കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം ഈ വര്‍ഷം ജൂണില്‍ത്തന്നെ വിദ്യാലയങ്ങള്‍ തുറക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പഠനം ഭാഗീകമായിട്ടേ നടന്നിരുന്നുള്ളൂ. ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് സംവിധാനമൊരുക്കിയിരുന്നെങ്കിലും പലകാരണങ്ങളാലും എല്ലാ കുട്ടികള്‍ക്കും അതില്‍ ഭാഗഭാക്കാകാന്‍ സാധിച്ചിട്ടില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കോവിഡിന്റെ ഭീതിയില്ല. രണ്ട് വര്‍ഷം വീട്ടില്‍ ഒതുങ്ങിയതിന് ശേഷം കുട്ടികള്‍ സ്കൂള്‍ മുറ്റത്തെത്താന്‍ കാത്തിരിക്കുകയാണ്. പുത്തന്‍ പുസ്തകങ്ങളും യൂണിഫോമും ബാഗും കുടയുമായി അവര്‍ ജൂണ്‍ ആദ്യവാരം തന്നെ സ്കൂളിലെത്തും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി അധ്യാപകര്‍ വിരമിച്ചിട്ടുണ്ട്. അതേ സമയം വിരമിച്ചവരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. കാസര്‍കോട് ജില്ലയില്‍ മാത്രം എല്‍.പി, യു.പി , ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 591 ഒഴിവുകളുണ്ടത്രെ. എല്‍.പി, യു.പി വിഭാഗങ്ങളില്‍ 455 ഒഴിവുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 139 ഒഴിവുകളുമാണുള്ളത്. എല്‍.പി മലയാളം വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ് -223 പേര്. ഹൈസ്കൂള്‍ വിഭാഗത്തില്‍ മലയാളം വിഷയത്തില്‍ 28ഉം കണക്കില്‍ 27 ഒഴിവുകളുമുണ്ട്. ജില്ലയിലെ അധ്യാപകരുടെ മുഴുവന്‍ ഒഴിവുകളും ഡി.ഡി.ഇ ഓഫീസ് പി.എസ്.സിയെ അറിയിച്ചിട്ടുണ്ടെങ്കിലും അത് നടപടികളൊക്കെ പൂര്‍ത്തിയായി വരുമ്പോള്‍ ഏറെകാല താമസമെടുക്കും. നേരത്തേ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ നിയമനം നടത്താനാവും. അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂവും പരീക്ഷയുമൊക്കെ കഴിഞ്ഞ് പുതിയ ലിസ്റ്റ് വരുമ്പോള്‍ ഒന്നോ രണ്ടോ പരീക്ഷ കഴിയും. ഹൈസ്കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് വിഷയമൊഴിച്ച് മറ്റൊരു വിഷയത്തിലും പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഫിസിക്കല്‍ സയന്‍സില്‍ (മലയാളം) 21 ഒഴിവുകളാണുള്ളത്. റാങ്ക് പട്ടിക നിലവിലില്ലാത്ത സാഹചര്യത്തില്‍ സ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനുള്ള നടപടിയാണ് വേണ്ടത്. സ്കൂള്‍ തുറക്കാന്‍ ഒരാഴ്ച്ചയാണ് ബാക്കിയുള്ളത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപകരെ നിയമിക്കാനുള്ള നടപടി ആരംഭിക്കണം. ഇതിനുള്ള ഉത്തരവ് ഇതുവരെ സ്കൂളുകള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണറിയുന്നത്. ഉത്തരവ് വൈകിയാല്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കാനാവില്ല. താല്‍ക്കാലികക്കാരെ നിയമിക്കുന്നതിനും നടപടി ക്രമങ്ങള്‍ ഉണ്ട്. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ഇതൊക്കെ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എത്രയും പെട്ടെന്ന് ക്ലാസുകള്‍ ആരംഭിക്കാനാവൂ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പാഠപുസ്തകങ്ങളൊക്കെ നേരത്തേ എത്തിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മിക്കവാറും പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ തന്നെ പുസ്തകങ്ങള്‍ ലഭിക്കാനായാല്‍ പഠനം തടസമില്ലാതെ മുമ്പോട്ട് കൊണ്ടു പോകാനാവും. സ്വകാര്യ വിദ്യാലയങ്ങളിലും പൊതുവിദ്യാലയങ്ങളിലും കുട്ടികളുടെ അഡ്മിഷന് ആരംഭിച്ചു കഴിഞ്ഞു. ചില സ്വകാര്യ വിദ്യാലയങ്ങളില്‍ ഒരു മാനദണ്ഡവുമില്ലാതെ അമിതമായ ഡോണേഷനും ഫീസും വാങ്ങുന്നതായി പരാതിയുണ്ട്. ഇതിനൊക്കെ ഒരു പൊതു മാനദണ്ഡം ഉണ്ടാവണം. അധ്യാപക നിയമനത്തിനുള്ള നടപടി എത്രയും പെട്ടെന്ന് തുടങ്ങണം.