ഇതാണോ നാളികേര സംഭരണം

സംസ്ഥാനത്ത് തേങ്ങ വില കൂപ്പുകുത്തിയിരിക്കയാണ്. 40 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന തേങ്ങ വില ഇപ്പോള്‍ 27 രൂപയിലെത്തി നില്‍ക്കുകയാണ്. വിലയില്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പറിച്ചു കൂട്ടിയ തേങ്ങ വെയിലും മഴയും കൊണ്ട് നശിക്കുകയാണ്. വില തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ തേങ്ങക്ക് സംഭരണ വില നിശ്ചയിച്ച് തേങ്ങ സംഭരിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഇത് പേരിന് മാത്രമായി ചുരുങ്ങുകയായിരുന്നു. സംസ്ഥനത്ത് ഏതാനും ചില കേന്ദ്രങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങി. കിലോയ്ക്ക് 32 രൂപ തോതിലാണ് സംഭരിക്കുമെന്ന് പറഞ്ഞത്. എല്ലാ […]

സംസ്ഥാനത്ത് തേങ്ങ വില കൂപ്പുകുത്തിയിരിക്കയാണ്. 40 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന തേങ്ങ വില ഇപ്പോള്‍ 27 രൂപയിലെത്തി നില്‍ക്കുകയാണ്. വിലയില്ലാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പറിച്ചു കൂട്ടിയ തേങ്ങ വെയിലും മഴയും കൊണ്ട് നശിക്കുകയാണ്. വില തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ തേങ്ങക്ക് സംഭരണ വില നിശ്ചയിച്ച് തേങ്ങ സംഭരിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഇത് പേരിന് മാത്രമായി ചുരുങ്ങുകയായിരുന്നു. സംസ്ഥനത്ത് ഏതാനും ചില കേന്ദ്രങ്ങളില്‍ മാത്രമായി ഇത് ഒതുങ്ങി. കിലോയ്ക്ക് 32 രൂപ തോതിലാണ് സംഭരിക്കുമെന്ന് പറഞ്ഞത്. എല്ലാ ജില്ലകളിലും ഓരോ സ്ഥലത്ത് പോലും സംഭരണം നടത്തുന്നില്ല. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ മാത്രമാണ് സംഭരണമുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍. വൈകാതെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും നടപ്പിലായില്ല. പേരിന് മാത്രം സംഭരണം ഒതുക്കിയതോടെ കര്‍ഷകര്‍ക്ക് ഒരു ഗുണവും കിട്ടിയില്ല. തേങ്ങ കെട്ടിക്കിടന്ന് നശിക്കുമ്പോള്‍ കിട്ടിയ വിലക്ക് സ്വകാര്യ മേഖലയിലെ വ്യാപാരികള്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് വന്നത്. കണ്ണൂരും കാസര്‍കോടും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന ജില്ലകളാണ്. ഇവിടെ ഒരിടത്തും സംഭരണമില്ല. കോഴിക്കോട്ടെ പ്രധാന നാളികേര ഉല്‍പാദന കേന്ദ്രങ്ങളില്‍ എവിടെയും സംഭരണമില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വില തകര്‍ച്ചയാണിപ്പോഴുള്ളത്. കേന്ദ്ര കൃഷി മന്ത്രാലയം ആറു മാസം കൊണ്ട് 50,000 മെട്രിക് ടണ്‍ കൊപ്ര ആറ് മാസം കൊണ്ട് സംഭരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ സംഭരിച്ചതാകട്ടെ 48 ക്വിന്റല്‍ കൊപ്ര മാത്രം. മാര്‍ച്ച് 31 വരെ കേര ഫെഡ് സംഭരിച്ച പച്ചത്തേങ്ങ വെറും 387.42 ക്വിന്റല്‍ മാത്രവും. വെളിച്ചെണ്ണ ഉല്‍പാദനത്തിന് കൊപ്ര വാങ്ങുന്ന ഏജന്‍സികള്‍ക്ക് താങ്ങു വിലക്ക് കൊപ്ര സംഭരിക്കാനാവില്ലെന്ന് നാഫെഡ് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് കൊപ്ര സംഭരിക്കാനുള്ള ഏജന്‍സിയായി വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്ന കേര ഫെഡിനെ സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇത് പറ്റില്ലെന്നാണ് നാഫെഡ് പറയുന്നത്. ഈ നിബന്ധനയില്‍ നിന്ന് കേര ഫെഡിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേര ഫെഡും നാഫെഡിനെയും കേന്ദ്ര കൃഷി മന്ത്രാലയത്തെയും സമീപിച്ചെങ്കിലും ഈ വ്യവസ്ഥ കേരളത്തിന് മാത്രമായി മാറ്റാന്‍ കഴിയില്ലെന്നാണ് പറയുന്നത്. വേറെ ഏജന്‍സികളെ നിയോഗിക്കണമെന്നാണ് നാഫെഡ് പറയുന്നത്. കേര ഫെഡിനും മാര്‍ക്കറ്റ് ഫെഡിനും കീഴിലായി 44 സംഘങ്ങളാണ് സംഭരിണത്തിന് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഭൂരിഭാഗവും കേരഫെഡ് സംഘങ്ങളാണ്. ഇവ സംഭരണത്തില്‍ നിന്നും ഫലത്തില്‍ പുറത്തായി. ചില സംഘങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റ് ഫെഡുമായി കരാര്‍ ഒപ്പ് വെച്ച് സംഭരണത്തിലേക്ക് കടക്കുന്നുണ്ട്. സാങ്കേതിക കുരുക്കില്‍പ്പെട്ട് വിലപ്പെട്ട മൂന്ന് മാസം നഷ്ടമായതോടെ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. വേനല്‍ മഴ ശക്തമായതോടെ തേങ്ങ കൊത്തി കൊപ്രയാക്കി സൂക്ഷിക്കാനും പറ്റാത്ത അവസ്ഥയാണ്. കൊപ്രയുടെ വിലയും കുത്തനെ താണു. കൊപ്രയ്ക്ക് ക്വിന്റലിന് 9000 രൂപ മാത്രമാണ് ഇപ്പോഴത്തെ വില. തേങ്ങക്ക് കിലോയ്ക്ക് 29 രൂപയുണ്ടായപ്പോഴാണ് കര്‍ഷകര്‍ക്ക് 32 രൂപ നല്‍കി തേങ്ങ സംഭരിക്കുമെന്ന് പറഞ്ഞത്. കര്‍ഷകര്‍ക്ക് 3 രൂപ സബ്‌സിഡി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തേങ്ങ വിപണിയില്‍ എത്തി മാസം മൂന്ന് കഴിയാറായിട്ടും സംഭരണം ആരംഭിച്ചില്ല. നഷ്ടം സഹിച്ച് തേങ്ങ സൂക്ഷിച്ചുവെക്കാനാവാതെ കര്‍ഷകര്‍ കിട്ടിയ വിലക്ക് തേങ്ങ വില്‍ക്കുകയാണ്. ആരെ പ്രീതിപ്പെടുത്താനാണീ താങ്ങു വിലയും സംഭരണവും.

Related Articles
Next Story
Share it