മഴയ്ക്ക് മുമ്പേ റോഡ് പണി തീര്‍ക്കണം

ദേശീയപാത വികസനം ധൃതഗതിയില്‍ നീങ്ങുകയാണ്. അത് മഴയ്ക്ക് മുമ്പ് പോയിട്ട് ഇനിയും ഒരു വര്‍ഷമെങ്കിലും കഴിയാതെ എവിടെയുമെത്തില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ. എന്നാല്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ റോഡുകള്‍ അധികൃതര്‍ വിച്ചാരിച്ചാല്‍ മഴയ്ക്ക് മുമ്പേ പൂര്‍ത്തിയാക്കാം. പലസ്ഥലങ്ങളിലും റോഡുകള്‍ കുത്തിപൊളിച്ചിട്ടിരിക്കയാണ്. മാസങ്ങള്‍ക്ക് മുമ്പല്ല കഴിഞ്ഞ വര്‍ഷം തുടങ്ങിയ റോഡ് പണിപോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. മലയോരമേഖലയില്‍ റോഡുകളുടെ വലിയ വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇവിടെയൊക്കെ മെല്ലെപോക്ക് തുടരുകയാണ്. നീലേശ്വരത്ത് നിന്ന് കാലിച്ചാനടുക്കം വരെയുള്ള റോഡിന്റെ […]

ദേശീയപാത വികസനം ധൃതഗതിയില്‍ നീങ്ങുകയാണ്. അത് മഴയ്ക്ക് മുമ്പ് പോയിട്ട് ഇനിയും ഒരു വര്‍ഷമെങ്കിലും കഴിയാതെ എവിടെയുമെത്തില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ. എന്നാല്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ റോഡുകള്‍ അധികൃതര്‍ വിച്ചാരിച്ചാല്‍ മഴയ്ക്ക് മുമ്പേ പൂര്‍ത്തിയാക്കാം. പലസ്ഥലങ്ങളിലും റോഡുകള്‍ കുത്തിപൊളിച്ചിട്ടിരിക്കയാണ്. മാസങ്ങള്‍ക്ക് മുമ്പല്ല കഴിഞ്ഞ വര്‍ഷം തുടങ്ങിയ റോഡ് പണിപോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. മലയോരമേഖലയില്‍ റോഡുകളുടെ വലിയ വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇവിടെയൊക്കെ മെല്ലെപോക്ക് തുടരുകയാണ്. നീലേശ്വരത്ത് നിന്ന് കാലിച്ചാനടുക്കം വരെയുള്ള റോഡിന്റെ പണി തുടങ്ങിയിട്ട് മാസങ്ങളായി. പണി ഇടക്കിടെ നിലച്ചുക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരരംഗത്തിറങ്ങുകയും ഇപ്പോള്‍ പണി വീണ്ടും ആരംഭിക്കുകയും ചെയ്തിരിക്കയാണ്. റോഡരികിലുള്ള വൈദ്യുതി തൂണുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, കുടിവെള്ള പൈപ്പുകള്‍ തുടങ്ങിയവ മാറ്റേണ്ടതുണ്ട്. അതിനും കാലതാമസമെടുക്കുന്നു. മഴയെത്തും മുമ്പേ ഇത്തരം റോഡുകളുടെ പണിപൂര്‍ത്തിയായില്ലെങ്കില്‍ യാത്രക്കാര്‍ വലിയ ദുരിതത്തിലകപ്പെടുമെന്നതിന് സംശയമില്ല. ചെമ്മട്ടംവയലില്‍ നിന്ന് കാലിച്ചാനടുക്കം വരെയുള്ള റോഡിന്റെ സ്ഥിതിയും ഇതുതന്നെ. റോഡ് പണി ഇതുവരെ പാതിപിന്നിട്ടതേ ഉള്ളൂ. കാഞ്ഞിരപ്പൊയില്‍ പച്ചക്കുണ്ട് മുതല്‍ കാലിച്ചാനടുക്കം വരെയുള്ള 10.4 കിലോ മീറ്റര്‍ ഭാഗത്തെ നവീകരണവും ടാറിടലുമാണ് നടക്കുന്നത്. ഇതില്‍ പച്ചക്കുണ്ട് മുതല്‍ എണ്ണപ്പാറ വരെ ടാറിടല്‍ നടന്നു വരുന്നു. എന്നാല്‍ എണ്ണപ്പാറ മുതലുള്ള വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതു കാരണം ഈ ഭാഗത്തെ പ്രവൃത്തി വൈകുകയാണ്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുകയും 13 ഇരുമ്പ് വൈദ്യുതി തൂണുകളടക്കം 28 തൂണുകള്‍ മാറ്റുകയും വേണം. ഇതിന് ആവശ്യമായ അടങ്കല്‍ തുക കരാറുകാരന്‍ ഒരു മാസം മുമ്പ് അടച്ച് പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാല്‍ ഉയരം കൂടിയ വൈദ്യുതി തൂണുകളുടെ ലഭ്യതക്കുറവ് കാരണം പ്രവൃത്തി ഒരാഴ്ച്ചയായി നിര്‍ത്തിവെച്ചിരിക്കയാണ്. യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് കുറച്ച് ഭാഗം ആദ്യഘട്ട ടാറിങ്ങ് ചെയ്തിട്ടുണ്ടെങ്കിലും ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി തൂണുകളും മാറ്റിയാല്‍ മാത്രമേ അവസാനഘട്ട ടാറിടല്‍ പൂര്‍ത്തീകരിക്കാനാവൂ. ബാര്‍ക്ക് പദ്ധതിയില്‍ കുടിവെള്ളമെത്തിക്കാന്‍ സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് നവീകരണത്തിന് മറ്റൊരു തടസം. റോഡ് വീതികൂട്ടിയതോടെ പ്രധാന പൈപ്പ് ലൈനും വീടുകളിലേക്കുള്ള പൈപ്പ് ലൈനുകളുമടക്കം റോഡിലായി. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പലേടത്തും പൈപ്പുകള്‍ പൊട്ടുകയാണ്. വൈദ്യുതി-പൊതുമരാമത്ത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് വൈദ്യുതി തൂണുകള്‍ മാറ്റുന്നതിന് തടസം സൃഷ്ടിക്കുന്നതെന്ന് വേണം കരുതാന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറുക്കണക്കിനാളുകള്‍ ഉപയോഗിക്കുന്നതാണ് മിക്കറോഡുകളും. മാസങ്ങളോളമായി റോഡ് വികസനത്തിന്റെ പേരില്‍ പൊടി തിന്നും ഇഴഞ്ഞുനീങ്ങിയുമാണ് ഇവര്‍ യാത്രചെയ്യുന്നത്. പൊതുമരാമത്ത് റോഡുകള്‍ക്ക് പുറമെ ഏതാനും സ്ഥലങ്ങളില്‍ ചില പഞ്ചായത്ത് റോഡുകളുടെയും പണി ഇഴഞ്ഞു നീങ്ങുകയാണ്. ഇവയുടെ ജോലിയും എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള നടപടി ഉണ്ടാവണം. കാലവര്‍ഷം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നത് കണക്കിലെടുത്ത് വേണം മുമ്പോട്ട് നീങ്ങാന്‍.

Related Articles
Next Story
Share it