റോഡപകടവും വാഹനപ്പെരുപ്പവും

വാഹനാപകടങ്ങള്‍ കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും 2020 ഡിസംബറില്‍ മാത്രം സംസ്ഥാനത്ത് മരിച്ചത് 370 പേരാണ്. 3236 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലുള്ള ഓട്ടവും അശ്രദ്ധയും വാഹനങ്ങളുടെ പെരുപ്പവും തന്നെയാണ് അപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണം. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡിസംബര്‍ അവസാനം ഏതാനും ദിവസം വാഹന നിയന്ത്രണം ഉണ്ടായിരുന്നു. ആ ദിവസങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്. വൈകിട്ട് നാലിനും രാത്രി 10 മണിക്കുമിടയിലാണ് കൂടുതല്‍ വാഹനാപകടങ്ങളും […]

വാഹനാപകടങ്ങള്‍ കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും 2020 ഡിസംബറില്‍ മാത്രം സംസ്ഥാനത്ത് മരിച്ചത് 370 പേരാണ്. 3236 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലുള്ള ഓട്ടവും അശ്രദ്ധയും വാഹനങ്ങളുടെ പെരുപ്പവും തന്നെയാണ് അപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണം. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡിസംബര്‍ അവസാനം ഏതാനും ദിവസം വാഹന നിയന്ത്രണം ഉണ്ടായിരുന്നു. ആ ദിവസങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത്. വൈകിട്ട് നാലിനും രാത്രി 10 മണിക്കുമിടയിലാണ് കൂടുതല്‍ വാഹനാപകടങ്ങളും നടന്നത്. വൈകിട്ട് ആറിനും രാത്രി 10നും ഇടയിലാണ് നഗരപ്രദേശങ്ങളില്‍ കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നതെന്ന് നാഷണല്‍ ട്രോമാലൈവ് അധികൃതര്‍ പറയുന്നു. റോഡിലെ വാഹനങ്ങളുടെ എണ്ണം കൂടുന്നതും പെട്ടന്ന് വീട്ടിലെത്തണമെന്ന ചിന്തയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ട്രാഫിക് പൊലീസിന്റെ സേവനം രാത്രി എട്ടുവരെയെന്നതും നിയമങ്ങള്‍ പാലിക്കാതെ ഓടുന്നവര്‍ക്ക് തുണയാകുന്നു. പല വാഹനങ്ങളും ലൈറ്റ് ഡിം ചെയ്യാതെ കുതിക്കുന്നത് എതിരെയുള്ളവരെ അപകടത്തിലാക്കുന്നു. മദ്യം വാങ്ങാനുള്ള ഓട്ടവും മദ്യപിച്ചുള്ള ഓട്ടവും അപകട നിരക്ക് കൂട്ടുന്നു. വാഹനങ്ങളുടെ പെരുപ്പം ഓരോ ദിവസവും വര്‍ധിച്ചു വരികയാണ്. കേരളത്തില്‍ 1000 പേര്‍ക്ക് ഇപ്പോള്‍ 425 വാഹനങ്ങള്‍ എന്ന കണക്കില്‍ എത്തിയിട്ടുണ്ട്. അതില്‍ പത്തോ ഇരുപതോ ശതമാനം സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ ആയിരത്തിന് 20ല്‍ താഴെയാണെന്നത് ഓര്‍ക്കണം. ഇത്രയും വാഹന സാന്ദ്രത താങ്ങാന്‍ കേരളത്തിലെ റോഡുകള്‍ വികസിച്ചിട്ടില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം. വാഹനാപകടങ്ങളും റോഡപകട മരണങ്ങളും കേരളത്തെ നിരന്തരം കണ്ണീരിലാഴ്ത്തുന്നു. ഓരോ വര്‍ഷവും നാലായിരത്തിലേറെ പേര്‍ കേരളത്തില്‍ റോഡപകടത്തില്‍ മരിക്കുന്നു എന്നാണ് കണക്ക്. അപകടങ്ങള്‍ക്ക് പുറമെ വാഹനങ്ങളില്‍ നിന്ന് പുറത്ത് വിടുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ വര്‍ധനവും അന്തരീക്ഷത്തില്‍ വലിയ മലിനീകരണമുണ്ടാക്കുന്നു. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഇതും വര്‍ധിക്കുന്നു. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം പാരമ്യതയിലെത്തിയ സാഹചര്യം നാം കാണണം. ഡല്‍ഹി നഗരവാസികളില്‍ പലരും ശ്വാസകോശ അസുഖങ്ങള്‍ ബാധിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി തുടങ്ങിയിട്ടുണ്ട്. വാഹനങ്ങളുടെ പെരുപ്പം ഭാവിയില്‍ കേരളത്തെയും ഡല്‍ഹിയുടെ അവസ്ഥയിലേക്ക് എത്തിച്ചു കൂടായ്കയില്ല. കേരളത്തിലെ എട്ട് നഗരങ്ങളടക്കം ലോകത്തെ 1650 നഗരങ്ങളില്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനമനുസരിച്ച് ഏറ്റവും വിഷലിപ്തവായുവുള്ള നഗരം ഡല്‍ഹിയാണ്. ഇവിടെ അന്തരീക്ഷ മലിനീകരണത്തില്‍ 40 ശതമാനവും വാഹനപ്പുകയില്‍ നിന്നുണ്ടാവുന്നതാണത്രെ. സ്വന്തമായി വാഹനമുണ്ടെങ്കിലും തിരക്കേറിയ നഗരങ്ങളിലേക്ക് പോകുമ്പോള്‍ പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ കഴിഞ്ഞാല്‍ മലിനീകരണം കുറേയേറെ കുറക്കാനാവും. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ നിര്‍ഗമനം കുറക്കാനുള്ള നടപടിയാണ് ഉണ്ടാവേണ്ടിയിരിക്കുന്നത്. അതിന് വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങളിലേക്ക് മാറുക എന്നതിന് ഏറെ പ്രാധാന്യമുണ്ട്. വൈദ്യുതി ഉപയോഗിച്ചുള്ള ഇരുചക്ര വാഹനങ്ങള്‍ കൂടുതലായി ഇറങ്ങിക്കൊണ്ടിരിക്കുന്നണ്ടെന്നത് ആശ്വാസകരമാണ്. വാഹനങ്ങളില്‍ ഇന്ധനമായി എല്‍.എന്‍.ജി.യും സി.എന്‍.ജി.യും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും വിചാരിച്ചത്ര വേഗം കൈവരിച്ചിട്ടില്ല. ഇവ കൂടുതലായി ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നല്‍കണം. ഇവ നിറക്കുന്നതിന് കൂടുതല്‍ കേന്ദ്രങ്ങള്‍ നഗര-ഗ്രാമ പ്രദേശങ്ങളില്‍ ഉണ്ടാവണം. ഡല്‍ഹിയുടെ അവസ്ഥ ഒഴിവാകണമെങ്കില്‍ ഇപ്പഴേ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചേ പറ്റു.

Related Articles
Next Story
Share it