മദ്യശാലകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തകൃതിയായി നടന്നുവരികയാണ്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്ന നയം തുടരുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇതിന് പുറമെ ബിവറേജസ് കോര്‍പ്പറേഷന് കൂടുതല്‍ മദ്യക്കടകള്‍ അനുവദിക്കാനുള്ള നീക്കവും നടന്നു വരുന്നുണ്ട്. ബാര്‍ലൈസന്‍സ് ലക്ഷ്യമിട്ട് ഇരുപതോളം സ്ഥാപനങ്ങള്‍ ഈയിടെ നക്ഷത്രപദവി നേടിയിട്ടുണ്ട്. ഇവര്‍ അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ് നല്‍കുന്നതും പരിഗണിച്ചേക്കും. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ ലൈസന്‍സിനത്തില്‍ ലഭിക്കുന്ന കോടികളും സര്‍ക്കാരിന് വരുമാനമാവും. ഇതിനു പുറമെയാണ് മദ്യം വിറ്റവകയില്‍ കിട്ടുന്ന ലാഭവും. മദ്യവില്‍പന […]

സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തകൃതിയായി നടന്നുവരികയാണ്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്ന നയം തുടരുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇതിന് പുറമെ ബിവറേജസ് കോര്‍പ്പറേഷന് കൂടുതല്‍ മദ്യക്കടകള്‍ അനുവദിക്കാനുള്ള നീക്കവും നടന്നു വരുന്നുണ്ട്. ബാര്‍ലൈസന്‍സ് ലക്ഷ്യമിട്ട് ഇരുപതോളം സ്ഥാപനങ്ങള്‍ ഈയിടെ നക്ഷത്രപദവി നേടിയിട്ടുണ്ട്. ഇവര്‍ അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ് നല്‍കുന്നതും പരിഗണിച്ചേക്കും. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ ലൈസന്‍സിനത്തില്‍ ലഭിക്കുന്ന കോടികളും സര്‍ക്കാരിന് വരുമാനമാവും. ഇതിനു പുറമെയാണ് മദ്യം വിറ്റവകയില്‍ കിട്ടുന്ന ലാഭവും. മദ്യവില്‍പന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കണമെന്ന ഹൈക്കോടതി വിധി മറയാക്കിയാണ് കൂടുതല്‍ മദ്യക്കടകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. കോവിഡ് മൂലം ബാറുകള്‍ക്ക് മുമ്പില്‍ ആളുകള്‍ തടിച്ചു കൂടുന്നത് ഒഴിവാക്കാനാണ് കോടതി അത്തരമൊരു പരാമര്‍ശം നടത്തിയത്. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ മറ്റെല്ലാ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. അതൊന്നും തടസ്സമാവുന്നില്ല. കൊറോണക്ക് മുമ്പുണ്ടായിരുന്ന തിരക്ക് എല്ലായിടത്തുമുണ്ട്. മദ്യക്കടകളിലെ തിരക്കും ആ രീതിയിലെ കാണേണ്ടതുള്ളൂ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതുള്‍പ്പെടെ 267 ഷോപ്പുകള്‍ തുറക്കാന്‍ അനുമതി തേടി ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ലൈസന്‍സ് നല്‍കിയിരുന്ന യു.ഡി.എഫിന്റെ മദ്യ നയം തിരുത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ത്രീസ്റ്റാര്‍ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ബാര്‍ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ 712 ബാറുകളില്‍ ത്രീസ്റ്റാര്‍ പദവി നേടിയവര്‍ക്ക് ബാര്‍ലൈസന്‍സിന് അര്‍ഹതയുള്ള വിധത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. 188 പുതിയ ബാറുകളും 46 ബിയര്‍-വൈന്‍ പാര്‍ലറുകളും പുതുതായി അനുവദിച്ചു. നിലവില്‍ 665 ബാറുകളാണ് സംസ്ഥാനത്തുള്ളത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി മദ്യവര്‍ജ്ജനത്തിലൂടെ കുറച്ചു കൊണ്ട് വന്ന് ഇല്ലാതാക്കുക എന്നതായിരുന്നു ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. ഇതിന് കടകവിരുദ്ധമായ നടപടിയാണ് ഇപ്പോള്‍ നടന്നു വരുന്നത്. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ ശോച്യാവസ്ഥയെക്കുറിച്ചാണ് ഹൈക്കോടതി പറഞ്ഞത്. അത് പരിഹരിക്കുകയാണ് ചെയ്യേണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തിക്കും തിരക്കുമില്ലാത്ത രീതിയില്‍ മദ്യം വില്‍പന നടത്തുന്നതിനുള്ള മാര്‍ഗം സ്വീകരിക്കേണ്ടതിനു പകരം പുതിയവ തുടങ്ങുന്നത് അഭികാമ്യമല്ല. ഇപ്പോള്‍ തന്നെ പ്രതിശീര്‍ഷമദ്യോപഭോഗത്തില്‍ നമ്മുടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനമാണുള്ളത്. ഏതാനും വര്‍ഷം മുമ്പ് ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അപകട സാധ്യത കണക്കിലെടുത്താണ് അന്ന് അത്തരമൊരു തീരുമാനമെടുത്തത്. അത്തരമൊരു സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ ദേശീയപാതയോരത്തെ മദ്യശാലകള്‍ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുന്ന രീതി അപകടങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ എല്ലാവരെയും കുടിയന്മാരാക്കുക എന്ന നീക്കം അപകടം ക്ഷണിച്ചു വരുത്തും. വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റ് വഴികള്‍ തേടണം.

Related Articles
Next Story
Share it