ഈയിടെ ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് ഒരു കുട്ടി മരണപ്പെടാനുണ്ടായ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അതിന് ശേഷം ഹോട്ടലുകളില്‍ വ്യാപകമായ പരിശോധന നടത്തുകയും പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതോടെ ഹോട്ടലുകള്‍ പഴയ നിലയിലേക്ക് തന്നെ മാറുമെന്നതില്‍ സംശയമില്ല. ഭക്ഷണ സാധനങ്ങള്‍ കുറേ ദിവസങ്ങളോളം ഫ്രീസറില്‍ വെച്ചതിന് ശേഷം ചൂടാക്കി വിളമ്പുന്നുണ്ട്. ഇതിനേക്കാള്‍ ദോഷം ചെയ്യുന്ന മറ്റൊന്നുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യഎണ്ണയാക്കി തിരിച്ചെത്തുന്നുണ്ടെന്നത് വലിയ ദോഷമുണ്ടാക്കുന്നതാണ്. ഹോട്ടലുകളില്‍ നിന്ന് ഉപയോഗിച്ച ഭക്ഷ്യ എണ്ണ വാങ്ങുന്ന ഏജന്‍സികള്‍ ഉണ്ട്. ചുരുങ്ങിയ വിലയ്ക്കാണ് ഇവ വാങ്ങിച്ചു കൊണ്ടു പോകുന്നത്. എന്നാല്‍ ടിന്നുകളിലോ കുപ്പികളിലോ ആക്കി ഇത് വീണ്ടും മാര്‍ക്കറ്റില്‍ എത്തുന്നുണ്ടത്രെ. ഇതേ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളില്‍ ഇതു സംബന്ധിച്ച് പരിശോധന നടത്തുന്നുണ്ട്. ഉപയോഗിച്ച എണ്ണ കൊണ്ട് ജൈവ ഡീസല്‍ ഉണ്ടാക്കാം. ഈ പേരുകളിലാണ് ഹോട്ടലുകളില്‍ നിന്ന് ഇവ വാങ്ങുന്നത്. എന്നാല്‍ ഇത് വീണ്ടും ഭക്ഷ്യ എണ്ണയായിത്തരുന്നുണ്ടെന്നാണ് പരിശാധനയില്‍ വ്യക്തമാവുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലുമാണ് എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നത്. കുറേ തവണ ഉപയോഗിച്ച എണ്ണ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. എണ്ണ ചൂടായി പുകയുമ്പോള്‍ പല രാസമാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. ചൂടാക്കുംതോറും കൊഴുപ്പ് പോലുള്ളവ വിഘടിക്കപ്പെടും. ഏത് താപനിലയിലാണ് എണ്ണ പുകയുന്നത് അതാണ് സ്മോക്ക് പോയിന്റ്. ആ ചൂട് കടക്കുമ്പോഴാണ് അപകടം. പിന്നെ ഗുണം കുറയും. ദോഷം കൂടുകയും ചെയ്യും. ഭക്ഷണത്തിലെ കൊഴുപ്പ്, മാംസ്യം, അന്നജം എന്നിവയിലെ ഘടകങ്ങളും എണ്ണയുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. വീണ്ടും ചൂടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഹാനികരമായ വസ്തുക്കള്‍ കൂടും. ഭക്ഷണത്തിലൂടെ അത് അടുത്തെത്തുകയും ഏറെ ദോഷം ഉണ്ടാക്കുകയും ചെയ്യും. എണ്ണ ഒന്നിലധികം ചൂടാക്കുമ്പോള്‍ രൂപപെടുന്ന രാസഘടകങ്ങളാണ് രോഗങ്ങള്‍ക്ക് വഴി വെക്കുന്നത്. കാന്‍സര്‍, അമിത ബി.പി, കൊളസ്ട്രോള്‍ എന്നിവയ്ക്ക് ഇത് കാരണമാവും. അസിഡിറ്റി, നെഞ്ചരിച്ചില്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാവാം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കണമെങ്കില്‍ ആദ്യം എണ്ണ നന്നായി തണുപ്പിച്ച ശേഷം അത് വായു കടക്കാത്ത കുപ്പിയില്‍ ഒഴിച്ചുവെക്കണം. മുമ്പ് ഉണ്ടാക്കിയ ഭക്ഷണത്തിന്റെ അവശിഷ്ടം ഒരിക്കലും കലരരുത്. ഉപയോഗിക്കുന്നതിന് മുമ്പ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. കറുപ്പ് ചേര്‍ന്ന നിറമാവുകയോ ചൂടാക്കുമ്പോള്‍ പുക വരികയോ ചെയ്താല്‍ ഉപയോഗിക്കരുത്. പല ഹോട്ടലുകളിലും മൂന്നും നാലും തവണ ഉപയോഗിച്ചതിനു ശേഷമാണ് പുറന്തള്ളുന്നത്. അതിന് ശേഷമാണ് ഇവ വീണ്ടും പാചക എണ്ണയായി വരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇതൊക്കെ കണ്ടെത്തി നടപടിയെടുക്കേണ്ടത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്ക് നേരെ ഭക്ഷ്യവകുപ്പ് കര്‍ശന നടപടിയെടുത്തു തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസം നല്കുന്ന കാര്യം തന്നെ. ഭക്ഷ്യ എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗവും കണ്ടെത്താന്‍ നടപടി വേണം.