വില പിടിച്ചു നിര്‍ത്താന്‍ അടിയന്തിര നടപടി വേണം

പച്ചക്കറികളുടെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നുക്കൊണ്ടിരിക്കയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവുണ്ടായിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവുന്നില്ല. അവശ്യസാധനങ്ങള്‍ക്കൊപ്പം പച്ചക്കറിവിലയും കഴിഞ്ഞ രണ്ടഴ്ച്ചയായി ഉയരങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കയാണ്. കുതിച്ചുയരുന്ന വില കണ്ട് സാധാരണക്കാര്‍ പകച്ചു നില്‍കുമ്പോഴും വില നിയന്ത്രണത്തിന് ഒരു നടപടിയും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിത്തുടങ്ങിയിട്ട് ഏറെനാളായി. കോവിഡില്‍ നിന്ന് പതുക്കെ കരകയറിയെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവാതെ വിഷമഘട്ടത്തിലാണ് പലരും. രണ്ട് വര്‍ഷത്തോളം വീടുകള്‍ക്കുള്ളില്‍ അടച്ചു പൂട്ടിയിരുന്നപ്പോള്‍ പലരുടെയും ജീവിത മാര്‍ഗം […]

പച്ചക്കറികളുടെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നുക്കൊണ്ടിരിക്കയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവുണ്ടായിട്ടും വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവുന്നില്ല. അവശ്യസാധനങ്ങള്‍ക്കൊപ്പം പച്ചക്കറിവിലയും കഴിഞ്ഞ രണ്ടഴ്ച്ചയായി ഉയരങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കയാണ്. കുതിച്ചുയരുന്ന വില കണ്ട് സാധാരണക്കാര്‍ പകച്ചു നില്‍കുമ്പോഴും വില നിയന്ത്രണത്തിന് ഒരു നടപടിയും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിത്തുടങ്ങിയിട്ട് ഏറെനാളായി. കോവിഡില്‍ നിന്ന് പതുക്കെ കരകയറിയെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവാതെ വിഷമഘട്ടത്തിലാണ് പലരും. രണ്ട് വര്‍ഷത്തോളം വീടുകള്‍ക്കുള്ളില്‍ അടച്ചു പൂട്ടിയിരുന്നപ്പോള്‍ പലരുടെയും ജീവിത മാര്‍ഗം തന്നെ വഴിയടഞ്ഞു. അതുവരെ ചെയ്തു കൊണ്ടിരുന്ന തൊഴില്‍ നഷ്ടപ്പെട്ടതോടെ മറ്റ് വഴികള്‍ തേടി അലയുന്നതിനിടയിലാണ് അവശ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വില അവര്‍ക്ക് താങ്ങാനാവാത്ത നിലയിലേക്ക് എത്തിയത്. 20 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില നൂറ് കവിഞ്ഞിരിക്കയാണ്. മറ്റ് സാധാരണ പച്ചക്കറികള്‍ക്കും വില കുത്തനെയാണ് ഉയര്‍ന്നത്. ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് രണ്ട് മാസത്തോളമായി വില ക്രമേണ ഉയര്‍ന്നു കൊണ്ടിരിക്കയാണ്. പ്രതീക്ഷിക്കാതെ എത്തിയ മഴയാണ് നിലവിലെ വില വര്‍ധനയ്ക്ക് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട് ജില്ലയിലേക്കാവശ്യമായ പച്ചക്കറി കൂടുതലും മംഗളൂരുവില്‍ നിന്നാണ് എത്തുന്നത്. ചരക്ക് വാഹനങ്ങളില്‍ മൊത്തക്കച്ചവടക്കാര്‍ കാസര്‍കോട്ട് എത്തിച്ചു നല്‍കും. ചില പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചു വരുന്നതല്ല, വേണ്ടത്ര സാധനങ്ങള്‍ കിട്ടാനുമില്ല. തക്കാളി, ബീന്‍സ്, മല്ലിയില, കറിവേപ്പില എന്നിവയ്ക്കാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ വലിയ വില വര്‍ധനവ് ഉണ്ടായത്. 40 രൂപ ഉണ്ടായിരുന്ന ബീന്‍സിന് 100 രൂപയായി. മല്ലിയിലയ്ക്കും കറിവേപ്പിലയ്ക്കും 60 രൂപയുണ്ടായിരുന്നത് 120 രൂപയായി. കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കായ പോലുള്ളവയ്ക്ക് മാത്രമാണ് വലിയ വില വര്‍ധനവ് ഉണ്ടാവാത്തത്. നീളന്‍ പയറിന് 46ല്‍ നിന്ന് 40 രൂപയായി. ഉരുളക്കിഴങ്ങ്, വെണ്ട, വഴുതന, കോവയ്ക്ക, കക്കിരി, ബീട്ട്രൂട്ട് തുടങ്ങിയവയ്‌ക്കൊക്കെ വലിയ രീതിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. അതേസമയം 200 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയുടെ വില 100 ആയി കുറഞ്ഞിട്ടുണ്ട്. 40 രൂപയുണ്ടായിരുന്ന സവാളയുടെ വില 25 ആയി കുറഞ്ഞിട്ടുണ്ടെന്നത് നേരിയ ആശ്വാസമുണ്ടാക്കുന്നു. മുരിങ്ങ സീസണായതിനാല്‍ 125 രൂപയില്‍ നിന്ന് 50 രൂപയിലെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിനു വേണ്ട പച്ചക്കറികളത്രയും എത്തുന്നത്. ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും. അവിടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് കര്‍ഷകര്‍ക്ക് കുറഞ്ഞ വില മാത്രമേ ലഭിക്കുന്നുള്ളൂ. വിലയുടെ മുക്കാല്‍ പങ്കും ഇടനിലക്കാരുടെ ലാഭമാണ്. അവിടെ നിന്ന് ഇവിടെ എത്തിക്കാനുള്ള വണ്ടിക്കൂലിയും വ്യാപാരികളുടെ ലാഭവും എല്ലാം കൂടി സാധാരണക്കാരന്റെ അടുത്ത് പച്ചക്കറി എത്തുമ്പോള്‍ പൊള്ളുന്ന വിലയാവും. ഇത്തവണ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതിയുമായി കര്‍ഷകരെ സമീപിക്കുന്നുണ്ട്. ഓരോ വീട്ടിലും പച്ചക്കറി എന്നത് യാഥാര്‍ത്ഥ്യമാക്കാനുള്ളതാണ് പദ്ധതി. ഓരോ വാര്‍ഡിലും അഞ്ചു പേരെ വീതം തിരഞ്ഞെടുത്ത് മറ്റുള്ളവരെ കൂടി കൃഷിയിലേക്ക് കൊണ്ടു വരുന്ന പദ്ധതിയാണിത്. പച്ചക്കറിയില്‍ നാം തന്നെ സ്വയം പര്യാപ്തതയിലേക്ക് എത്തിയാല്‍ വിഷം കയറ്റിയ പച്ചക്കറികള്‍ ഒഴിവാക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും കഴിയും.

Related Articles
Next Story
Share it