സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാടയഴിക്കല്‍

സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍ക്കല്‍ നടപടി തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. ഓരോ ദിവസവും വരുന്ന ഫയലുകള്‍ കെട്ടിക്കിടക്കാന്‍ വിടാതെ അപ്പപ്പോള്‍ തീര്‍പ്പാക്കണമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറയുന്നത്. ഇതിന് പലപ്പോഴായി ജില്ലാതലങ്ങളില്‍ അദാലത്തുകളും നടത്താറുണ്ട്. എന്നാലും ചുവപ്പുനാടയഴിക്കാന്‍ ഇപ്പോഴും മാസങ്ങള്‍ തന്നെ വേണ്ടിവരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഉദ്യോഗസ്ഥരുടെ മുമ്പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരുടെ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍പോലും ഫലം കാണുന്നില്ലെന്ന് വന്നപ്പോഴാണ് അദാലത്തുകള്‍ സംഘടിപ്പിച്ച് ഫയല്‍ തീര്‍ക്കുവാനുള്ള ശ്രമം ആരംഭിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഉദ്യോഗസ്ഥര്‍ക്ക് പലതവണ നിര്‍ദ്ദേശങ്ങള്‍ […]

സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ തീര്‍ക്കല്‍ നടപടി തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. ഓരോ ദിവസവും വരുന്ന ഫയലുകള്‍ കെട്ടിക്കിടക്കാന്‍ വിടാതെ അപ്പപ്പോള്‍ തീര്‍പ്പാക്കണമെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറയുന്നത്. ഇതിന് പലപ്പോഴായി ജില്ലാതലങ്ങളില്‍ അദാലത്തുകളും നടത്താറുണ്ട്. എന്നാലും ചുവപ്പുനാടയഴിക്കാന്‍ ഇപ്പോഴും മാസങ്ങള്‍ തന്നെ വേണ്ടിവരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഉദ്യോഗസ്ഥരുടെ മുമ്പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരുടെ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍പോലും ഫലം കാണുന്നില്ലെന്ന് വന്നപ്പോഴാണ് അദാലത്തുകള്‍ സംഘടിപ്പിച്ച് ഫയല്‍ തീര്‍ക്കുവാനുള്ള ശ്രമം ആരംഭിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഉദ്യോഗസ്ഥര്‍ക്ക് പലതവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഫയലുകള്‍ കുന്നു കൂടുന്നത് ഒഴിവാക്കാനായിട്ടില്ല. വകുപ്പ് മേധാവികള്‍, പ്രാദേശിക ജില്ലാ മേധാവിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫയലുകളില്‍ തീര്‍പ്പുണ്ടാക്കേണ്ടത്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വിരസത കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറയുന്നതല്ലാതെ അതിനാരും ധൈര്യം കാണിക്കാറില്ല.
ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസ് സമയങ്ങളില്‍ കൃത്യമായി അവിടെ ഉണ്ടാവാത്തതു തന്നെയാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന് ഒരു കാരണം. അവര്‍ കൃത്യസമയത്ത് ഓഫീസ് ജോലി തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്താല്‍ തന്നെ ഇതിന് വലിയ മാറ്റം വരും. ഓഫീസ് സമയത്ത് ജീവനക്കാര്‍ കൃത്യമായി ഓഫീസിലെത്തുന്നതിനാണ് പഞ്ചിങ്ങ് സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ രാവിലെ പഞ്ച് ചെയ്ത് ഓഫീസില്‍ കയറിയാല്‍ പിന്നീട് വൈകിട്ടത്തെ പഞ്ചിങ്ങ് വരെ എവിടെയെങ്കിലും ചുറ്റിക്കറങ്ങി വരുന്നവര്‍ നിരവധിയുണ്ട്. യൂണിയന്‍ പ്രവര്‍ത്തകരാണ് ഇതില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാനുള്ള ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അത് കൊണ്ടുവരുന്നതിന് മുമ്പേ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവും ഉയര്‍ത്തിക്കഴിഞ്ഞു. ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നതോടെ പുതിയ പഞ്ചിങ്ങ് കാര്‍ഡ് നിലവില്‍ വരും.
ബയോമെട്രിക്ക് പഞ്ചിങ്ങ് കഴിഞ്ഞാല്‍ മാത്രമേ ഓരോ ബ്ലോക്കുകളിലും അകത്തേക്കുള്ള വാതില്‍ തുറക്കൂ. പുറത്തിറങ്ങണെമെങ്കിലും പഞ്ചിങ്ങ് ചെയ്യണം. അരമണിക്കൂറില്‍ കൂടുതല്‍ സെക്ഷനില്‍ നിന്ന് പുറത്തു പോകുന്നതിന് മതിയായ കാരണമുണ്ടാവണം. അല്ലാത്തപക്ഷം ഓഫീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കണക്കാക്കും. ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ഇത് ബന്ധിപ്പിക്കുകയാണ് അടുത്ത നടപടി. അതിനാല്‍ത്തന്നെ വിട്ടുനില്‍ക്കുന്ന മണിക്കൂറുകള്‍ ലീവായി പരിഗണിക്കപ്പെട്ടേക്കും. സെക്രട്ടറിയേറ്റു പരിസരവും ക്യാമറ നിരീക്ഷണത്തിലുമായിരിക്കും. സെക്രട്ടറിയേറ്റില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ ഏത് സെക്ഷനില്‍ ആരെ കാണുന്നുവെന്നത് സന്ദര്‍ശക കാര്‍ഡ് വഴി നിയന്ത്രിക്കപ്പെടും. നിലവില്‍ സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ്ങ് നിലവിലുണ്ട്. രാവിലെയും വൈകിട്ടും പഞ്ച് ചെയ്യണം. രാവിലെ പഞ്ച് ചെയ്തതിനു ശേഷം പുറത്തുപോകാന്‍ തടസമില്ല. ഗെയ്റ്റില്‍ ആരും തടയുകയുമില്ല. ഈ സൗകര്യം പലരും ദുരുപയോഗം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാവിലെ വൈകുകയോ വൈകിട്ട് നേരത്തേ പോകുന്നതോ ആയി മാസം 300 മിനിട്ട് വരെ ജീവനക്കാര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ കൂടുതലായാണ് ലീവായി പരിഗണിക്കുന്നത്. ഫയലുകള്‍ തീര്‍പ്പാക്കാനും സാധാരണ ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും ഇത്തരം പരിഷ്‌ക്കാരങ്ങള്‍ ഉണ്ടായേ മതിയാവൂ.

Related Articles
Next Story
Share it