വീണ്ടും ചോരക്കളി

പാലക്കാട്ട് 24 മണിക്കൂറിനിടയിലാണ് രണ്ട് പേര്‍ വെട്ടേറ്റു മരിച്ചത്. ഒരാള്‍ എസ്.ഡി.പി.ഐ നേതാവും മറ്റേയാള്‍ ആര്‍.എസ്.എസ് നേതാവും. മുമ്പ് കണ്ണൂരിലും തലശ്ശേരിയിലുമാണ് പകരത്തിന് പകരമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊലപാതകങ്ങള്‍ നടന്നത്. പാലക്കാട്ട് സമാധാനാന്തരീക്ഷം നിലനിന്ന സ്ഥലമാണ്, എന്തുകൊണ്ട് ഈ മണ്ണ് ഈ രീതിയിലേക്ക് മാറി എന്നത് ഗഹനമായി ചിന്തിക്കേണ്ട കാര്യമാണ്. ഒരു കൊലപാതകം നടന്നപ്പോള്‍ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടി സ്വകരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രണ്ടാമത്തെ കൊലപാതകം നടക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളിയില്‍ പോയി […]

പാലക്കാട്ട് 24 മണിക്കൂറിനിടയിലാണ് രണ്ട് പേര്‍ വെട്ടേറ്റു മരിച്ചത്. ഒരാള്‍ എസ്.ഡി.പി.ഐ നേതാവും മറ്റേയാള്‍ ആര്‍.എസ്.എസ് നേതാവും. മുമ്പ് കണ്ണൂരിലും തലശ്ശേരിയിലുമാണ് പകരത്തിന് പകരമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊലപാതകങ്ങള്‍ നടന്നത്. പാലക്കാട്ട് സമാധാനാന്തരീക്ഷം നിലനിന്ന സ്ഥലമാണ്, എന്തുകൊണ്ട് ഈ മണ്ണ് ഈ രീതിയിലേക്ക് മാറി എന്നത് ഗഹനമായി ചിന്തിക്കേണ്ട കാര്യമാണ്. ഒരു കൊലപാതകം നടന്നപ്പോള്‍ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടി സ്വകരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രണ്ടാമത്തെ കൊലപാതകം നടക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളിയില്‍ പോയി പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് രണ്ടാമത്തെ കൊലപാതകം അരങ്ങേറിയത്. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ സെക്കന്റ് ഹാന്റ് ബൈക്ക് വില്‍പ്പന നടത്തുന്ന യുവാവിനെയാണ് വെട്ടിക്കൊന്നത്. കൊല, പകരം കൊല എന്ന മനോഭാവം ഭ്രാന്തമായി പടരുമ്പോള്‍ കേരളത്തിന്റെ പേരിനാണ് കളങ്കം വന്നു ചേരുന്നത്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന നേതാവിനെയും ഇതിന്റെ പ്രതികാരമെന്നോണം യുവമോര്‍ച്ച സെക്രട്ടറിയെ കൊല ചെയ്ത സംഭവവും നടന്നിട്ട് ആറുമാസമായില്ല. ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവമോര്‍ച്ച നേതാവിനെ വെട്ടിവീഴ്ത്തിയത്. ഇതിന്റെ പ്രതികാരമായിട്ടാണത്രെ പാലക്കാട്ട് എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പുള്ള സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് പാലക്കാട്ടെ കൊലകളെന്നാണ് പൊലീസ് അനുമാനം. സാക്ഷരതയിലും മറ്റു പല കാര്യങ്ങളിലും മുമ്പിലെന്ന് നടിക്കുന്ന കേരളത്തില്‍ തന്നെയാണ് ഇത്തരം ഹീനമായ കൊലകളും അരങ്ങേറുന്നത്. പൊലീസ് വിചാരിച്ചാല്‍ രാഷ്ട്രീയ കൊലപാതകങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനാവില്ല. അതിന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ വിചാരിക്കണം. കൊലപാതകികളെ മാത്രമല്ല അതിന് ഒത്താശ ചെയ്തുകൊടുക്കുന്നവരെ കൂടി പിടികൂടാന്‍ കഴിയണം. കുറ്റക്കാരെ തള്ളിപ്പറയുന്നതിന് പകരം അവരെ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. കൊലപാതകങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമാകുന്നത് ഈ അവസ്ഥ കൊണ്ട് തന്നെ. ഏതാനും ആഴ്ച മുമ്പാണ് തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചത്. കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുമ്പോള്‍ അക്രമികള്‍ വീടിനടുത്ത് വെച്ച് മത്സ്യത്തൊഴിലാളിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുറേ കാലമായി തലശ്ശേരിയില്‍ നിലനിന്ന സമാധാനമാണ് ഇതോടെ തകര്‍ന്നത്. അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന രാഷ്ട്രീയ കുടിപ്പകയാണ് തലശ്ശേരിയെ കഠാര രാഷ്ട്രീയത്തിലെത്തിച്ചത്. ഇവിടെ പുറമേക്ക് മാത്രമല്ല, അകത്തും സമാധാനശ്രമം നിലനിന്നിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കണമെന്ന് ബി.ജി.പി,യും സി.പി.എമ്മും ദൃഢനിശ്ചയം എടുത്തതോടെയാണ് സമാധാനം കൈവരിച്ചത്. പാലക്കാട്ടും ബി.ജെ.പി.യും എസ്.ഡി.പി.ഐ.യും ഈ രീതിയിലേക്ക് എത്തണം. നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് അടിത്തട്ടിലെ പ്രവര്‍ത്തകരെ നിയന്ത്രിക്കുകയും പ്രശ്‌നം പരിഹരിക്കുകയും വേണം. തീയായി പടരും മുമ്പ് ഊതിയണക്കാനുള്ള ശ്രമമാണ് പാലക്കാട്ടും വേണ്ടത്. സംഘര്‍ഷത്തിന്റെ പാത വേണ്ടെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിചാരിക്കണം. എന്നാല്‍ മാത്രമേ ഇനിയും ഇവിടെ സമാധാനം പുലരു. അതിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെ മുന്‍കൈയെടുക്കണം.

Related Articles
Next Story
Share it