ഓക്‌സിജന്‍ പ്ലാന്റ് വൈകരുത്

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചുവരികയാണ്. പുതിയ വകഭേദമായ ഒമിക്രോണും ജില്ലയിലടക്കം എത്തിക്കഴിഞ്ഞു. കോവിഡ് മൂന്നാം തരംഗം ജനുവരി അവസാനമാകുമ്പോഴേക്കും മൂര്‍ധന്യത്തിലെത്തുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഡെല്‍റ്റയേക്കാള്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍ മഹാരാഷ്ട്രയടക്കം നിരവധി സംസ്ഥാനങ്ങളെ വീണ്ടും ലോക്ഡൗണിലേക്ക് തള്ളിവിടുകയാണ്. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ കേരളത്തിലും കര്‍ശന നിയന്ത്രണങ്ങളെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും ഏതാനും ദിവസമായി വര്‍ധിച്ചുവരുന്നുണ്ട്. […]

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചുവരികയാണ്. പുതിയ വകഭേദമായ ഒമിക്രോണും ജില്ലയിലടക്കം എത്തിക്കഴിഞ്ഞു. കോവിഡ് മൂന്നാം തരംഗം ജനുവരി അവസാനമാകുമ്പോഴേക്കും മൂര്‍ധന്യത്തിലെത്തുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഡെല്‍റ്റയേക്കാള്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍ മഹാരാഷ്ട്രയടക്കം നിരവധി സംസ്ഥാനങ്ങളെ വീണ്ടും ലോക്ഡൗണിലേക്ക് തള്ളിവിടുകയാണ്. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ കേരളത്തിലും കര്‍ശന നിയന്ത്രണങ്ങളെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും ഏതാനും ദിവസമായി വര്‍ധിച്ചുവരുന്നുണ്ട്. മറ്റ് ജില്ലകളില്‍ വേണ്ടത്ര ആസ്പത്രികളും ചികിത്സാ സൗകര്യവുമുണ്ട്. എന്നാല്‍ കാസര്‍കോടിന്റെ അവസ്ഥ അതല്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് മംഗളൂരുവിലേക്കോ കണ്ണൂരിലേക്കോ ഓടണം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലൊക്കെ അവിടുത്തെ രോഗികളെ കൊണ്ട് നിറയുമ്പോള്‍ കാസര്‍കോട്ട്കാര്‍ക്ക് മറ്റേതെങ്കിലും സ്വകാര്യ ആസ്പത്രികളെ തേടി പോകേണ്ടി വരും. ഡെല്‍റ്റ വകഭേദം രൂക്ഷമായ നാളുകളില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ വലഞ്ഞ സാഹചര്യം ഉണ്ടായിട്ടുണ്ട്. കാസര്‍കോട് ജില്ലയിലും അത്തരം പ്രശ്‌നങ്ങളുണ്ടായി. ഓക്‌സിജന്‍ നല്‍കേണ്ട രോഗികളെ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അതിന് പ്രതിവിധിയായാണ് ചട്ടഞ്ചാലില്‍ പുതിയൊരു ഓക്‌സിജന്‍ പ്ലാന്റ് തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും പ്ലാന്റ് തുറന്നു കൊടുക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ചട്ടഞ്ചാല്‍ കുന്നാറ വ്യവസായ പാര്‍ക്കില്‍ പ്ലാന്റ് സജ്ജമാവുന്നത്. മൂന്നു മാസം കൊണ്ട് തുടങ്ങാന്‍ ലക്ഷ്യമിട്ട പ്ലാന്റ് ഏഴ് മാസം കഴിഞ്ഞിട്ടും ഉല്‍പാദനം തുടങ്ങാനായിട്ടില്ല. പ്ലാന്റും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങിയെങ്കിലും വൈദ്യുതി എത്താത്തത് കാരണം പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. വൈദ്യുതി എത്തിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുതീകരണ വിഭാഗം 36 ലക്ഷത്തിന്റെ അടങ്കല്‍ തയ്യാറാക്കിയത് ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളു. ഈ മാസാവസാനം വരെയെങ്കിലും ലൈന്‍ വലിക്കാന്‍ കാത്തിരിക്കേണ്ടി വരും. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം ജില്ലയിലും വര്‍ധിക്കുകയും ആസ്പത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യമുണ്ടായപ്പോഴാണ് ജില്ലാ ഭരണകൂടം സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റിനെപ്പറ്റി ആലോചിച്ചത്. ജില്ലാ പഞ്ചായത്ത് വ്യവസായ പാര്‍ക്കിലെ 50 സെന്റും 50 ലക്ഷവും നല്‍കിയാണ് തുടക്കമിട്ടത്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും അഞ്ച് ലക്ഷം വീതവും ഗ്രാമപഞ്ചായത്തുകള്‍ മൂന്ന് ലക്ഷം വീതവും നല്‍കി പിന്തുണയേകി. ജൂണ്‍ ഏഴിനാണ് പദ്ധതിയുടെ ശിലാ സ്ഥാപനം നടത്തിയത്. പൊതുമേഖലയില്‍ തുടങ്ങുന്ന ജില്ലയിലെ ആദ്യത്തെ ഓക്‌സിജന്‍ പ്ലാന്റിന് വേണ്ടി അധികൃതരെടുത്ത ഉത്സാഹം പതിയെ കുറഞ്ഞുവരുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. കരാറെടുത്ത കൊച്ചിയിലെ കെയര്‍ വിസ്റ്റംസ് നാലുമാസം പിന്നിട്ട് ഒക്‌ടോബറിലാണ് ഓക്‌സിജന്‍ പ്ലാന്റ് ചട്ടഞ്ചാലില്‍ എത്തിച്ചത്. 95 കിലോ വാട്ട് സ്ഥാപിത ശേഷിയുള്ള വൈദ്യുതി വിതരണ സംവിധാനം പ്ലാന്റിലേക്ക് ഒരുക്കാനായിരുന്നു നേരത്തെ അടങ്കല്‍ തയ്യാറാക്കിയിരുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് ഈ പ്രവൃത്തിയുടെ ചുമതല നല്‍കുകയും ചെയ്തു. വാണിജ്യാവശ്യങ്ങള്‍ അടക്കമുള്ള ഓക്ജന്‍ ഇവിടെ നിര്‍മ്മിക്കാനാവും. ഒമിക്രോണ്‍ എത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ഇനിയും കാലതാമസമുണ്ടാവരുത്.

Related Articles
Next Story
Share it