് ഗുരുതരമായ പരിക്കുള്ളത്. ബസിന് നിയന്ത്രണം വിട്ടത് എങ്ങിനെയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. പിഞ്ചുകുട്ടികളെയും കയറ്റിക്കൊണ്ടു പോകുന്ന ബസുകള്‍ സുരക്ഷിതമെന്ന് ഉറപ്പുവരുത്താന്‍ മാനേജുമെന്റുകള്‍ തയ്യാറാവണം. യോഗ്യതയില്ലാത്ത ഡ്രൈവര്‍മാരെ ബസുകളില്‍ ജോലിക്ക് ഏര്‍പ്പെടുത്തന്നത് തടയാനും ആര്‍.ടി.ഒമാര്‍ […]

കഴിഞ്ഞ ദിവസം മുണ്ട്യത്തടുക്ക പള്ളം ഗുണാജെയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ബസില്‍ 16 കുട്ടികള്‍ ഉണ്ടായിരുന്നു. സൂരംബയല്‍ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടോ മൂന്നോ കുട്ടികള്‍ക്കാണ് ഗുരുതരമായ പരിക്കുള്ളത്. ബസിന് നിയന്ത്രണം വിട്ടത് എങ്ങിനെയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. പിഞ്ചുകുട്ടികളെയും കയറ്റിക്കൊണ്ടു പോകുന്ന ബസുകള്‍ സുരക്ഷിതമെന്ന് ഉറപ്പുവരുത്താന്‍ മാനേജുമെന്റുകള്‍ തയ്യാറാവണം. യോഗ്യതയില്ലാത്ത ഡ്രൈവര്‍മാരെ ബസുകളില്‍ ജോലിക്ക് ഏര്‍പ്പെടുത്തന്നത് തടയാനും ആര്‍.ടി.ഒമാര്‍ മുമ്പോട്ട് വരണം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് സ്‌കൂള്‍ ബസ് പരിശോധനക്കിടയില്‍ ലൈസന്‍സ് പോലുമില്ലാത്ത ഒരാളാണ് വണ്ടിയോടിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പരിശോധനയ്ക്ക് മേല്‍ നോട്ടം വഹിച്ചിരുന്ന അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തന്നെ ഡ്രൈവിങ്ങ് സീറ്റില്‍ കയറി എല്ലാ കുട്ടികളെയും അവരവരുടെ വീടുകളില്‍ എത്തിക്കുകയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലെ സ്‌കൂള്‍ വാഹനങ്ങളിലും യോഗ്യത ഇല്ലാത്ത ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നതായി പരാതി ഉയരുന്നുണ്ട്. തൊഴിലാളികളുടെ യോഗ്യത ഉറപ്പു വരുത്താന്‍ വിദ്യാലയ മാനേജ്‌മെന്റുകള്‍ തയ്യാറാവണം. പിഞ്ചുക്കുഞ്ഞുങ്ങളുടെ ജീവനാണ് അപകടത്തില്‍പെടുന്നതെന്ന ധാരണ മാനേജ്‌മെന്റുകള്‍ക്കുണ്ടാവണം. ചില സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വലിയ തുകയാണ് മാസാമാസം ഈടാക്കുന്നത്. അതില്‍ നിന്ന് ചെറിയൊരു വിഹിതം നല്‍കിയാല്‍ മതി യോഗ്യതയുള്ള ഡ്രൈവറെ നിയമിക്കാന്‍. കുട്ടികളോട് അപമര്യാദയായി പെരുമാറുന്ന ഡ്രൈവര്‍മാരുമുണ്ട്. ബസ് ജീവനക്കാര്‍ യോഗ്യതയുള്ളവരാണോ എന്ന് മാനേജ്‌മെന്റുകള്‍ പരിശോധിക്കുന്നതിനൊപ്പം മോട്ടോര്‍ വാഹന വകുപ്പും ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ എത്തുന്നതു വരെയും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര സുരക്ഷിതമാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങളും പദ്ധതികളും നടപ്പാക്കാനുള്ള ഉത്തരവാദിത്വം മാനേജ്‌മെന്റുകള്‍ക്കുണ്ട്. മാറിയ കാലത്തിലൂടെയാണ് അവരുടെ യാത്ര. രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം കിലോമീറ്ററുകള്‍ നടന്നായിരുന്നു കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നത്. ഇന്നത് മാറി. ചുരുക്കം സ്‌കൂളുകള്‍ക്ക് മാത്രമേ സ്വന്തമായി ബസില്ലാതെയുള്ളൂ. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസുകളിലാണ് യാത്ര ചെയ്യുന്നത്. ഈ കുട്ടികളുടെ വാഹന യാത്രകള്‍ സുരക്ഷിതമാണോ എന്ന് നാം അന്വേഷിക്കണം. പലപ്പോഴും നാം കേള്‍ക്കുന്ന വാര്‍ത്തകളില്‍ അപകടകരമായ സ്‌കൂള്‍ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. അതൊന്നും ഇനിയും ആവര്‍ത്തിക്കരുത്. നിരത്തുകളില്‍ ഇനിയും കുരുന്ന് ജീവനുകള്‍ പൊലിയരുത്. വാഹനങ്ങളുടെ കാലപ്പഴക്കമാണ് പരിശോധിക്കേണ്ട ഒന്ന്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കട്ടപ്പുറത്ത് കയറ്റിവെച്ച ബസുകളാണ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. ഇതൊക്കെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ കുട്ടികളെ കൊണ്ടു പോകാന്‍ ഉപയോഗിക്കാവൂ. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം.

Related Articles
Next Story
Share it