കുട്ടികളുടെ ആത്മഹത്യ

കോവിഡ് മൂലം കുട്ടികള്‍ വീട്ടില്‍ അടച്ചിരിപ്പ് തുടങ്ങിയിട്ട് മാസങ്ങള്‍ നാല് കഴിഞ്ഞു. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വീടിന് പുറത്ത് ഇറങ്ങാനേ അനുവാദമില്ല. ഈ കാലയളവില്‍ കൗമാരം കടക്കാത്ത 66 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്. ജീവിതമെന്തെന്ന് അറിയുന്നതിന് മുമ്പേ മരണം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്കാവുന്നില്ല. വിദ്യാലയങ്ങള്‍ അടച്ചു പൂട്ടിയതിനെത്തുടര്‍ന്ന് അവര്‍ക്ക് പഠനവും നഷ്ടമായിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം പേരിന് മാത്രം മുന്നോട്ട് പോകുന്നുണ്ടെങ്കിലും അതു കൊണ്ടൊന്നും അവര്‍ തൃപ്തരല്ല. വിദ്യാലയങ്ങള്‍ അടച്ചത് കാരണം […]

കോവിഡ് മൂലം കുട്ടികള്‍ വീട്ടില്‍ അടച്ചിരിപ്പ് തുടങ്ങിയിട്ട് മാസങ്ങള്‍ നാല് കഴിഞ്ഞു. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വീടിന് പുറത്ത് ഇറങ്ങാനേ അനുവാദമില്ല. ഈ കാലയളവില്‍ കൗമാരം കടക്കാത്ത 66 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍ പറയുന്നത്. ജീവിതമെന്തെന്ന് അറിയുന്നതിന് മുമ്പേ മരണം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്കാവുന്നില്ല. വിദ്യാലയങ്ങള്‍ അടച്ചു പൂട്ടിയതിനെത്തുടര്‍ന്ന് അവര്‍ക്ക് പഠനവും നഷ്ടമായിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം പേരിന് മാത്രം മുന്നോട്ട് പോകുന്നുണ്ടെങ്കിലും അതു കൊണ്ടൊന്നും അവര്‍ തൃപ്തരല്ല. വിദ്യാലയങ്ങള്‍ അടച്ചത് കാരണം സഹപാഠികളെയും അധ്യാപകരെയും കാണാനും മിണ്ടാനും കഴിയാത്ത അവസ്ഥ കുട്ടികളില്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നീണ്ട അവധിക്കാലം നല്‍കുന്ന മടുപ്പും ഏകാന്തതയും അവരെ വല്ലാതെ അലട്ടുന്നുണ്ടെന്നതിന് തെളിവാണ് ഇത്രയും ആത്മഹത്യകള്‍. മലപ്പുറം ഇരുമ്പിളിയത്ത് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയതിന്റെ വാര്‍ത്തയോടെയാണ് സ്‌കൂള്‍ വര്‍ഷം തുടങ്ങിയത് തന്നെ. ടി.വി പ്രവര്‍ത്തിക്കാതിരുന്നതിനാലും സ്മാര്‍ട്ട്‌ഫോണിന്റെ റീചാര്‍ജ് കാലാവധി അവസാനിച്ചതിനാലും ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയതിന്റെ സങ്കടമായിരുന്നു കുട്ടിയെ ആത്മഹത്യയിലെത്തിച്ചത്. ഈ കുട്ടിയെപ്പോലെ മരണവഴി തിരഞ്ഞെടുത്തു 65 പേര്‍ക്കും ഇത്തരത്തില്‍ ഓരോ കാരണങ്ങളുണ്ടായിരുന്നു. മിക്കവയും പരിഹരിക്കപ്പെടാവുന്നവയും. അത് സമയത്ത് കണ്ടറിഞ്ഞ് പോംവഴിയുണ്ടാക്കാന്‍ കുട്ടികള്‍ക്ക് താങ്ങാവാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ പോയി. ശാരീരികാരോഗ്യത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ കുട്ടികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കപ്പെടാതെ പോവുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാതാപിതാക്കളോട് പങ്കിടാനാവാത്ത അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും കൂട്ടുകാരോടോ അധ്യാപകരോടോ മറ്റാരോടെങ്കിലുമോ പറയാനാവാതെ കുട്ടികളുടെ മാനസികാവസ്ഥ വലിയൊരളവില്‍ മനസ്സിലാക്കാതെ പോവുന്നു. കോവിഡ് കാലത്തെ അടച്ചിടല്‍ അവരെ വലിയ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നതില്‍ സംശയമില്ല. നിസ്സാരകാര്യം മതി അവരുടെ സംഘര്‍ഷം കൂടാനും ജീവിതം വലിച്ചെറിയണമെന്ന് തോന്നാനും. കുട്ടികള്‍ക്ക് വേണ്ടത് പ്രത്യേക കരുതലാണ്. അവരെ അറിഞ്ഞുള്ള ഇടപെടലാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പേരിന് മാത്രമാണ് നടക്കുന്നത്. ക്ലാസുകളില്‍ കിട്ടുന്ന നിരീക്ഷണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ കിട്ടില്ല. മാനസിക സംഘര്‍ഷം ഉണ്ടെങ്കില്‍ തന്നെ ഇത് വിദ്യാലയങ്ങളിലെത്തി കൂട്ടുകാരുമായി കൂടിച്ചേരുമ്പോള്‍ ഇല്ലാതാവും. അതാണിപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്. വീട്ടിലെ അന്തരീക്ഷവും കുട്ടികളെ വല്ലാതെ വലക്കുന്നുണ്ട്. മാതാപിതാക്കളുടെ ശകാരം, കുടുംബപ്രശ്‌നങ്ങള്‍, പരീക്ഷക്ക് പഠിക്കാത്തതിനുള്ള വഴക്ക് പറച്ചില്‍, മൊബൈലിന്റെ കൂടുതലായുള്ള ഉപയോഗം തുടങ്ങിയവയൊക്കെ കുട്ടികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. ആത്മഹത്യ ചെയ്ത 66 പേരില്‍ 14 പേരെയും മാനസികസമ്മര്‍ദ്ദത്തിലാക്കിയത് വീട്ടിലെ വഴക്കും കുടുംബ പ്രശ്‌നവുമാണത്രെ. സംസ്ഥാനത്ത് പതിനായിരത്തോളം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. ഇല്ലെങ്കില്‍ ആത്മഹത്യാ നിരക്ക് ഇതിലും കൂടുമായിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് മലപ്പുറത്താണ്. തൊട്ടുപിന്നില്‍ തിരുവനന്തപുരം റൂറല്‍ പ്രദേശമുണ്ട്. ഇവിടെ എട്ട് പേര്‍ ആത്മഹത്യ ചെയ്തു. കാസര്‍കോട് ജില്ലയില്‍ ആറു പേരാണ് ജീവിതം അവസാനിപ്പിച്ചത്. നമ്മുടെ കുട്ടികള്‍ ഇത്ര വലിയ മാനസിക സംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും പോകുന്നതിന്റെ കാരണങ്ങള്‍ കണ്ടു പിടിക്കുകയും അത്തരക്കാര്‍ക്ക് സ്‌കൂളില്‍ തന്നെ കൗണ്‍സിലിംഗ് നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും കഴിയണം.

Related Articles
Next Story
Share it