കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

ഭക്ഷണവും വസ്ത്രവും പോലെത്തന്നെ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ഇപ്പോഴും കുടിവെള്ളം കിട്ടാത്ത എത്രയോ കുടുംബങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. കുടിവെള്ളവിതരണത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും പാവപ്പെട്ട ജനങ്ങളുടെ അടുത്ത് എത്തുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാമപ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാത്ത കുടുംബങ്ങളില്‍ അധികവും. സംസ്ഥാനത്ത് 40.21 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ ഇപ്പോഴും കുടിവെള്ളം എത്താനുണ്ട്. 70,68,652 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കേണ്ട സ്ഥാനത്ത് ഇതുവരെ 30,47,046 കണക്ഷനുകള്‍ മാത്രമാണ് നല്‍കിയത്. ജലജീവന്‍ പദ്ധതിയിലാണ് ഇത്രയും കണക്ഷന്‍ നല്‍കിയത്. ജലജീവന്‍ പദ്ധതി നടത്തിപ്പില്‍ കേരളം […]

ഭക്ഷണവും വസ്ത്രവും പോലെത്തന്നെ പ്രധാനപ്പെട്ടതാണ് കുടിവെള്ളം. ഇപ്പോഴും കുടിവെള്ളം കിട്ടാത്ത എത്രയോ കുടുംബങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. കുടിവെള്ളവിതരണത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും പാവപ്പെട്ട ജനങ്ങളുടെ അടുത്ത് എത്തുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാമപ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാത്ത കുടുംബങ്ങളില്‍ അധികവും. സംസ്ഥാനത്ത് 40.21 ലക്ഷം ഗ്രാമീണ കുടുംബങ്ങളില്‍ ഇപ്പോഴും കുടിവെള്ളം എത്താനുണ്ട്. 70,68,652 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കേണ്ട സ്ഥാനത്ത് ഇതുവരെ 30,47,046 കണക്ഷനുകള്‍ മാത്രമാണ് നല്‍കിയത്. ജലജീവന്‍ പദ്ധതിയിലാണ് ഇത്രയും കണക്ഷന്‍ നല്‍കിയത്. ജലജീവന്‍ പദ്ധതി നടത്തിപ്പില്‍ കേരളം രാജ്യത്ത് 23-ാം സ്ഥാനത്താണിപ്പോള്‍. ഗോവ, തെലങ്കാന, അന്തമാന്‍ നിക്കോബാര്‍, പുതുച്ചേരി, ദാമന്‍-ദിയു, ദാരു-നഗര്‍ ഹവേലി, ഹരിയാന എന്നിവ 100 ശതമാനം പേര്‍ക്കും കണക്ഷന്‍ നല്‍കി. 11 സംസ്ഥാനങ്ങള്‍ 50 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. നിലവില്‍ വിതരണക്കുഴലുള്ള പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ആദ്യം കണക്ഷന്‍ ലഭിച്ചത്. വലിയ കുഴലുകള്‍ എത്താത്തിടങ്ങളില്‍ മുന്‍ഗണന ലഭിക്കേണ്ടവര്‍ക്ക് പോലും കണക്ഷന്‍ നല്‍കാനായിട്ടില്ല. ചിലയിടങ്ങളില്‍ പൈപ്പ് ഇടുന്നത് സംബന്ധിച്ച തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. പി.വി.സി പൈപ്പിന്റെ വില കൂടിയതും ജോലി മുന്നോട്ട് പോകുന്നത് തടസ്സപ്പെടുത്തി. 2019 ആഗസ്ത് വരെ 16,64091 കണക്ഷനുകളാണ് കേരളത്തില്‍ നല്‍കിയത്. രണ്ടരവര്‍ഷം പിന്നിട്ടിട്ടും 13,82,955 കണക്ഷന്‍ നല്‍കാന്‍ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളു. കുടിവെള്ളം നല്‍കുന്നതില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. ഇവിടെ 13.19 ശതമാനം പേര്‍ക്ക് മാത്രമേ കണക്ഷന്‍ നല്‍കാനായിട്ടുള്ളു. ജലജീവന്‍ പദ്ധതി വൈകുന്നതിനനുസരിച്ച് ഗുണഭോക്താക്കളുടെ ചെലവേറും. നിലവില്‍ പദ്ധതിയുടെ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്. ബാക്കി 10 ശതമാനം ഗുണഭോക്താക്കളാണ് വഹിക്കേണ്ടത്. വര്‍ഷം കഴിയുന്തോറും പി.വി.സി പൈപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില കൂടുകയാണ്. ഈ ചെലവിന്റെ ഭൂരിഭാഗവും ഉപഭോക്താക്കളുടെ തലയിലാവും. വളരെ അമൂല്യമായ പ്രകൃതിവിഭവമാണ് കുടിവെള്ളം. കുടിവെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കയാണ്. ഓരോ വര്‍ഷവും നമുക്ക് പകര്‍ച്ച വ്യാധികളുടെ എണ്ണം പെരുകിവരികയാണ്. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നത് വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ള കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്. പ്രകൃതിയുടെ വരദാനമായ വെള്ളം എല്ലാവരുടെയും അവകാശമാണെന്നും അത് സൗജന്യമായി ഉപയോഗിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും നാം മനസ്സിലാക്കണം. ജീവന്റെ നിലനില്‍പ്പിന്റെ ആധാരമാണ് ജലം. കുടിക്കാനും ഗാര്‍ഹികാവശ്യങ്ങള്‍ക്കും മാത്രമല്ല, കാര്‍ഷിക വ്യവസായ ആവശ്യങ്ങള്‍ക്കും വെള്ളം വേണം. ഭൂമിയില്‍ ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ്. ഏറെ നദികളാല്‍ സമ്പുഷ്ടമാണ് കേരളം. എന്നിട്ടും വേനല്‍ വരുമ്പോള്‍ തന്നെ കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുകയാണ്. നദികള്‍ പലതും മലിനമാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എല്ലാം വലിച്ചെറിയുന്നത് നദികളിലേക്കാണ്. പണ്ടൊക്കെ കുടിക്കാന്‍ വരെ വെള്ളം എടുത്തിരുന്നത് നദികളില്‍ നിന്നാണ്. ഇന്ന് അവ അഴുക്ക് ചാലുകളായി മാറിക്കൊണ്ടിരിക്കുന്നു. കുടിക്കാന്‍ പോയിട്ട് അലക്കാന്‍ പോലും നദികളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടിവെള്ളം എല്ലാവര്‍ക്കും എത്തിക്കുന്നത് സര്‍ക്കാറിന്റെ കൂടി ബാധ്യതയാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും കുടിവെള്ളം എന്ന പദ്ധതി എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാവണം.

Related Articles
Next Story
Share it