തേങ്ങവില താഴേക്ക്; കര്‍ഷകരുടെ സഹായത്തിനെത്തണം

നാളികേര കര്‍ഷകര്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിട്ട് ഏതാനും മാസങ്ങളായി. 42 രൂപ വരെ കിലോക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 28 രൂപയാണ് വില. കൊപ്രവിലയും തഥൈവ. കഴിഞ്ഞ മാര്‍ച്ചില്‍ ക്വിന്റലിന് 14000 രൂപയുണ്ടായിരുന്ന കൊപ്രവില 10000 രൂപയിലും താഴെയാണ്. പച്ചത്തേങ്ങയുടെ വില 10 മാസം കൊണ്ട് 1300 രൂപ കുറഞ്ഞു. ഒരാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാര്‍ മില്‍ കൊപ്രയുടെ താങ്ങുവില 10,335 രൂപയില്‍ നിന്ന് 10,590 രൂപയാക്കിയിരുന്നു. ഇതിലും താഴെയാണ് ഇപ്പോള്‍ കൊപ്രവില. സമീപകാലത്തൊന്നും കൊപ്രക്കും തേങ്ങക്കും ഇത്രയും […]

നാളികേര കര്‍ഷകര്‍ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിട്ട് ഏതാനും മാസങ്ങളായി. 42 രൂപ വരെ കിലോക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 28 രൂപയാണ് വില. കൊപ്രവിലയും തഥൈവ. കഴിഞ്ഞ മാര്‍ച്ചില്‍ ക്വിന്റലിന് 14000 രൂപയുണ്ടായിരുന്ന കൊപ്രവില 10000 രൂപയിലും താഴെയാണ്. പച്ചത്തേങ്ങയുടെ വില 10 മാസം കൊണ്ട് 1300 രൂപ കുറഞ്ഞു. ഒരാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാര്‍ മില്‍ കൊപ്രയുടെ താങ്ങുവില 10,335 രൂപയില്‍ നിന്ന് 10,590 രൂപയാക്കിയിരുന്നു. ഇതിലും താഴെയാണ് ഇപ്പോള്‍ കൊപ്രവില. സമീപകാലത്തൊന്നും കൊപ്രക്കും തേങ്ങക്കും ഇത്രയും വിലയിടിവ് ഉണ്ടായിട്ടില്ല. കൊപ്രക്ക് ആവശ്യം കുറഞ്ഞതാണ് വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. അതേ സമയം വെളിച്ചെണ്ണക്ക് ലിറ്ററിന് 220 രൂപക്ക് മേല്‍ കൊടുക്കണം. തമിഴ്‌നാട്ടിലെ പ്രധാനവിപണികളില്‍ വന്‍തോതില്‍ കൊപ്ര ശേഖരമുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെ പച്ചത്തേങ്ങ തമിഴ്‌നാട്ടിലേക്കാണ് കയറിപ്പോകുന്നത്. നാളികേരം ഇന്നും കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. അത് കൊണ്ട് തന്നെ തേങ്ങയുടെ വില ഇടിയുമ്പോള്‍ നാളികേര കര്‍ഷകരുടെ ജീവിതം തന്നെ താളം തെറ്റുന്നു. താങ്ങുവിലക്കും താഴെയാണ് കൊപ്രയുടെയും തേങ്ങയുടെയും വിപണനം. എന്തായാലും സംസ്ഥാന സര്‍ക്കാര്‍ പച്ചത്തേങ്ങയുടെ താങ്ങുവില 32 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചത് കര്‍ഷകര്‍ക്ക് നേരിയ ആശ്വാസമാവും. 32 രൂപ തോതില്‍ നാഫെഡിനോട് തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. കേര ഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍, കേരഗ്രാമം പദ്ധതി പ്രകാരം രൂപവല്‍ക്കരിച്ച പഞ്ചായത്ത്തല സമിതികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവ സജ്ജമാക്കി സംഭരണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നത് വിലയിടിവ് തടയാനാണ്. ഉല്‍പാദന ചെലവ് കണക്ക് കൂട്ടിയാണ് താങ്ങുവില നിശ്ചയിക്കുന്നത്. ഇപ്പോഴുള്ള വില വെച്ച് നോക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടത്തിന്റെ കഥയേ പറയാനുണ്ടാവു. സംഭരണത്തിനുള്ള നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കിയാലേ കര്‍ഷകരുടെ കൈവശമുള്ള തേങ്ങ വില്‍ക്കാനാവു.
സംഭരിക്കുമ്പോള്‍ തന്നെ വിലയും നല്‍കാനാവണം. തേങ്ങ നല്‍കി മൂന്നും നാലും മാസം കഴിഞ്ഞ് പണം നല്‍കുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ കിട്ടിയ വിലക്ക് അവര്‍ക്ക് തേങ്ങ വില്‍ക്കേണ്ടി വരും. കേരളത്തിലെ നാളികേരോല്‍പാദനം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. വിലത്തകര്‍ച്ച കാരണം പുതുതായി കര്‍ഷകര്‍ തെങ്ങ് കൃഷിയിലേക്ക് വരാത്തതാണ് കാരണം. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020-21 വര്‍ഷത്തില്‍ കേരളത്തില്‍ 7,60,700 ഹെക്ടര്‍ സ്ഥലത്താണ് നാളികേര കൃഷിയുള്ളത്.
വര്‍ഷം തോറും ഉല്‍പാദനം കുറയുന്നുണ്ടെങ്കിലും പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയാണ് നാളികേരം. ഉല്‍പാദിപ്പിക്കുന്ന തേങ്ങയുടെ ഏതാണ്ട് 90 ശതമാനവും ഉപയോഗിച്ചത് വെളിച്ചെണ്ണക്കും ഭക്ഷ്യാവശ്യത്തിനുമാണ്. ഇന്നത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ കൂടുതല്‍ കര്‍ഷകര്‍ നാളികേര കൃഷിയില്‍ നിന്ന് പിറകോട്ട് പോവുമന്നതില്‍ സംശയമില്ല. കേര കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി കൈക്കൊള്ളേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it