കാലാവധി കഴിഞ്ഞ ആട്ട അടിച്ചേല്‍പ്പിക്കരുത്

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ടണ്‍ കണക്കിന് ആട്ട കെട്ടിക്കിടക്കുകയാണ്. ചില റേഷന്‍ കടകളില്‍ നിര്‍ബന്ധിച്ച് ആട്ട വാങ്ങാന്‍ ശ്രമം നടത്തുന്നതായി ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്. റേഷന്‍ കടകളില്‍ ആവശ്യത്തില്‍ കൂടുതല്‍ ആട്ട അശാസ്ത്രീയമായി വിതരണം ചെയ്തതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഏപ്രിലില്‍ കടകളില്‍ എത്തിയ ആട്ട ചെലവാകാതെ കിടക്കുമ്പോഴാണ് മെയിലും പുതിയ അലോട്ട്‌മെന്റ് അനുവദിച്ചത്. ഏപ്രിലില്‍ വിതരണം ചെയ്ത ആട്ടയുടെ ഉപയോഗകാലാവധി കഴിയുകയും ചെയ്തു. വില്‍പന നോക്കാതെ മില്ലുകാര്‍ തള്ളി വിട്ട ആട്ട അന്വേഷണം നടത്താതെയും റേഷന്‍ […]

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ടണ്‍ കണക്കിന് ആട്ട കെട്ടിക്കിടക്കുകയാണ്. ചില റേഷന്‍ കടകളില്‍ നിര്‍ബന്ധിച്ച് ആട്ട വാങ്ങാന്‍ ശ്രമം നടത്തുന്നതായി ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്. റേഷന്‍ കടകളില്‍ ആവശ്യത്തില്‍ കൂടുതല്‍ ആട്ട അശാസ്ത്രീയമായി വിതരണം ചെയ്തതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഏപ്രിലില്‍ കടകളില്‍ എത്തിയ ആട്ട ചെലവാകാതെ കിടക്കുമ്പോഴാണ് മെയിലും പുതിയ അലോട്ട്‌മെന്റ് അനുവദിച്ചത്. ഏപ്രിലില്‍ വിതരണം ചെയ്ത ആട്ടയുടെ ഉപയോഗകാലാവധി കഴിയുകയും ചെയ്തു. വില്‍പന നോക്കാതെ മില്ലുകാര്‍ തള്ളി വിട്ട ആട്ട അന്വേഷണം നടത്താതെയും റേഷന്‍ കടക്കാരുടെ എതിര്‍പ്പ് അവഗണിക്കലും കടകളില്‍ ഇറക്കുകയായിരുന്നുവെന്നാണ് റേഷന്‍ കടക്കാരുടെ പരാതി. മില്ലുകളില്‍ നിന്ന് വിതരണത്തിന് നല്‍കുന്ന ആട്ടയുടെ കാര്യത്തില്‍ വലിയ അഴിമതി നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് അനാവശ്യമായി വന്‍തോതില്‍ ആട്ട വിതരണം ചെയ്തത്. കെട്ടിക്കിടക്കുന്ന ആട്ട കാലിത്തീറ്റയായോ കോഴിത്തീറ്റയായോ ഉപയോഗിക്കാനേ പറ്റൂ. മില്ലുകാര്‍ ഇത് തിരിച്ചെടുക്കാന്‍ തയ്യാറല്ല. സര്‍ക്കാരിന് ഇതുവഴി കോടികളുടെ നഷ്ടമാണ് ഉണ്ടാവാന്‍ പോകുന്നത്. കാലാവധി കഴിഞ്ഞ ആട്ട പുതിയ പാക്കറ്റില്‍ ചില സ്ഥലങ്ങളില്‍ തിരിച്ചു വരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ചില പാക്കറ്റുകള്‍ പൊളിച്ചപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായതായി കണ്ണൂരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇന്റന്റ് മനസിലാക്കാതെ ഉല്‍പാദിപ്പിച്ച് ആട്ട റേഷന്‍ കടകളില്‍ തള്ളുന്ന സാഹചര്യം ഒഴിവാക്കണം. റേഷന്‍ കടകളിലെ തൊട്ട് മുമ്പത്തെ മൂന്നുമാസത്തെ സ്റ്റോക്ക് നോക്കിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. അതേസമയം ചില റേഷന്‍ കടകളില്‍ ആവശ്യത്തിന് ആട്ടയില്ലെന്ന പരാതിയും ഉണ്ട്. റേഷന്‍ കടകളില്‍ നിന്ന് ബാക്കിയായ ആട്ടയുടെ കണക്കെടുക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ആട്ട തിരിച്ചെടുത്ത് കാലിത്തീറ്റയാക്കാന്‍ നടപടി വേണം. കണ്ണൂര്‍ ജില്ലയില്‍ വിതരണം ചെയ്ത ആട്ടകളില്‍ ചിലത് ഗുണനിലവാരമില്ലെന്ന പരാതിയും പരിശോധിക്കണം. ഇത് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഉപയോഗമല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ആ ബാച്ചില്‍പ്പെട്ട മുഴുവന്‍ ആട്ടയും പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. വിവിധ താലൂക്കുകളിലായി ക്വിന്റല്‍ കണക്കിന് ആട്ടയാണ് ഇങ്ങനെ ഉപയോഗശൂന്യമായത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിതരണം ചെയ്ത ആട്ടക്കാണ് ഗുണനിലവാരമില്ലെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്. വിവിധ താലൂക്കുകളില്‍ നിന്ന് തിരിച്ചെടുക്കാനുള്ള ആട്ടയുടെ കണക്ക് വളരെ വലുതാണ്. കണ്ണൂര്‍ താലൂക്കില്‍ 2800 ക്വിന്റല്‍ ആട്ട 240 കടകളില്‍ നിന്നായി തിരിച്ചെടുക്കേണ്ടതായിട്ടുണ്ട്. സംസ്ഥാനത്തെ നൂറുകണക്കിന് റേഷന്‍ കടകളില്‍ ഒന്ന് മുതല്‍ 10 ക്വിന്റല്‍ വരെയാണ് കാലഹരണപ്പെട്ട ആട്ടയുള്ളത്. മില്ലുകളില്‍ നിന്ന് ആട്ട നേരിട്ട് ഗോഡൗണിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും കൊണ്ടുപോകുമ്പോള്‍ ദിവസങ്ങള്‍ തന്നെ വൈകും. ഇത് അധിക ദിവസം കടകളില്‍ വെക്കാനും കഴിയില്ല. ആവശ്യത്തിലധികം ആട്ട അടിച്ചേല്‍പ്പിക്കരുതെന്നാണ് റേഷന്‍ കടക്കാരുടെ ആവശ്യം. എന്നാലും ഉപയോഗശൂന്യമായ ആട്ട തിരിച്ചെടുക്കാനുള്ള നടപടി അടിയന്തിരമായി ഉണ്ടാവണം.

Related Articles
Next Story
Share it