ഏതാനും ദിവസം മുമ്പ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് ഒരു കുട്ടി മരണപ്പെടുകയും 20 ഓളം പേര് ആസ്പത്രിയിലാവുകയും ചെയ്ത സംഭവത്തിനു പിന്നാലെ വയനാട്ടിലെ കല്പറ്റയില് നിന്ന് മറ്റൊരു ഭക്ഷ്യവിഷബാധ വാര്‍ത്തയും രുറത്തു വന്നിരിക്കയാണ്. അവിടെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികളായ 15 പേര് ഭക്ഷ്യവിഷബാധയേറ്റ് അവിടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ കുറേ നാളുകളായി ഭക്ഷ്യവിഷബാധയുടെ വലുതും ചെറുതുമായ ധാരാളം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് തികച്ചും വിഷലിപ്തമായ ഭക്ഷണം ലഭ്യമാക്കി പൊതുസമൂഹത്തിന്റെ ആരോഗ്യവും ജീവിതവും കവര്‍ന്നെടുക്കാന്‍ പാകത്തില്‍ വിഷഭക്ഷണ ശാലകള്‍ സംസ്ഥാനത്തു വ്യാപകമാകുന്നു എന്നു തന്നെയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. പലതട്ടുകടകളും ഫാസ്റ്റ് ഫുഡുകളും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലും ഗുണനിലവാരവുമില്ലാത്ത ചേരുവകളുടെ ഉപയോഗവും നമുക്ക് ചുറ്റുമുള്ള എല്ലാ ഭക്ഷശാലകളിലും യാതൊരുനിയന്ത്രണവുമില്ലാതെ വിതരണം ചെയ്യപ്പെടുന്നു. കൂടിയ വില കൊടുത്ത് നിലവാരമില്ലാത്തതും ജീവന് ഹാനിയുണ്ടാക്കാന്‍ സാധ്യതയുള്ളതുമായ ഭക്ഷണം വാങ്ങിക്കഴിക്കേണ്ടി വരുന്നതിനാല്‍ അധികവും വിനോദസഞ്ചാരികളും യാത്രകള്‍ സ്ഥിരമാക്കിയവരുമാണ്. ഫാസ്റ്റ് ഫുഡിന്റെ കടന്നു വരവ് ഉയര്‍ത്തുന്ന ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ എത്ര ചര്‍ച്ചയായിട്ടും അതിനോടുള്ള ആസക്തി നിയന്ത്രിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നില്ല. ഷവര്‍മ്മ ആദ്യമായിട്ടല്ല അപകടകരമായി മാറുന്നത്. ഏതനും തലസ്ഥാനത്ത് ഷവര്‍മ്മ കഴിച്ച് ഒരു ചെറുപ്പക്കാരന് മരണപ്പെട്ടിരുന്നു. വലിയ വാര്‍ത്തയായതോടെയാണ് ഷവര്‍മ്മയിലെ അപകടം ആദ്യമായി പരിശോധിക്കപ്പെടുന്നത്. അന്നും ഷവര്‍മ്മ വിതരണം ചെയ്ത ഹോട്ടല്‍ അടച്ചുപൂട്ടിയതില്‍ കവിഞ്ഞ് മറ്റു നടപടികളൊന്നും എവിടെയുമെത്തിയില്ല. ഭക്ഷ്യസുരക്ഷാ പരിശോധിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ല എന്ന പരാതി ഉയരുന്നുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഫാസ്റ്റ് ഫുഡ് കടകളിലുമൊക്കെ മൂന്നോ നാലോ മാസം കൂടുമ്പോഴെങ്കിലും പരിശോധന നടത്തണം. ഉദ്യോഗസ്ഥര്‍ ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് കണ്ടാല്‍ അവര്‍ ധൈര്യസമേതം പഴകിയ ഭക്ഷണങ്ങളും മായം ചേര്‍ത്ത ഭക്ഷണവുമൊക്കെ നല്കുമെന്നതില് സംശയമില്ല. മത്സ്യത്തില്‍ ഭാകരമായ തോതിലാണ് രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. മാനുകളിലെ മായം കണ്ടെത്താന്‍ സംസ്ഥാനഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന് മത്സ്യ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ല. പലജില്ലകളിലും ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ ഒഴിവ് നികത്താതെ കിടക്കുകയാണ്. ജില്ലയില്‍ ആറ് ഓഫീസര്‍മാര്‍ വേണ്ടിടത്ത് മൂന്ന് പേര് മാത്രമാണുള്ളത്. ഓരോ നിയോജകമണ്ഡലത്തിലും ഓരോ ഓഫീസര്‍മാര്‍ എന്നാണ് കണക്ക്. മഞ്ചേശ്വരത്തും തൃക്കരിപൂരിലും മാത്രമാണ് നിലവില്‍ ഓഫീസര്‍മാരുള്ളത്. കാസര്‍കോട്, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലത്തില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ആറ് മാസത്തിലൊരിക്കല്‍ പരിശോധന നടത്താന്‍ പോലും സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചെറുവത്തൂരിലേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന പരിശോധന ഉണ്ടായേമതിയാവൂ.