പേവിഷബാധ; മരുന്നെത്തിക്കണം

നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കള്‍ കടിച്ചാല്‍ പേവിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം പല ജില്ലകളിലും കിട്ടാനില്ല. നായ കടിച്ചാല്‍ മുറിവില്‍ വെക്കുന്ന ആന്റി റാബിസ് സിറം (എ.ആര്‍.എസ്) ചെറിയ കടി, മാന്തല്‍ ഉള്‍പ്പെടെ സംഭവിച്ചാല്‍ നാലു തവണയായി നല്‍കുന്ന ഐ.ഡി.ആര്‍.വി (ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്‌സിന്‍) എന്നിവക്കാണ് ക്ഷാമം. ആരോഗ്യ വകുപ്പ് സൗജന്യമായി നല്‍കുന്ന പ്രതിരോധ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് […]

നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കള്‍ കടിച്ചാല്‍ പേവിഷബാധ തടയാനുള്ള ആന്റി റാബിസ് സിറം പല ജില്ലകളിലും കിട്ടാനില്ല. നായ കടിച്ചാല്‍ മുറിവില്‍ വെക്കുന്ന ആന്റി റാബിസ് സിറം (എ.ആര്‍.എസ്) ചെറിയ കടി, മാന്തല്‍ ഉള്‍പ്പെടെ സംഭവിച്ചാല്‍ നാലു തവണയായി നല്‍കുന്ന ഐ.ഡി.ആര്‍.വി (ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്‌സിന്‍) എന്നിവക്കാണ് ക്ഷാമം.
ആരോഗ്യ വകുപ്പ് സൗജന്യമായി നല്‍കുന്ന പ്രതിരോധ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) ആണ് വിതരണം ചെയ്യുന്നത്. മെഡിക്കല്‍ കോളേജ്, ജില്ല, ജനറല്‍ ആസ്പത്രികള്‍ വഴിയാണ് എ.ആര്‍.എസ് നല്‍കുന്നത്. ഐ.ഡി.ആര്‍.വി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും നല്‍കും. സ്വകാര്യ ആസ്പത്രികളില്‍ ഇവ കിട്ടുന്നുണ്ടെങ്കിലും വലിയ വില നല്‍കേണ്ടി വരുന്നുണ്ട്. ഓരോ ജില്ലയും ആവശ്യപ്പെടുന്ന വാക്‌സിനേക്കാള്‍ കടിയേറ്റവരുടെ എണ്ണം കൂടിവരികയാണ്. ഒരു ജില്ലയില്‍ ആന്റി റാബിസ് വാക്‌സിന്‍ കുറഞ്ഞാല്‍ മുമ്പ് മറ്റ് ജില്ലകളിലെ വേര്‍ഹൗസില്‍ നിന്ന് എടുത്ത് പരിഹരിക്കുമായിരുന്നു. അതും ഇപ്പോള്‍ താളം തെറ്റിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒരു വര്‍ഷം നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം 15000ത്തിന് മുകളില്‍ വരും. പട്ടികള്‍ക്ക് പുറമെ പൂച്ചകളുടെ കടിയേല്‍ക്കുന്നവരും ധാരാളമുണ്ട്. അവര്‍ക്കും ഇതേ മരുന്ന് തന്നെയാണ് നല്‍കുന്നത്.
പേവിഷ ബാധയെപ്പറ്റിയുള്ള അശ്രദ്ധയും അവഗണനയും അറിവില്ലായ്മയും പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നു. വലിയ തോതില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നാലും പേവിഷബാധ മരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ പ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷ ബാധക്ക് കാരണം റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ്സറാബിസ് എന്ന ഇനം ആര്‍.എല്‍.എ വൈറസുകളാണ്. വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മറ്റോ ഏറ്റാല്‍ വൈറസ് ബാധയേല്‍ക്കാം. കൃത്യമായ ഇടവേളകളില്‍ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകളിലൂടെയും അടിയന്തിര ചികിത്സയിലൂടെയും പേവിഷബാധ 100 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കും.
വൈറസ് നാഡീവ്യൂഹത്തേയും മസ്തിഷ്‌കത്തേയും ഗുരുതരമായി ബാധിച്ച് ഒടുവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പാണ്. ലോകത്താകമാനം അമ്പതിനായിത്തിനും അറുപതിനായിരത്തിനും ഇടയില്‍ മനുഷ്യരാണ് പേവിഷബാധയേറ്റ് മരിക്കുന്നത്. ഇതില്‍ ഇരുപതിനായിരത്തോളം മരണങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും കുട്ടികളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷമം. ഇന്ത്യയില്‍ പേവിഷബാധയേല്‍ക്കുന്നവരില്‍ 97 ശതമാനത്തിനും രോഗബാധയേല്‍ക്കുന്നത് നായ്ക്കളുടെ കടിയില്‍ നിന്നാണ്. പൂച്ച, കീരി, കുറുക്കന്‍, ചെന്നായ മറ്റു വന്യമൃഗങ്ങള്‍ എന്നിവയുടെ കടിയിലൂടെ രോഗബാധയേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്.
നായ്ക്കളുടെ പെരുപ്പം തടയാന്‍ നേരത്തെ ഇവയെ കൊന്നൊടുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊന്നൊടുക്കുന്നതിന് പകരം വന്ധ്യംകരണം ചെയ്തുവിടുകയാണ് ചെയ്യുന്നത്. ഇത് ഫലപ്രദമല്ലെന്ന് മാത്രമല്ല, പേരിന് മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്യുന്നു. വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കാന്‍ നടപടി വേണം. നാടുനീളെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കൊണ്ടാണ് നായ്ക്കള്‍ നഗരപ്രദേശങ്ങളിലേക്കും ഇറങ്ങുന്നത്. വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ക്കായി ഇവ കടിപിടികൂടുകയാണ്. പേപ്പട്ടി വിഷബാധക്കെതിരെയുള്ള മരുന്ന് അടിയന്തിരമായി എത്തിക്കാന്‍ നടപടി വേണം.

Related Articles
Next Story
Share it