ഭരണഘടനാനുസൃതമായ മറ്റ് സ്വാതന്ത്യങ്ങളെ പൊലെ പ്രധാനപ്പെട്ട ഒന്നാണ് ഭാഷാസ്വാതന്ത്ര്യം. പലതരം ഭാഷകള്‍ വാമൊഴിയിലും വരമൊഴിയിലും രാജ്യത്ത് പ്രചാരത്തിലുണ്ട്. രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ ഹിന്ദി ആണെന്നതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഈ ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആരംഭിച്ചതാണ്. ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാല്‍ കേന്ദ്രം ഈ നീക്കത്തില്‍ നിന്ന് അല്‍പ്പം പിറകോട്ടുപോയെങ്കിലും ഇപ്പോള്‍ വീണ്ടും ഹിന്ദിയില്‍ പിടിമുറുക്കിയിരിക്കുകയാണ്. കേരളം അടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനഭാഷ ഹിന്ദിയായിരിക്കണമെന്ന കര്‍ശന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 112 നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ഹിന്ദി പഠിച്ചാല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുകയുള്ളൂവെന്ന നിര്‍ദേശമാണ് അതില്‍ പ്രധാനപ്പെട്ടത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദി ഭാഷ അറിയില്ലെങ്കില്‍ എത്ര വിദ്യാഭ്യാസയോഗതയുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുകയില്ലെന്ന വസ്തുത ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകള്‍ ഹിന്ദിഭാഷക്കാര്‍ മാത്രം കയ്യടക്കുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാവുക. രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് ഒഴിവാക്കപ്പെടും. തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ പൊതുവെ ഹിന്ദി ഭാഷയോട് മുഖം തിരിച്ചുനില്‍ക്കുന്നുണ്ട്. അവര്‍ക്ക് മാതൃഭാഷയാണ് ജീവന്‍. ഇത്തരം സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഭാഷാപരമായ തര്‍ക്കങ്ങള്‍ക്കം സംഘര്‍ഷങ്ങള്‍ക്കും ഇടവരുത്തും. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭപരിപാടികള്‍ രൂപപ്പെട്ടുകഴിഞ്ഞു. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഹിന്ദിമേഖലകളായ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നു.അതുംകഴിഞ്ഞ് ആറുമാസത്തിന് ശേഷമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് ഹിന്ദിഅനുകൂല വികാരം ഇളക്കിവിടുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ഭരണഘടനാ നിര്‍മാണസഭയില്‍ ഹിന്ദി ദേശീയഭാഷയാക്കണമെന്ന്ചിലര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഹിന്ദിയെക്കാള്‍ പഴക്കവും പാരമ്പര്യവുമുള്ള തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകള്‍ക്ക് വേണ്ടി മറ്റ് ചിലരും ഇതേ വാദം ഉന്നയിക്കുകയുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ വിഷയം 15 വര്‍ഷത്തേക്ക് മാറ്റിവെച്ച സഭ ഹിന്ദി ഔദ്യോഗികഭാഷകളില്‍ ഒന്ന് മാത്രമായി തീരുമാനിക്കുകയായിരുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ആഭ്യന്തരമന്ത്രാലയം സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകള്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കണമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷായോഗത്തില്‍ അധ്യക്ഷത വഹിച്ച അമിത്ഷാ വീണ്ടും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. ഭാഷാസ്വാതന്ത്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും പോലെ തന്നെ പരമപ്രധാനമാണ് ഭാഷാസ്വാതന്ത്ര്യവുമെന്ന് തിരിച്ചറിയണം.