ഒമിക്രോണ്‍; ജാഗ്രത വേണം

കാസര്‍കോട് ജില്ലയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മധൂര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ 50കാരനും ബദിയടുക്ക പരിധിയിലെ 48കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ പോയി വന്നവരാണിരുവരും. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് സാമ്പിള്‍ ഒമിക്രോണ്‍ പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മധൂര്‍ സ്വദേശിയെ തെക്കില്‍ ടാറ്റാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതിനിടെയാണ് ഒമിക്രോണ്‍ ഭീതി പരത്തിയിരിക്കുന്നത്. തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് […]

കാസര്‍കോട് ജില്ലയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മധൂര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ 50കാരനും ബദിയടുക്ക പരിധിയിലെ 48കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ പോയി വന്നവരാണിരുവരും. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് സാമ്പിള്‍ ഒമിക്രോണ്‍ പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മധൂര്‍ സ്വദേശിയെ തെക്കില്‍ ടാറ്റാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതിനിടെയാണ് ഒമിക്രോണ്‍ ഭീതി പരത്തിയിരിക്കുന്നത്. തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാവുന്നത്. പ്രഥമിക സമ്പര്‍ക്ക പട്ടികയിലെ ആറ് ആളുകളുടെ പേരു വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ ഭാര്യയും മക്കളുമാണ്. മക്കളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. സമ്പര്‍ക്ക പട്ടികയിലെ മറ്റു രണ്ട് പേര്‍ സുഹൃത്തുക്കളാണ്. ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഫലം വരുന്നതിന് മുമ്പ് പലരുമായും ബന്ധപ്പെട്ടിരുന്നു. എത്ര പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരികയാണ്. കോവിഡിന്റെ തുടക്കത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായ ജില്ലയാണ് കാസര്‍കോട്. എന്നാല്‍ പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കുറഞ്ഞ ജില്ലയാണിപ്പോള്‍ കാസര്‍കോട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ജില്ലയിലെ കോവിഡ് ബാധിതര്‍ ഇപ്പോള്‍ തെക്കില്‍ കോവിഡ് ആസ്പത്രിയില്‍ മാത്രമാണുള്ളത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലും ജില്ലാ ജനറല്‍ ആസ്പത്രിയിലും വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും രോഗികളെ കിടത്തി ചികിത്സിപ്പിച്ചിരുന്നു. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ ഒ.പി ചികിത്സ തുടങ്ങിയതോടെ കോവിഡ് ചികിത്സ പൂര്‍ണ്ണമായും ഒഴിവാക്കി. പോസിറ്റീവാകുന്ന ഗര്‍ഭിണികളെ മാത്രം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റുകയാണ്. ജില്ലയില്‍ കോവിഡ് ബാധിതരായ 331 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകെ നിയോഗിച്ച് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡിനെ പ്രതിരോധിക്കാന്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോയിട്ടുണ്ട്. ജനിതക വകഭേദം അത്ര കണ്ട് ഗുരുതരമാവുന്നില്ലെങ്കിലും വ്യാപകമായി എളുപ്പം പടര്‍ന്നു പിടിക്കുന്നത് കൊണ്ട് ജാഗ്രത തുടരേണ്ടതുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിച്ചും മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചുമൊക്കെ വേണം പുറത്തിറങ്ങാന്‍. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും അതിവേഗം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. കേരളത്തിലും 2000ത്തിന് താഴെയുണ്ടായിരുന്ന കേസുകള്‍ ഇരട്ടിയിലധികമായി. കൂടുതല്‍ വാക്‌സിന്‍ നല്‍കിയും മറ്റ് മുന്നൊരുക്കങ്ങള്‍ നടത്തിയും രോഗത്തെ പ്രതിരോധിക്കുക മാത്രമേ വഴിയുള്ളു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഞായറാഴ്ച ലോക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. ആഗോളതലത്തില്‍ കേസുകള്‍ ഉയര്‍ന്നു തുടങ്ങിയതോടെയാണ് രാജ്യത്തും കോവിഡ് കേസുകള്‍ ഉയര്‍ന്നു തുടങ്ങിയത്. 22 സംസ്ഥാനങ്ങളിലായി ആയിരത്തിലേറെ ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒമിക്രോണ്‍ കോവിഡിനെക്കാള്‍ വേഗത്തില്‍ പടരുന്നത് കൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ തയ്യാറാവണം.

Related Articles
Next Story
Share it