ദയാബായിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് മുഖം തിരിച്ചുനില്‍ക്കുന്ന അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സഹനസമരം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിന് എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണമെന്ന ആവശ്യവും ദയാബായി ഉന്നയിക്കുന്നുണ്ട്. കേരളം കേന്ദ്രത്തിന് നല്‍കിയ എയിംസ് പ്രപ്പോസലില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എയിംസ് ഏറ്റവും കൂടുതല്‍ ആവശ്യമായിരിക്കുന്നത് കാസര്‍കോട് ജില്ലക്ക് […]

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് മുഖം തിരിച്ചുനില്‍ക്കുന്ന അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സഹനസമരം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിന് എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണമെന്ന ആവശ്യവും ദയാബായി ഉന്നയിക്കുന്നുണ്ട്. കേരളം കേന്ദ്രത്തിന് നല്‍കിയ എയിംസ് പ്രപ്പോസലില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എയിംസ് ഏറ്റവും കൂടുതല്‍ ആവശ്യമായിരിക്കുന്നത് കാസര്‍കോട് ജില്ലക്ക് തന്നെയാണ്. ഇവിടെയാണ് ജനിതകവൈകല്യങ്ങളും മാരകരോഗങ്ങളും ബാധിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ളതെന്നതുതന്നെ ജില്ലക്ക് എയിംസ് അനുവദിച്ചുകിട്ടാന്‍ മതിയായ കാരണമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മാത്രമല്ല മാരകരോഗങ്ങള്‍ ബാധിച്ച മറ്റുള്ളവര്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആസ്പത്രികള്‍ കാസര്‍കോട് ജില്ലയിലില്ല. കാസര്‍കോട് ജില്ലക്കാര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാകാന്‍ ഉപകരിക്കുമെന്ന് കരുതിയിരുന്ന ഇവിടത്തെ ഗവ. മെഡിക്കല്‍ കോളേജിന്റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. ജില്ലയിലെ എല്ലാ ഭാഗത്തുമുള്ളവര്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാപിക്കുന്നതിന് പകരം കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബദിയടുക്കക്കടുത്ത് ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളേജ് അനുവദിച്ചത്. സാധാരണ സര്‍ക്കാര്‍ ആസ്പത്രികളിലുള്ള സൗകര്യം മാത്രമേ ഈ മെഡിക്കല്‍ കോളേജിലുള്ളൂ. മെഡിക്കല്‍ കോളേജ് എന്ന് പറയാവുന്ന തരത്തിലുള്ള വിദഗ്ധ ചികിത്സയൊന്നും ഇവിടെ ലഭിക്കുന്നില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റാലോ മാരകരോഗങ്ങള്‍ ബാധിച്ചാലോ കാസര്‍കോട് ജില്ലക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കില്‍ മംഗളൂരുവിലെ ആസ്പത്രികളിലേക്കോ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ പോകണം. മംഗളൂരുവിലെ ആസ്പത്രികളിലെ ഭീമമായ ചികിത്സാചെലവ് താങ്ങാനാകാത്തതിനാല്‍ പാവപ്പെട്ട കുടുംബങ്ങളിലെ പല രോഗികള്‍ക്കും വിദഗ്ധ ചികിത്സ അപ്രാപ്യമായി തീരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കാസര്‍കോട്ടെ ചികിത്സാ സംബന്ധമായ അപര്യാപ്തതകള്‍ മനസിലാക്കി ദയാബായി നിരാഹാരസമരത്തിനിറങ്ങിയത്. കാസര്‍കോട് ജില്ലക്കുവേണ്ടി ദയാബായി ഇങ്ങനെയൊരു സഹനസമരം ഏറ്റെടുത്തത് നമ്മുടെ ജില്ലക്ക് അഭിമാനകരം തന്നെയാണ്. എന്നാല്‍ നിരാഹാരസമരം തുടരുന്നതിനാല്‍ ദയാബായിയുടെ ആരോഗ്യസ്ഥിതി മോശമായി വരികയാണെന്നത് ആശങ്ക സൃഷ്ടിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് ദയാബായി പറയുന്നത്. സര്‍ക്കാരാണെങ്കില്‍ ദയാബായിയുടെ സമരത്തെ കണ്ടഭാവം നടിക്കുന്നില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ ദയാബായിയുടെ ജീവന്‍ തന്നെ അപകടത്തിലാകും. കാസര്‍കോട് ജില്ലയുടെ എയിംസ് വേണം എന്നതടക്കമുള്ള ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണം. ദയാബായിയുടെ ജീവന്‍ സംരക്ഷിക്കപ്പെടുകയും വേണം. ഇതിനുവേണ്ട ഇടപെടല്‍ സര്‍ക്കാര്‍ നടത്തണം. ഇനിയും കാലതാമസം അരുത്.

Related Articles
Next Story
Share it