കോവിഡ്; ജാഗ്രത തുടരുക തന്നെ വേണം

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കോവിഡ് വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഏറെ വര്‍ധിച്ചു. പല സംസ്ഥാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇത് പുന:സ്ഥാപിക്കാന്‍ ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പും പരിശോധനകളും വര്‍ധിപ്പിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. […]

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കോവിഡ് വര്‍ധിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഏറെ വര്‍ധിച്ചു. പല സംസ്ഥാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇത് പുന:സ്ഥാപിക്കാന്‍ ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പും പരിശോധനകളും വര്‍ധിപ്പിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് അല്‍പം വിട്ടുനിന്നതോടെ വിവാഹ മാമാങ്കങ്ങളും പൊതുപരിപാടികളുമൊക്കെ പഴയതുപോലെത്തന്നെ ആയിക്കഴിഞ്ഞു. ഉത്സവാഘോഷങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കുമൊക്കെ ആയിരങ്ങള്‍ പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പ്രതിദിനം 100ല്‍ താഴെയുണ്ടായിരുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ 300 കടന്നു. കോവിഡ് ജാഗ്രത കൈവെടിയാന്‍ നേരമായിട്ടില്ലെന്ന സൂചനയാണ് ഇതൊക്കെ നല്‍കുന്നത്. പൊതുസ്ഥലങ്ങളില്‍ പോലും മാസ്‌ക് ഉപയോഗിക്കാന്‍ ആരും തയ്യാറാവുന്നില്ല.
വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും പകര്‍ച്ചാശേഷി കൂടുതലാണെന്ന് ആരോഗ്യ വിധഗ്ദര്‍ മുന്നറിയിപ്പ് തരുന്നു. ജില്ലകളില്‍ രോഗികളുടെ എണ്ണം ഉയരുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കാന്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടോ എന്നും നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ ദിവസം 0.52 ശതമാനമായിരുന്നു. ഒരാഴ്ച്ചത്തെ ശരാശരിയാകട്ടെ 1.71 ശതമാനവും. ഏപ്രില്‍ 17നും 22നുമിടയില്‍ 1790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 ദിവസത്തിനുള്ളില്‍ 907 പേര്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം 10 മുതല്‍ 18 വരെ ഒട്ടുമിക്ക ദിവസങ്ങളിലും രോഗികളുടെ എണ്ണം 300ല്‍ താഴെയായിരുന്നു. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണം മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും ആരോഗ്യവകുപ്പ് നിര്‍ത്തലാക്കുകയും ചെയ്തു. പൊതുജനങ്ങളില്‍ ജാഗ്രതക്കുറവുണ്ടാക്കാന്‍ ഇതും കാരണമായി. വാക്‌സിന്‍ എടുക്കുന്നതിലും ഇപ്പോള്‍ അമാന്തം കാണിച്ചു തുടങ്ങിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞവര്‍ക്ക് കരുതല്‍ വാക്‌സിന്‍ നല്‍കുന്നുണ്ടെങ്കിലും ആരും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നില്ല.
പൂന്നെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് കോവിഷീല്‍ഡ് വാക്‌സിന്റെ ഉല്‍പാദനം തന്നെ നിര്‍ത്തിവെച്ചിരിക്കയാണ്. വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഉല്‍പാദനവും മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്ന് കെട്ടിക്കിടക്കുകയാണത്രെ. സൗജന്യമായി മരുന്ന് നല്‍കാമെന്ന് പറഞ്ഞിട്ടും ആവശ്യക്കാരില്ലാത്ത സ്ഥിതിയാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിനു വേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമോടിയിരുന്നു.
രാജ്യത്ത് ഭൂരിഭാഗം പേരും കുത്തിവെപ്പടുത്തു കഴിഞ്ഞതും കോവിഡിനോട് പൊരുത്തപ്പെട്ട് ജീവിച്ചു തുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതുമൊക്കെ വാക്‌സിന്‍ ഉപയോഗത്തെ ബാധിച്ചിരിക്കാം. കൊറോണ വൈറസ് ബാധിച്ചവരില്‍ ലോകത്ത് 30 ശതമാനത്തിനും കോവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാക്‌സിന്‍ എടുക്കേണ്ട കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും ഉണ്ടാവരുത്. വീണ്ടുമൊരു തരംഗത്തിന് സാധ്യതയില്ലെങ്കിലും ജാഗ്രത കൈവിടാനായില്ലെന്നാണ് മനസിലാക്കേണ്ടിയിരിക്കുന്നത്.

Related Articles
Next Story
Share it