കേരളത്തിലും നരബലിയോ

ഐശ്വര്യവും സമ്പത്തും വര്‍ധിക്കുമെന്ന വിശ്വാസത്തില്‍ രണ്ട് സ്ത്രീകളെ ബലികൊടുത്ത സംഭവം നടന്നത് കേരളത്തിലാണെന്ന യാഥാര്‍ഥ്യം ഓര്‍ക്കുന്തോറും നടുക്കമുളവാക്കുന്നതാണ്. പണ്ടുകാലങ്ങളില്‍ നരബലി പോലുള്ള ഹിംസാത്മകമായ ദുരാചാരങ്ങള്‍ സജീവമായിരുന്നു. കാലം ഏറെ മാറി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സംസ്‌ക്കാരത്തിലും പുരോഗമനചിന്തയിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ്. എന്നിട്ടുപോലും നമ്മുടെ നാട്ടില്‍ രണ്ട് സ്ത്രീകളെ ആഭിചാരക്രിയകളുടെ ഭാഗമായി ബലി കൊടുത്തുവെന്നറിയുമ്പോള്‍ ആകുലതകള്‍ ഏറെയാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നാളിതുവരെ നടത്തിയ പോരാട്ടങ്ങളൊക്കെ വൃഥാവിലായെന്ന ആശങ്കയാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായിരിക്കുന്നത്. പത്തനംതിട്ട […]

ഐശ്വര്യവും സമ്പത്തും വര്‍ധിക്കുമെന്ന വിശ്വാസത്തില്‍ രണ്ട് സ്ത്രീകളെ ബലികൊടുത്ത സംഭവം നടന്നത് കേരളത്തിലാണെന്ന യാഥാര്‍ഥ്യം ഓര്‍ക്കുന്തോറും നടുക്കമുളവാക്കുന്നതാണ്. പണ്ടുകാലങ്ങളില്‍ നരബലി പോലുള്ള ഹിംസാത്മകമായ ദുരാചാരങ്ങള്‍ സജീവമായിരുന്നു. കാലം ഏറെ മാറി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സംസ്‌ക്കാരത്തിലും പുരോഗമനചിന്തയിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ്. എന്നിട്ടുപോലും നമ്മുടെ നാട്ടില്‍ രണ്ട് സ്ത്രീകളെ ആഭിചാരക്രിയകളുടെ ഭാഗമായി ബലി കൊടുത്തുവെന്നറിയുമ്പോള്‍ ആകുലതകള്‍ ഏറെയാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നാളിതുവരെ നടത്തിയ പോരാട്ടങ്ങളൊക്കെ വൃഥാവിലായെന്ന ആശങ്കയാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ഒരു വ്യാജസിദ്ധന്റെ നിര്‍ദ്ദേശപ്രകാരം ദമ്പതികള്‍ തൊഴിലാളികളായ രണ്ട് സ്ത്രീകളെ ബലി കൊടുത്തിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും വര്‍ധിക്കാന്‍ നരബലി നടത്തണമെന്ന സിദ്ധന്റെ ഉപദേശം ഇവര്‍ വിശ്വസിക്കുകയായിരുന്നു. നരബലി ആസൂത്രണം ചെയ്ത സിദ്ധനാകട്ടെ കൊടും ക്രിമിനലും നിരവധി കേസുകളില്‍ പ്രതിയുമാണ്. 20 ലക്ഷം രൂപയാണ് സിദ്ധന്‍ നരബലിക്ക് പ്രതിഫലമായി കൈപ്പറ്റിയത്. പണത്തിന് വേണ്ടിയാണ് ഇയാള്‍ രണ്ട് സ്ത്രീകളെ ബലി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുന്ന മാനസികാവസ്ഥയിലെത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളില്‍ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കാനുമാകില്ല. ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് ഭഗവത് സിങ്ങ്, ഭാര്യ ലൈല, വ്യാജസിദ്ധന്‍ പെരുമ്പാവൂര്‍ സ്വദേശി ഷാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട് ധര്‍മപുരിയിലെ രംഗന്റെ ഭാര്യ പത്മ, എറണാകുളം കാലടിയിലെ റോസ്‌ലി എന്നിവരാണ് നരബലിക്കിരയായത്. ബലിക്ക് മുമ്പ് ഈ സ്ത്രീകളെ നഗ്നപൂജക്ക് വിധേയരാക്കിയിരുന്നെന്നും കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ വെട്ടിനുറുക്കി മാംസം കഴിച്ചുവെന്നുമുള്ള കൂടുതല്‍ ഞെട്ടലുളവാക്കുന്ന വിവരങ്ങള്‍ കൂടി അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകള്‍ ലോട്ടറി വില്‍പ്പനക്കാരാണ്. കേസിലെ പ്രതികളിലൊരാളായ ഭഗവത് സിംഗ് കവിയും പുരോഗമന ആശയങ്ങളോട് ആഭിമുഖ്യമുള്ള ആളുമാണ്. നല്ല വിദ്യാഭ്യാസവുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ ഇടപെടലും താനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ളതാണ്. അങ്ങനെയുള്ള ഒരു വ്യക്തി അന്ധവിശ്വാസത്തിലെ ക്രൂരമായ മൂര്‍ത്തരൂപമായ നരബലിക്ക് നേതൃത്വം നല്‍കിയെന്നറിയുന്നത് വിരോധാഭാസം തന്നെയാണ്. സമ്പത്തും ഐശ്വര്യവുമുണ്ടാകാന്‍ നരബലി നടത്തണമെന്ന് ഒരാള്‍ ഉപദേശിച്ചാല്‍ അതിന് തയ്യാറാകുന്നവര്‍ വരെ കേരളത്തിലുണ്ടെന്നത് ഭയാനകമായ യാഥാര്‍ഥ്യം തന്നെയാണ്. ആഭിചാരക്രിയകളും ദുര്‍മന്ത്രവാദവും നടത്തുന്ന നിരവധി പേര്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലുണ്ട്. രോഗം വന്നാല്‍ ആസ്പത്രികളില്‍ കൊണ്ടുപോകാതെ ദുര്‍മന്ത്രവാദികള്‍ക്ക് മുന്നില്‍ എത്തിക്കുന്നവരില്‍ വിദ്യാസമ്പന്നര്‍ പോലുമുണ്ട്. മന്ത്രവാദ ചികിത്സക്ക് വിധേയരായി മരണപ്പട്ടവരുടെ കണക്കുകളും ചെറുതല്ല. ദുര്‍മന്ത്രവാദികളും വ്യാജസിദ്ധന്‍മാരും അന്ധവിശ്വാസികളായ ആളുകളുടെ ദുര്‍ബലമായ മാനസികാവസ്ഥയെ മുതലെടുത്താണ് ചൂഷണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്. പത്തനംതിട്ടയിലെ നരബലി കേരളത്തില്‍ സമീപകാലത്തൊന്നും നടക്കാതിരുന്ന വിലയൊരു ക്രൂരകൃത്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നരബലി എന്നത് സാധാരണ സംഭവമാണ്. നമ്മുടെ നാട്ടിലും നരബലി നടത്തുന്നവര്‍ ഉണ്ടെന്നുള്ളത് കേരളത്തിന്റെ അഭിമാനബോധത്തിന് തന്നെ തീരാക്കളങ്കമായിത്തീര്‍ന്നിരിക്കുന്നു. ഇത്തരം സംഘങ്ങള്‍ ഉള്ള നാടുകളില്‍ സ്ത്രീകള്‍ മാത്രമല്ല കുട്ടികളും സുരക്ഷിതരായിരിക്കില്ല. നരബലിക്കായി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുക എളുപ്പമുള്ള കാര്യമാണ്. വലിയ രീതിയിലുള്ള സാമൂഹിക ജാഗ്രത എല്ലാ ഇടങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. ലഹരിക്കെതിരെ മാത്രമല്ല അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ശക്തമായ ബോധവല്‍ക്കരണം അനിവാര്യമായിരിക്കുന്നു. അന്ധവിശ്വാസങ്ങളുടെ മറവിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സമൂഹമനസാക്ഷി ഉണരണം. ആഭിചാരക്രിയകളും ദുര്‍മന്ത്രവാദങ്ങളും നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it