പേവിഷബാധ; മരുന്നെത്തിക്കണം

നായ്ക്കളുടെയും പേപ്പട്ടികളുടെയും എണ്ണം അനുദിനം പെരുകി വരുമ്പോഴും ആസ്പത്രികളില്‍ പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പിനുള്ള മരുന്ന് ഇല്ലാതായിട്ട് ആഴ്ചകളായി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയിലും മരുന്ന് ലഭ്യമല്ല. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 400 ഡോസ് മരുന്ന് ഈയിടെയാണ് തീര്‍ന്നത്. സാമ്പത്തികവര്‍ഷം അവസാനിച്ചതിനാല്‍ സാങ്കേതികമായുള്ള കാരണത്താലാണ് മരുന്നെത്താന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ മാര്‍ച്ചില്‍ തന്നെ മരുന്ന് തീര്‍ന്നിരുന്നു. തുടര്‍ന്ന് […]

നായ്ക്കളുടെയും പേപ്പട്ടികളുടെയും എണ്ണം അനുദിനം പെരുകി വരുമ്പോഴും ആസ്പത്രികളില്‍ പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പിനുള്ള മരുന്ന് ഇല്ലാതായിട്ട് ആഴ്ചകളായി. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയിലും മരുന്ന് ലഭ്യമല്ല. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 400 ഡോസ് മരുന്ന് ഈയിടെയാണ് തീര്‍ന്നത്. സാമ്പത്തികവര്‍ഷം അവസാനിച്ചതിനാല്‍ സാങ്കേതികമായുള്ള കാരണത്താലാണ് മരുന്നെത്താന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ മാര്‍ച്ചില്‍ തന്നെ മരുന്ന് തീര്‍ന്നിരുന്നു. തുടര്‍ന്ന് മരുന്നെത്താന്‍ വൈകുമെന്നും പ്രാദേശിക വിപണിയില്‍ നിന്ന് വാങ്ങണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് എച്ച്.എം.സി ഫണ്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ ഉപയോഗിച്ച് 300 ഡോസ് മരുന്ന് വാങ്ങിയിരുന്നു. അതും തീര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ഇതാണ് സ്ഥിതി. ഈയിടെ പടന്ന എടച്ചാക്കെയില്‍ രണ്ടരവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് മരുന്നില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് കുത്തിവെപ്പെടുത്തത്. തെരുവ് നായ്ക്കളുടെ ശല്യം അടുത്തകാലത്തായി വര്‍ധിച്ചിരിക്കയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജോലിക്ക് പോകുന്നവരും ആരാധനാലയങ്ങളിലേക്ക് പോകുന്നവരുമൊക്കെയാണ് വലിയ ഭീഷണി നേരിടുന്നത്. ഇരുചക്ര വാഹനങ്ങളുടെ പിറകെ നായ്ക്കള്‍ ഓടുന്നതും അവ വാഹനങ്ങള്‍ക്ക് മുമ്പില്‍ ചാടുന്നതും പലപ്പോഴും അപകട ഭീഷണിയുയര്‍ത്തുന്നു. വഴിയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന തെരുവ് നായ്ക്കള്‍ യാത്രക്കാര്‍ക്ക് എപ്പോഴും ഭീഷണിയാണ്. ഈ വര്‍ഷം 10,021 പേര്‍ക്ക് നായ്കളുടെ കടിയേറ്റതായാണ് കണക്ക്. തെരുവ് നായ ശല്യം വര്‍ധിക്കാന്‍ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത് ഭക്ഷണമാണ്. വഴിയോരങ്ങളിലും കനാലുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് തേടിയാണ് തെരുവ്‌നായ്ക്കള്‍ എത്തുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോളിംഗ്) പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയാണിത്. ഇത് നടപ്പിലാക്കുന്നുണ്ടെങ്കിലും നായ്ക്കളുടെ എണ്ണം കുറയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അറവുശാലകള്‍, ഹോട്ടലുകള്‍, എന്നിവയില്‍ നിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ തിന്നാനെത്തുന്ന നായ്ക്കളാണ് പലപ്പോഴും അക്രമകാരികളാവുന്നത്. ഇതിനെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് കര്‍ശന നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായ്ക്കള്‍ കൂട്ടംകൂട്ടമായാണ് റോഡുകളിലൂടെ വിലസുന്നത്. മനുഷ്യര്‍ക്ക് പുറമെ ഇവ വളര്‍ത്തുമൃഗങ്ങളെയും അക്രമിക്കുന്നുണ്ട്. ആസ്പത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്നില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് സ്വകാര്യ ആസ്പത്രികളെ സമീപിക്കേണ്ടി വരുന്നു. അതിനാകട്ടെ വലിയ വില നല്‍കേണ്ടിയും വരുന്നു. നായ്ക്കളെ വന്ധ്യംകരിച്ചുവിടുന്ന പദ്ധതി നല്ലത് തന്നെ. പക്ഷെ നായ്ക്കളെ പിടികൂടാന്‍ പലപ്പോഴും സാധിക്കുന്നില്ല. നായ്ക്കളെ പിടികൂടാന്‍ വേണ്ടത്ര ആളുകളെ കിട്ടാനില്ലാത്ത സ്ഥിതിയും ഉണ്ടാവുന്നു. വലിയ തുക ശമ്പളമായി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും അതിനോട് പലരും മുഖം തിരിച്ചു നില്‍ക്കുകയാണ്. ആസ്പത്രികളില്‍ അടിയന്തിരമായി പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്‍ എത്തിക്കണം. അതിന് കാലതാമസമെടുക്കരുത്.

Related Articles
Next Story
Share it