ഡെങ്കിപ്പനി പടരുന്നു; ജാഗ്രത വേണം

ഇടവിട്ടുള്ള മഴ പെയ്യുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണ പനിയും ഡെങ്കിപനിയും പടര്‍ന്നു പിടിക്കുകയാണ്. മലയോരമേഖലയിലാണ് ഡെങ്കിപ്പനി വ്യാപകമായി പടരുന്നത്. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലായി നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. നിരവധി പേര്‍ രോഗലക്ഷണങ്ങളോടെ ആസ്പത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. വേനല്‍ മഴയെ തുടര്‍ന്ന് പലസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇതൊഴിവാക്കുന്നതടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വീട്ടുപരിസരങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാവാതെ നോക്കുന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ചിരട്ടകള്‍, വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ […]

ഇടവിട്ടുള്ള മഴ പെയ്യുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണ പനിയും ഡെങ്കിപനിയും പടര്‍ന്നു പിടിക്കുകയാണ്. മലയോരമേഖലയിലാണ് ഡെങ്കിപ്പനി വ്യാപകമായി പടരുന്നത്. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലായി നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. നിരവധി പേര്‍ രോഗലക്ഷണങ്ങളോടെ ആസ്പത്രികളില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. വേനല്‍ മഴയെ തുടര്‍ന്ന് പലസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇതൊഴിവാക്കുന്നതടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വീട്ടുപരിസരങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാവാതെ നോക്കുന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ചിരട്ടകള്‍, വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങിയവയിലൊക്കെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരാം. പകല്‍ നേരത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പടര്‍ത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയാന്‍ പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവശ്യമാണ്. വെള്ളത്തിലെത്തും വരെ നശിക്കാതിരിക്കാനുള്ള ഈഡിസ് കൊതുകുമുട്ടകളുടെ സവിശേഷതയും രോഗവ്യാപനത്തിന്റെ തോത് കൂട്ടാന്‍ ഇടയാക്കുന്നുണ്ട്. മലയോര മേഖലകളില്‍ റബ്ബര്‍, കവുങ്ങ് തോട്ടം മേഖലയിലും തീരദേശത്തെയും പട്ടണങ്ങളിലെയും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും കൊതുകുകള്‍ കൂട്ടത്തോടെ വളരുന്നു. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ വളരുന്നത്. ചിരട്ടകള്‍ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ കമഴ്ത്തി വെച്ചാല്‍ ഇതിന് പരിഹാരമാവും. കവുങ്ങിന്‍ തോട്ടത്തില്‍ വീണു കിടക്കുന്ന പാളകളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. പാളകള്‍ പെറുക്കിയെടുത്ത് കത്തിച്ചുകളയുകയോ കയര്‍കെട്ടി അതില്‍ തൂക്കിയിടുകയോ ചെയ്താല്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാവും. ടാപ്പിങ്ങ് നിര്‍ത്തിയ റബ്ബര്‍ തോട്ടങ്ങളില്‍ നിന്ന് ചിരട്ടകള്‍ മാറ്റിവെക്കണം. ആരോഗ്യവകുപ്പ് അധികൃതരാണ് ഇതിന് നിര്‍ദ്ദേശം നല്‍കേണ്ടത്. ഉപയോഗശൂന്യമായ പാത്രങ്ങള്‍, ടയറുകള്‍, കുപ്പികള്‍ തുടങ്ങിയവയൊക്കെ നാം വലിച്ചെറിയാറാണ് പതിവ്. ഇവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ മഴ നനയാതെ സൂക്ഷിക്കുകയോ വേണം. വെള്ള സംഭരണികളും പാത്രങ്ങളും കൊതുക് കടക്കാത്ത വിധം മൂടിവെക്കണം. പെട്ടെന്നുള്ള അസഹ്യമായ തലവേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖത്തിലും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ടെറസിന് മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പ് ചവറുകളും മണ്ണും മറ്റ് മാലിന്യവും നീക്കം ചെയ്യണം. രോഗാണു ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രണ്ട് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. കടുത്ത പനി, തലവേദന, കണ്ണിന് ചുറ്റുമുള്ള വേദന, പേശികളിലും സന്ധികളിലും വേദന തുടങ്ങിയവയുണ്ടെങ്കില്‍ ആസ്പത്രികളിലെത്തി ചികിത്സ തേടണം. അധികപേരിലും അത്ര ഗൗരവമല്ലാത്ത രീതിയിലായിരിക്കും ഡെങ്കിപ്പനി പടരുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇത് ഗുരുതരമാകും. ടൈപ്പ്-2 വൈറസ് മൂലമാണിത് സംഭവിക്കുന്നത്. സാധാരണ ഡെങ്കിയാണെങ്കില്‍ പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന പനിയാണ് ഉണ്ടാവുക. ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സ ഇല്ലെങ്കില്‍ കൂടി ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. വീടും പരിസരങ്ങളും കൊതുകിന് വളരാന്‍ പറ്റാത്ത രീതിയിലാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരിക്കുന്നത്.

Related Articles
Next Story
Share it