കാലവര്‍ഷം എത്തിക്കഴിഞ്ഞു. ഇത്തവണ വേനല്‍ മഴയുടെ തുടര്‍ച്ചയായി കാലവര്‍ഷം എത്തുകയാണ്. മഴ പെയ്തു തുടങ്ങിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പകര്‍ച്ച വ്യാധികളുടെ വാര്‍ത്തയും വരുന്നുണ്ട്. ഡെങ്കിപ്പനി, സാധാരണ പനി, എലിപ്പനി തുടങ്ങിയവയൊക്കെ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇടവിട്ടുള്ള മഴയില്‍ കൊതുകുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ നിന്ന് എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എലി വര്‍ഗങ്ങള്‍ എലിപ്പനി രോഗത്തിന്റെ നിശബ്ദ രോഗ വാഹകരാണ്. ഇവ അണുക്കളെ അവയുടെ ശരീരത്തില്‍ കൊണ്ടു നടക്കുന്നു. ഇവയുടെ മൂത്രത്തിലൂടെയാണ് മുഖ്യമായും രോഗം പകരുന്നത്. എലികളുടെ മൂത്രം ഏതെങ്കിലും വിധത്തില്‍ മനുഷ്യരുടെയോ മൃഗങ്ങളുടെയോ കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ശരീരത്തിലെ മുറിവുകള്‍, മൃദുവായ ചര്‍മ്മം എന്നിവയിലൂടെ ശരീരത്തില്‍ കടന്ന് രോഗാണു ബാധയുണ്ടാക്കുന്നു. എലികള്‍ക്ക് പുറമെ രോഗം ബാധിച്ചതും, രോഗം ഭേദമായതുമായ വളര്‍ത്തു മൃഗങ്ങളുടെയും വന്യ മൃഗങ്ങളുടെയും മൂത്രത്തിലൂടെയും ജനനേന്ദ്രിയ ശ്രവങ്ങളിലൂടെയും എലിപ്പനി പകരാം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ശരീര പ്രതിരോധ ശക്തിക്കനുസരിച്ച് രോഗത്തിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും. രോഗനിര്‍ണ്ണയം നടത്തിക്കഴിഞ്ഞാല്‍ ആന്റി ബയോട്ടിക്ക് ഉപയോഗിച്ച് അണുക്കളെ നശിപ്പിക്കാം. പ്രതിരോധ കുത്തിവെപ്പെടുത്താല്‍ രോഗം പിടിപെടാതെ സൂക്ഷിക്കാം. ഡെങ്കിപ്പനിയാണ് മറ്റ് ചില സ്ഥലങ്ങളില്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കൊതുകുകളാണ് രോഗാണു വാഹകര്‍. മഴ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് ഇവ പെറ്റു പെരുകുന്നത്. പെട്ടെന്നുള്ള അസഹ്യമായ തലവേദന, സന്ധികളിലും പേശികളിലും വേദന, നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. പകല്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പടര്‍ത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയാന്‍ ആരോഗ്യ വകുപ്പ് അതീവ ശ്രദ്ധ പതിപ്പിക്കണം. മലയോരമേഖലകളിലാണ് ഡെങ്കിപ്പനി കൂടുതയാലും കണ്ടു വരുന്നത്. റബ്ബര്‍, കവുങ്ങ് തോട്ടം മേഖലയിലും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യത്തിലും കൊതുക് വളരും. കൊതുക് മുട്ടയിടുന്ന ചിരട്ട, കുപ്പി, വാഹനങ്ങളുടെ ടയറുകള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്ക്കരിക്കുകയോ നനയാതെ സൂക്ഷിക്കുകയോ വേണം. വെള്ള സംഭരണികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കണം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടുക്ക് ശുചീകരണ യജ്ഞം നടക്കുകയാണ്. ഈ മാസം 22 മുതല്‍ 29 വരെ ജനകീയ പങ്കാളിത്തതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് ശുചീകരണം. കൊതുക് നിവാരണം മലിന ജലം ശാസ്ത്രീയമായ രീതിയില്‍ സംസ്ക്കരിക്കാന്‍ ജലസ്രോതസുകളിലെ ശുചീകരണം തുടങ്ങിയവയാണ് യജ്ഞത്തിന്റെ ഭാഗമായി നടക്കുക. 50 വീടുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓരോ വാര്‍ഡിലെയും വീടുകള്‍, സ്ഥാപനങ്ങള്‍, ജലാശയങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിത്വ മാലിന്യ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം ഉണ്ടാക്കണം. വീടും പരിസരവും വൃത്തിയാക്കിയാല്‍ തന്നെ ഒരു പരിധി വരെ പകര്‍ച്ച വ്യാധികളെ അകറ്റി നിര്‍ത്താനാവും.