യാത്രയായത് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം

ബദിയടുക്ക കിളിങ്കാറിലെ സായിനിലയത്തില്‍ ശനിയാഴ്ച്ച അസ്തമിച്ചത് ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നിന്ന സൂര്യതേജസായിരുന്നു. പാവപ്പെട്ടവന്റെ വീടെന്ന സ്വപ്‌നം സഫലീകരിക്കാന്‍ താങ്ങും തണലുമായി നിന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ സുകൃതജന്മം വരും തലമുറയ്ക്ക് പാഠമാകണം. ദാനം കര്‍മ്മമാക്കിയ ഈ യോഗിവര്യന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഖ്യാതി കാസര്‍കോട് മാത്രമല്ല അങ്ങ് ഡല്‍ഹി വരെ നീണ്ടു. കേറിക്കിടക്കാന്‍ ഒരിടമില്ലാതെ അരപ്പട്ടിണിയില്‍ തെരുവില്‍ കഴിയാന്‍ വിധിക്കപ്പെട്ട 265 കുടുംബങ്ങള്‍ക്കാണ് ഗോപാലകൃഷ്ണഭട്ട് വീടൊരുക്കിയത്. വീട് നല്‍കുന്നതില്‍ മാത്രം ഒതുങ്ങിയില്ല അദ്ദേഹത്തിന്റെ കൈകള്‍. പാവപ്പെട്ടവരുടെ വിവാഹങ്ങളും സൗജന്യ […]

ബദിയടുക്ക കിളിങ്കാറിലെ സായിനിലയത്തില്‍ ശനിയാഴ്ച്ച അസ്തമിച്ചത് ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞു നിന്ന സൂര്യതേജസായിരുന്നു. പാവപ്പെട്ടവന്റെ വീടെന്ന സ്വപ്‌നം സഫലീകരിക്കാന്‍ താങ്ങും തണലുമായി നിന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ സുകൃതജന്മം വരും തലമുറയ്ക്ക് പാഠമാകണം. ദാനം കര്‍മ്മമാക്കിയ ഈ യോഗിവര്യന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഖ്യാതി കാസര്‍കോട് മാത്രമല്ല അങ്ങ് ഡല്‍ഹി വരെ നീണ്ടു. കേറിക്കിടക്കാന്‍ ഒരിടമില്ലാതെ അരപ്പട്ടിണിയില്‍ തെരുവില്‍ കഴിയാന്‍ വിധിക്കപ്പെട്ട 265 കുടുംബങ്ങള്‍ക്കാണ് ഗോപാലകൃഷ്ണഭട്ട് വീടൊരുക്കിയത്. വീട് നല്‍കുന്നതില്‍ മാത്രം ഒതുങ്ങിയില്ല അദ്ദേഹത്തിന്റെ കൈകള്‍. പാവപ്പെട്ടവരുടെ വിവാഹങ്ങളും സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ചികില്‍സാ സഹായവുമൊക്കെ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ്. ഒരു സാധാരണ മനുഷ്യന്‍ തന്റെ നന്മ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചം പകരാന്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ നീക്കി വെച്ചു. ബദിയഡുക്കയിലെയും പരിസര പ്രദേശങ്ങളിലെയും ഡസന്‍ കണക്കിന് പാവങ്ങള്‍ക്ക് മഴ നനയാതെ അന്തിയുറങ്ങാന്‍ സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. നാട്ടിലെ പട്ടിണി മാറ്റുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനുമായി തയ്യല്‍ കേന്ദ്രങ്ങളും തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഓട്ടോറിക്ഷയും നല്‍കുക വഴി അവരുടെ ജീവിതത്തിനും അദ്ദേഹം ഊടും പാവും നല്‍കി. സമൂഹവിവാഹത്തിലൂടെ ലളിത വിവാഹത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനും ഗോപാലകൃഷ്ണ ഭട്ടിന് സാധിച്ചു. 1995ല്‍ തുടങ്ങിയതാണ് സായിറാം ഭട്ടിന്റെ കാരുണ്യപ്രവര്‍ത്തനം. അത് അവസാന കാലം വരെ അദ്ദേഹം തപസ്സുപോലെ തുടര്‍ന്നു. ഒരു പെരുമഴക്കാലത്ത് കാശിയാത്രയ്ക്കുള്ള ഒരുക്കത്തിനിടയില്‍ അദ്ദേഹത്തിന്റെ മനസ്സുലച്ച സംഭവമാണ് ഗോപാലകൃഷ്ണ ഭട്ടിന്റെ ജീവിതം പാവങ്ങള്‍ക്കായി ഉഴിഞ്ഞുവെച്ചത്. കാറ്റും മഴയും തകര്‍ത്താടിയ ഒരു സായാഹ്നത്തിലാണ് അയല്‍ക്കാരന്റെ കൂര തകര്‍ന്ന വിവരമറിഞ്ഞത്. ഉടനെ അവിടേക്ക് ഓടിയെത്തി. പെരുമഴയത്ത് ആശ്രയമില്ലാതെ നില്‍ക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയാവസ്ഥ അദ്ദേഹത്തിന്റെ മനസ്സലിയിച്ചു. കാശിയാത്രയ്ക്ക് കരുതി വെച്ച പണമെടുത്ത് ആ നിര്‍ധന കുടുംബത്തിന് നല്‍കി. വീടായും സ്ഥലമായും തൊഴിലുപകരണങ്ങളായും മരുന്നായും ആ ദാനശീലം മരണം വരെ തുടര്‍ന്നു. രണ്ട് മുറികളും അടുക്കളയും ഉള്ള വീടിന് തുടക്കത്തില്‍ 40,000 രൂപയില്‍ ഒതുങ്ങുമായിരുന്നു. പിന്നീടത് രണ്ട് ലക്ഷം വരെയായി. ഒരു വീടിന്റെ താക്കോല്‍ കൈമാറും മുമ്പ് അടുത്ത വീടിന്റെ തറ പൂര്‍ത്തിയായിരിക്കും. അദ്ദേഹത്തെ സമീപിക്കുന്നവരില്‍ കള്ളനാണയങ്ങള്‍ ഉണ്ടോ എന്ന് കൃത്യമായി പരിശോധിച്ചതിന് ശേഷമായിരിക്കും വീട് നല്‍കുക. ജോലി ചെയ്യാന്‍ പ്രാപ്ത്തിയുള്ള പുരുഷന്‍മാര്‍ ഉണ്ടായാല്‍ അവരുടെ അപേക്ഷ പരിഗണിക്കില്ല. തളര്‍ന്ന് കിടക്കുന്നവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്കും നേരെ ഗോപാലകൃഷ്ണ ഭട്ടിന്റെ കാരുണ്യ ഹസ്തം നീളും. കിളിങ്കാറിലും പരിസര പ്രദേശങ്ങളിലും വേനല്‍ക്കാലത്ത് വെള്ളത്തിന് കടുത്ത ക്ഷാമം നേരിട്ടപ്പോള്‍ ഇത് പരിഹരിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ഗ്രാമത്തിന്റെ പലഭാഗങ്ങളിലും കുഴല്‍ കിണര്‍ കുഴിച്ച് കൂറ്റന്‍ ടാങ്കുകള്‍ സ്ഥാപിച്ച് പാതയോരങ്ങളില്‍ ടാപ്പ് സ്ഥാപിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സൗജന്യമായി ചികിത്സിക്കാനും അവര്‍ക്ക് പ്രത്യേകം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും ഗോപാലകൃഷ്ണ ഭട്ടിന് കഴിഞ്ഞു. തലമുറകള്‍ പഠിച്ചെടുക്കേണ്ട പാഠമാണ് സായിറാം ഭട്ടിന്റേത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ ഇടം നേടണം. ഒരു സമൂഹത്തിന്റെ തന്നെ ജീവിതം മാറ്റി മറിച്ച സായിറാം ഭട്ടിനെ നമ്മള്‍ വേണ്ട രീതിയില്‍ അംഗീകരിച്ചോ എന്നത് പുനര്‍ വിചിന്തനം ചെയ്യണം. നന്മയിലൂടെ കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശമായി മാറിയ ആ മഹാനുഭാവന്റെ വേര്‍പാടിനു മുന്നില്‍ ഒരിറ്റ് കണ്ണീര്‍.

Related Articles
Next Story
Share it