ഉഡുപ്പി-കരിന്തളം ലൈന്‍; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം

കേരളത്തിന്റെ പ്രത്യേകിച്ച് വടക്കേ മലബാറിന്റെ വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിന് ഉഡുപ്പിയില്‍ നിന്ന് കരിന്തളം വരെ നീളുന്ന 400 കെ.വി വൈദ്യുതി ലൈനിന്റെ പണി പുരോഗമിച്ചു വരികയാണ്. ആദ്യം ചീമേനിയില്‍ സ്ഥാപിക്കാനിരുന്ന 400 കെ.വി സബ്‌സ്റ്റേഷന്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കരിന്തളത്തെ കയനിയിലേക്ക് മാറ്റുകയായിരുന്നു. വിവാദമായ കെ-റെയില്‍ പദ്ധതി പോലെ 400 കെ.വി ലൈന്‍ വലിക്കുന്നതും ടവര്‍ സ്ഥാപിക്കുന്നതും വലിയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ലൈന്‍ പോകുന്ന വഴിയിലുള്ള കര്‍ഷകരുടെ വീട്ടുവളപ്പില്‍ ഒരു സുപ്രഭാതത്തില്‍ അവര്‍ കാണുന്നത് ചുവപ്പും മഞ്ഞയിലുമുള്ള […]

കേരളത്തിന്റെ പ്രത്യേകിച്ച് വടക്കേ മലബാറിന്റെ വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിന് ഉഡുപ്പിയില്‍ നിന്ന് കരിന്തളം വരെ നീളുന്ന 400 കെ.വി വൈദ്യുതി ലൈനിന്റെ പണി പുരോഗമിച്ചു വരികയാണ്. ആദ്യം ചീമേനിയില്‍ സ്ഥാപിക്കാനിരുന്ന 400 കെ.വി സബ്‌സ്റ്റേഷന്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കരിന്തളത്തെ കയനിയിലേക്ക് മാറ്റുകയായിരുന്നു. വിവാദമായ കെ-റെയില്‍ പദ്ധതി പോലെ 400 കെ.വി ലൈന്‍ വലിക്കുന്നതും ടവര്‍ സ്ഥാപിക്കുന്നതും വലിയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ലൈന്‍ പോകുന്ന വഴിയിലുള്ള കര്‍ഷകരുടെ വീട്ടുവളപ്പില്‍ ഒരു സുപ്രഭാതത്തില്‍ അവര്‍ കാണുന്നത് ചുവപ്പും മഞ്ഞയിലുമുള്ള കുറേ അടയാളങ്ങളാണ്. വീട്ടുടമയുടെ യാതൊരു അനുമതിയുമില്ലാതെ തെങ്ങിനും കവുങ്ങിനും റബ്ബറിനുമൊക്കെയാണ് ചുവപ്പും മഞ്ഞയും മാര്‍ക്ക് ചെയ്ത് വെച്ചിരിക്കുന്നത്. മാര്‍ക്ക് ചെയ്ത മരങ്ങള്‍ മുറിച്ചു നീക്കിയാണ് ലൈന്‍ വലിക്കുന്നതിന് വഴി തെളിക്കുന്നത്. ഒരു റബ്ബര്‍ മരത്തിന് നഷ്ടപരിഹാരമായി നല്‍കുന്നത് 3500 രൂപ മാത്രമാണ്. എട്ട് വര്‍ഷം കൊണ്ട് വളര്‍ത്തിയെടുത്ത റബ്ബര്‍ മരം ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷത്തിലധികം ചെത്താം. ഇത്രയും വര്‍ഷം വിളവെടുക്കേണ്ട റബ്ബര്‍ മരത്തിനാണ് 3500 രൂപ നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇതാരാണ് ഇത്തരത്തിലൊരു നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്ന് ആര്‍ക്കുമറിയില്ല. കേന്ദ്രത്തിന്റെ പദ്ധതിയാണെന്നും കോടതിയില്‍ പോലും മരങ്ങള്‍ മുറിച്ചുനീക്കുന്നത് തടയാനാവില്ലെന്നുമാണ് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികള്‍ പാവപ്പെട്ട കര്‍ഷകരോട് പറയുന്നത്. അമ്പതും അറുപതും വര്‍ഷം കായ്ഫലം തരുന്ന തെങ്ങിനുള്ള നഷ്ടപരിഹാരം കേട്ടാലും മൂക്കത്ത് വിരല്‍ വെച്ചു പോവും. 11,500 രൂപയാണ് ഒരു തെങ്ങിന്റെ വില. കവുങ്ങിന് 8500ഉം തേക്കിന് 500 രൂപയുമാണ് നഷ്ടപരിഹാരം. വികസനത്തിന് ആരും എതിരല്ല. വടക്കന്‍ കേരളത്തിലെ വൈദ്യുതി ക്ഷാമം ശാശ്വതമായി പരിഹരിക്കാനുതകുന്ന പവര്‍ ഹൈവേപോലോരു കാര്യത്തിന് ആരും തടസമല്ല. പക്ഷെ ഹൈടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്ന വഴികളിലെ കര്‍ഷകരുടെയും ഭൂവുടമകളുടെയും ആശങ്കകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ അധികൃതര്‍ പാടേ മുഖം തിരിക്കുകയാണ്. കാസര്‍കോട് ജില്ലയുടെ മലയോരമേഖലയിലെ കൃഷിയിടങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും മുകളിലൂടെയാണ് ലൈന്‍ കടന്നുപോകുന്നത്. വൈദ്യുതി ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ ബഫര്‍ സോണ്‍ അടക്കം 54 മീറ്ററോളം സ്ഥലം ദീര്‍ഘകാല വിളകള്‍ നടത്താനോ വീടുകള്‍ നിര്‍മ്മിക്കാനോ കഴിയാതെ ഉപയോഗശൂന്യമാവും. ഡല്‍ഹിയില്‍ നിന്നുള്ള സ്വകാര്യ കമ്പനിക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. മിക്കപ്പോഴും ഭൂവുടമകള്‍ക്ക് യാതൊരു വിധ മുന്നറിയിപ്പും കൊടുക്കാതെയാണ് കമ്പനിയുടെ ആളുകള്‍ കൃഷിയിടങ്ങളില്‍ വന്ന് പ്രവൃത്തികള്‍ നടത്തുന്നത്. കാര്‍ഷിക വിളകളും മരങ്ങളുമെല്ലാം മുറിക്കുന്നതിനായി ചുവന്ന അടയാളമിട്ട് വെച്ചിരിക്കുന്നത് ലൈന്‍ കടന്നു പോകുന്ന വഴിയിലുടനീളം കാണാം. പദ്ധതിക്കായി റവന്യൂ വകുപ്പ് നിയോഗിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ വസ്തുവകകളുടെയും കാര്‍ഷിക വിളകളുടെയും വില കുറച്ചു കാട്ടി കമ്പനിയെ സഹായിക്കുന്നതായും പരാതി ഉയരുന്നുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ലൈന്‍ വലിക്കുന്നതിനെതിരെ ഒരു വിഭാഗം ഭൂവുടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. റബ്ബറിനും തെങ്ങിനും പ്ലാവിനും 50,000 വീതവും കമുകിന് 75,000വും തേക്കിന് ഒരു ലക്ഷവും നഷ്ടപരിഹാരം നല്‍കണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. കൊച്ചി-ഇടമണ്‍ 400 കെ.വി പവര്‍ ഹൈവേ 2008ല്‍ തുടങ്ങി 2019ല്‍ പൂര്‍ത്തീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി പ്രത്യേക നഷ്ട പരിഹാര പാക്കേജിന് രൂപം നല്‍കിയ ശേഷമാണ് പൂര്‍ത്തീകരിച്ചത്. ഇതേ മാതൃക ഉഡുപ്പി-കരിന്തളം പവര്‍ ഹൈവേയുടെ കാര്യത്തിലും പിന്തുടരണമെന്നാണ് കര്‍ഷകരും സ്ഥലം ഭൂടുമകളും ആവശ്യപ്പെടുന്നത്. ഇവിടെ പാവപ്പെട്ട ചില കര്‍ഷകരെ രഹസ്യമായി സമീപിച്ച് ചില്ലിക്കാശ് നല്‍കി സമ്മതപത്രം വാങ്ങിച്ചെടുക്കുകയും പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് തുക അല്‍പം കൂട്ടി നല്‍കുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്തത് പോലെ ഡിവൈഡ് ആന്റ് റൂള്‍ എന്നത് തന്നെയാണ് ഇവരും ചെയ്യുന്നത്. കര്‍ഷകര്‍ക്ക് എത്ര ആനുകൂല്യം കിട്ടിയെന്നത് മറ്റുള്ളവരോട് പറയരുതെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു. എന്തായാലും ഭൂവുടമകളുടെയും കര്‍ഷകരുടെയും ആശങ്കകള്‍ പരിഹരിച്ചു വേണം 400 കെ.വി ലൈന്‍ പ്രവൃത്തി മുമ്പോട്ട് കൊണ്ടുപോകാന്‍.

Related Articles
Next Story
Share it