ഭക്ഷ്യവിഷ ബാധ; കര്‍ശന നടപടി വേണം

ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് കുട്ടി മരിക്കാനിടയായ സംഭവം നാടിനെ ഞെട്ടിക്കുന്നതാണ്. ഇത്രയും വൃത്തിഹീനമായ രീതിയിലാണ് നമ്മുടെ ഹോട്ടലുകളും കൂള്‍ ബാറുകളും പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ ഞെട്ടല്‍ ഉളവാകുകയാണ്. ആയിരക്കണക്കിനാളുകളാണ് ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നത്. ഈ രീതിയിലാണ് ഭക്ഷണം വിളമ്പുന്നതെങ്കില്‍ എങ്ങനെയാണ് വിശ്വസിച്ച് ഏതെങ്കിലും ഹോട്ടലുകളില്‍ കയറുക. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇവിടെ ഭക്ഷ്യസുരക്ഷാവകുപ്പുണ്ട്. ഷവര്‍മ്മ കഴിച്ച് കുട്ടി മരിക്കുകയും 15 ഓളം പേര്‍ ആസ്പത്രിയിലാവുകയും ചെയ്തതിനുശേഷം അവര്‍ അവിടേക്ക് ഓടിയെത്തി സ്ഥാപനം പൂട്ടിച്ചുവെന്നാണ് പറയുന്നത്. അനിഷ്ട സംഭവം ഉണ്ടായിക്കഴിഞ്ഞതിനു […]

ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് കുട്ടി മരിക്കാനിടയായ സംഭവം നാടിനെ ഞെട്ടിക്കുന്നതാണ്. ഇത്രയും വൃത്തിഹീനമായ രീതിയിലാണ് നമ്മുടെ ഹോട്ടലുകളും കൂള്‍ ബാറുകളും പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ ഞെട്ടല്‍ ഉളവാകുകയാണ്. ആയിരക്കണക്കിനാളുകളാണ് ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നത്. ഈ രീതിയിലാണ് ഭക്ഷണം വിളമ്പുന്നതെങ്കില്‍ എങ്ങനെയാണ് വിശ്വസിച്ച് ഏതെങ്കിലും ഹോട്ടലുകളില്‍ കയറുക. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇവിടെ ഭക്ഷ്യസുരക്ഷാവകുപ്പുണ്ട്. ഷവര്‍മ്മ കഴിച്ച് കുട്ടി മരിക്കുകയും 15 ഓളം പേര്‍ ആസ്പത്രിയിലാവുകയും ചെയ്തതിനുശേഷം അവര്‍ അവിടേക്ക് ഓടിയെത്തി സ്ഥാപനം പൂട്ടിച്ചുവെന്നാണ് പറയുന്നത്. അനിഷ്ട സംഭവം ഉണ്ടായിക്കഴിഞ്ഞതിനു ശേഷം ഇതൊക്കെ പരിശോധിച്ചതു കൊണ്ട് എന്ത് കാര്യം. ഭക്ഷ്യസുരക്ഷാവകുപ്പ് ജാഗ്രതയോടെ നിലക്കൊള്ളുകയും ഇടക്ക് ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നു. ചെറുവത്തൂരില്‍ കഴിഞ്ഞ ദിവസമാണ് കൂള്‍ബാറില്‍ നിന്ന് കുട്ടികള്‍ ഷവര്‍മ്മ കഴിച്ചത്. കരിവെള്ളൂര്‍ പെരളത്തെ ദേവനന്ദയാണ് മരണപ്പെട്ടത്. ചികിത്സയിലുള്ള 19 പേര്‍ ഉള്‍പ്പെടെ 31 പേരാണ് വൈദ്യസഹായം തേടിയത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കൂട്ടുകാര്‍ക്കൊപ്പം ചെറുവത്തൂര്‍ ബസ് സ്റ്റാന്റിലെ കൂള്‍ബാറില്‍ നിന്നാണ് ഷവര്‍മ്മ കഴിച്ചത്. പിറ്റേന്ന് രാവിലെ അവശനിലയിലാണ് ചര്‍ദ്ദിയും വയറിളക്കവും പിടിപ്പെട്ട കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷനെ ചുമതലപെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലെയും കൂള്‍ബാറുകളിലെയും ഇത്തരമവസ്ഥയ്ക്ക് കാരണമുണ്ടാവണം. ആയിരക്കണക്കിനാളുകളാണ് കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണത്തെ മാത്രം ആശ്രയിച്ച് കഴിയുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചേ പറ്റൂ. വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത്. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിച്ച് ശരിയായ ദഹനം നടത്താതെ വരുന്നു. അത് പിന്നീട് ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ശുചിത്വമില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘ നേരം അന്തരീക്ഷ ഊഷ്മാവില്‍വെക്കുമ്പോള്‍ കേടാവുകയും ഇത് കഴിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാവുകയും ചെയ്യും.
സ്വാദ് കൂട്ടാന്‍ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന പലരാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും. ഭക്ഷ്യവിഷബാധ ഹോട്ടലുകളിലും കൂള്‍ബാറുകളിലുമൊക്കെ വര്‍ധിച്ചുവരുന്നതായാണ് അടുത്തിടെയുണ്ടാവുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ സുരക്ഷ ശക്തമാക്കുമെന്ന് പറയുന്നതല്ലാതെ ഇതൊക്കെ ഒന്നോ രണ്ടോ ദിവസം മാത്രമേ ഉണ്ടാവൂ. വീണ്ടും കാര്യക്ഷമമാകണമെങ്കില്‍ അടുത്ത അപകടം സംഭവിക്കണം. അതിശ്രദ്ധയോടെയും വൃത്തിയോടെയും പാകം ചെയ്യേണ്ട ഭക്ഷണമാണ് ഷവര്‍മ്മ. ഈ രണ്ട് കാര്യങ്ങളിലുമുണ്ടാകുന്ന വീഴ്ച്ചയാണ് പലപ്പോഴും ഷവര്‍മ്മയെ വില്ലനാക്കുന്നത്. നേരിട്ട് തീയില്‍ വേവിക്കാത്ത ഭക്ഷണമാണ് ഷവര്‍മ്മ. അതുകൊണ്ട് നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ട്. ഇതൊക്കെ തടയാന്‍ നിയമവും വകുപ്പുമുണ്ട്. ഒന്നും നടക്കുന്നില്ലെന്ന് മാത്രം. ചെറുവത്തൂരിലെ സംഭവത്തില്‍ കര്‍ശനമായ നടപടി ഉണ്ടാവേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it