എയിംസ് കാസര്‍കോടിന് തന്നെ വേണം

ഒടുവില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തത്വത്തില്‍ കേരളത്തിന് അനുവദിക്കാന്‍ ധാരണയായിരിക്കയാണ്. 2015ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ച എയിംസിനായി ഇങ്ങനെയൊരു ചുവടുവെപ്പിനായി കേന്ദ്രം തയ്യാറായതോടെ സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യം നിറവേറ്റാന്‍ വഴിയൊരുങ്ങിയിരിക്കയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. പുതിയ എയിംസിനായി അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോടിന്റെ ആരോഗ്യപിന്നോക്കാവസ്ഥ കണക്കിലെടുത്ത് എയിംസ് കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യം വളരെ മുമ്പേ ഉന്നയിച്ചു വരുന്നതാണ്. എന്നാല്‍ സംസ്ഥാന […]

ഒടുവില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തത്വത്തില്‍ കേരളത്തിന് അനുവദിക്കാന്‍ ധാരണയായിരിക്കയാണ്. 2015ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ച എയിംസിനായി ഇങ്ങനെയൊരു ചുവടുവെപ്പിനായി കേന്ദ്രം തയ്യാറായതോടെ സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യം നിറവേറ്റാന്‍ വഴിയൊരുങ്ങിയിരിക്കയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. പുതിയ എയിംസിനായി അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തു നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോടിന്റെ ആരോഗ്യപിന്നോക്കാവസ്ഥ കണക്കിലെടുത്ത് എയിംസ് കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യം വളരെ മുമ്പേ ഉന്നയിച്ചു വരുന്നതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ഈ ആവശ്യത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് വേണം കരുതാന്‍. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു നല്‍കിയ സ്ഥലങ്ങളില്‍ കാസര്‍കോട് ഇല്ല എന്നതാണ് ദു:ഖകരമായ അവസ്ഥ. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഏതാനും സ്ഥലങ്ങളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അന്തിമ പരിശോധന നടത്തി സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. ഇതില്‍ കോഴിക്കോടിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നറിയുന്നു. കോഴിക്കോട്ടെ കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 200 ഏക്കര്‍ സ്ഥലം കണ്ടുവെച്ചിട്ടുണ്ടത്രെ. കോഴിക്കോട്ട് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മെഡിക്കല്‍ കോളേജും സ്വകാര്യ മേഖലയില്‍ നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളും ഉണ്ട്. പിന്നോക്ക ജില്ലയായ കാസര്‍കോട് രോഗത്തിന് ചികിത്സ കിട്ടണമെങ്കില്‍ അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്കോ കണ്ണൂരിലേക്കോ പോകണം. കാസര്‍കോട് എയിംസിനായി വലിയൊരു ജനകീയ സമരം നടന്നു വരുന്നുണ്ട്. കാസര്‍കോട് എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം. അനിശ്ചിതകാല നിരാഹാരം കഴിഞ്ഞ ദിവസമാണ് 101 ദിവസം പിന്നിട്ടത്. എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന ജില്ലയാണെന്ന ഒറ്റ കാരണം മതി എയിംസിനായി കാസര്‍കോടിനെ പരിഗണിക്കാന്‍. ഭരണകൂടത്തിന്റെ അതിക്രമത്തില്‍ നൊന്തു ജീവിക്കുന്നവരാണവര്‍. ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചാവണം ഭരണകൂടം തീരുമാനമെടുക്കേണ്ടത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമാണ് കാസര്‍കോട്. ആരോഗ്യമേഖലയില്‍ മറ്റ് ജില്ലകള്‍ സ്വയം പര്യാപ്തമാണ്. ഇവിടെ പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഒറ്റ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയുമില്ലെന്ന കാര്യം തലപ്പത്തുള്ളവര്‍ മനസിലാക്കണം. ജില്ലയില്‍ നിന്നുള്ള എം.പിയും എം.എല്‍.എമാരും രാഷ്ട്രീയ നേതാക്കളും ഇതിനായി ശബ്ദമുയര്‍ത്തിയിട്ടുണ്ടെങ്കിലും ഇനിയാണ് ശക്തമായ രീതിയില്‍ പ്രതികരിക്കേണ്ടത്. കാസര്‍കോടിന്റെ ആവശ്യം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുത്. വിഷമഴയില്‍ പൊള്ളലേറ്റവര്‍ക്ക് ചികിത്സ പോലും നിഷേധിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിഷേധം ഇനിയും കനക്കണം. ഇവിടെ ഒരു മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇപ്പോഴും അത് പ്രാരംഭദിശയില്‍ തന്നെ കിടക്കുന്നു. ഈയിടെ കിഫ്ബിയില്‍ നിന്ന് കെട്ടിടനിര്‍മ്മാണത്തിനായി 160 കോടി രൂപ അനുവദിച്ചെങ്കിലും പണി മുന്നോട്ട് നീങ്ങുന്നില്ല. കാസര്‍കോട് നിന്നുള്ള രോഗികളത്രയും മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിക്കൊണ്ടിരുന്നപ്പോള്‍ കാസര്‍കോട്ടുകാര്‍ രോഗികളെയും കൊണ്ട് ഓടിയത് മംഗളൂരുവിലേക്കാണ്. എന്നാല്‍ കര്‍ണ്ണാടകയില്‍ രോഗം പടരുമെന്ന കാരണത്താല്‍ അങ്ങോട്ടുള്ള എല്ലാ വഴികളും മണ്ണിട്ട് അടച്ച കാര്യം കേരളമൊട്ടുക്ക് ചര്‍ച്ചചെയ്തതായിരുന്നു. ഗുരുതരാവസ്ഥയിലായ 18 രോഗികളാണ് പാതി വഴിയില്‍ പിടഞ്ഞു മരിച്ചത്. കോവിഡിന് മുമ്പ് കാസര്‍കോട്ടെ രോഗികളെ പിഴിഞ്ഞ് കീശ വീര്‍പ്പിച്ച അവിടത്തെ സ്വകാര്യആസ്പത്രികള്‍ പോലും ഈ സമയത്ത് കൈ മലര്‍ത്തുകയായിരുന്നു. ഈയൊരവസ്ഥ മറ്റൊരു ജില്ലക്കുമില്ല. നമ്മുടെ ആരോഗ്യ രംഗം എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണ്. ജീവിതത്തില്‍ സമാനതകളില്ലാത്ത ദുരിതം പേറുന്ന എന്‍ഡോസള്‍ഫാന്‍ രോഗികളെപ്പോലും താങ്ങിപിടിച്ച് നമുക്ക് കര്‍ണാടകയിലേക്ക് പോകേണ്ടിവരുന്ന ഗതികേട് ആരോട് പറയാന്‍. കിഡ്‌നി, കരള്‍ രോഗം, ഹൃദ്രോഗം തുടങ്ങിയവയ്‌ക്കൊക്കെ ചികിത്സ തേടുന്നവര്‍ മംഗളൂരുവിനെയോ കോഴിക്കോടിനേയോ ആണ് ആശ്രയിക്കേണ്ടിവരുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും കോട്ടയത്തുമൊക്കെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ നിറഞ്ഞിരിക്കുമ്പോള്‍ വീണ്ടും അവിടെത്തന്നെ എയിംസ് സ്ഥാപിക്കണമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. കാസര്‍കോട് ജില്ലയുടെ മുറവിളി ബന്ധപ്പെട്ടവര്‍ കാണാതിരുന്നുകൂടാ. ഭരണപക്ഷത്തുള്ള എം.എല്‍.എമാരാണ് ജില്ലയില്‍ കൂടുതലുള്ളത്. കാസര്‍കോടിന്റെ ആവശ്യം സംസ്ഥാന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ബോധ്യപ്പെടുത്താനാവണം. എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിയണം. കോഴിക്കോട്ട് മാത്രമല്ല എയിംസിന് സ്ഥലമുള്ളത്. കാസര്‍കോട്ട് നൂറുകണക്കിന് ഏക്കര്‍ ഭൂമി നല്‍കാന്‍ സാധിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി സംഘത്തെ കാസര്‍ക്കോട്ടെത്തിക്കാനും നമ്മുടെ ജനപ്രതിനിധികള്‍ക്ക് കഴിയണം.

Related Articles
Next Story
Share it