കാസര്‍കോടിന്റെ റെയില്‍വെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവണം

ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് കഴിഞ്ഞ ദിവസം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ട്രാക്കിന്റേതുള്‍പ്പെടെയുള്ള സുരക്ഷിതത്വം വിലയിരുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരി ഉള്‍പ്പെടെ ദക്ഷിണ റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ റെയില്‍യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും യാത്രക്കാരുടെ സംഘടനകളും ജനങ്ങളുംജനറല്‍ മാനേജരുടെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി. കോവിഡിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് തീവണ്ടികളുടെ സമയവും ഓട്ടവും പുനക്രമീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറുകയും പലസ്റ്റോപ്പുകളും എടുത്തു കളയുകയും […]

ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് കഴിഞ്ഞ ദിവസം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ട്രാക്കിന്റേതുള്‍പ്പെടെയുള്ള സുരക്ഷിതത്വം വിലയിരുത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം. പാലക്കാട് ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരി ഉള്‍പ്പെടെ ദക്ഷിണ റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ റെയില്‍യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും യാത്രക്കാരുടെ സംഘടനകളും ജനങ്ങളുംജനറല്‍ മാനേജരുടെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി. കോവിഡിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് തീവണ്ടികളുടെ സമയവും ഓട്ടവും പുനക്രമീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറുകയും പലസ്റ്റോപ്പുകളും എടുത്തു കളയുകയും ചെയ്ത സംഭവങ്ങളൊക്കെ മാറ്റണം. റെയില്‍വെ സ്റ്റേഷനുകളിലെത്തി തീവണ്ടിക്ക് ടിക്കറ്റെടുക്കുന്ന സംവിധാനമാണ് മുമ്പ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ കോവിഡിന് ശേഷം പലതീവണ്ടികള്‍ക്കും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മാത്രമേ ഉള്ളു. ഇത് സാധാരണക്കാരായ യാത്രക്കാരെ ഏറെ വിഷമിപ്പിക്കുന്നു. ജനറല്‍ ക്ലാസ് യാത്രയും ഇതോടൊപ്പം നിഷേധിച്ചിരിക്കയാണ്. പ്രതിദിനം ജനറല്‍ ടിക്കറ്റ് ലഭ്യമാവുന്നത് അഞ്ച് തീവണ്ടികള്‍ക്ക് മാത്രമാണ്. മംഗളൂരുവില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സമയത്തിനെത്താനുതകുന്നതല്ല ഈ തീവണ്ടികള്‍. അതിര്‍ത്തി ജില്ലയെന്നതിനാല്‍ കാസര്‍കോട്ടുകാരുടെ നിത്യയാത്രാ കേന്ദ്രം മംഗളൂരുവാണ്. ചികിത്സയും പഠനവും ജോലിയും തുടങ്ങി മിക്ക കാര്യങ്ങള്‍ക്കും മംഗളൂരുവിനെ ആശ്രയിക്കുന്നവരാണ് ഈ ജില്ലക്കാര്‍ അതുകൊണ്ട്. തന്നെ തീവണ്ടി ഗതാഗതത്തിലെ പോരായ്മ ജനങ്ങളെ ഏറെ ബാധിക്കുന്നു. കണ്ണൂര്‍-മംഗളൂരു എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മംഗളൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് എന്നീ വണ്ടികള്‍ക്ക് മാത്രമാണിപ്പോള്‍ ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭ്യമാവുന്നത്. കാഞ്ഞങ്ങാട് നിന്ന് രാവിലെ 9.05നാണ് കണ്ണൂര്‍-മംഗളൂരു എക്‌സ്പ്രസ് പുറപ്പെടുന്നത്. ഈ വണ്ടിയില്‍ കയറിയാല്‍ മംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ 10 മണിക്ക് മുമ്പ് എത്താനാവില്ല. ജനറല്‍ ടിക്കറ്റ് ലഭിക്കുന്ന മറ്റ് നാല് വണ്ടികളും കാഞ്ഞങ്ങാട്ടെത്തുന്നത് രാവിലെ 11.30നും വൈകിട്ട് ആറരക്കുമിടയിലാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപകാരപ്പെടുന്ന തീവണ്ടികള്‍ പുലര്‍ച്ചെ 5.45ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ചെന്നൈ-മംഗളൂരു എക്‌സ്പ്രസ്, അരമണിക്കൂറിന് ശേഷമെത്തുന്ന മാവേലി എക്‌സ്പ്രസ്, തൊട്ടുപിന്നാലെയെത്തുന്ന മലബാര്‍ എക്‌സ്പ്രസ് എന്നിവയാണ്. ഇവക്കൊന്നും സീസണ്‍ ടിക്കറ്റില്ല. ചെറുവത്തൂര്‍- മംഗളൂരു പാസഞ്ചര്‍തീവണ്ടിയായിരുന്നു മംഗളൂരുവിലേക്ക് പോകുന്ന ഈ ജില്ലക്കാരുടെ പ്രധാന ആശ്രയം. ഇവ പുനരാരംഭിച്ചിട്ടുമില്ല. മംഗളൂരു കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന എക്‌സ്പ്രസ് പഴയ പാസ ഞ്ചറിന്റെ സമയത്ത് ഓടിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണം ലഭിക്കും. വൈകിട്ട് 4.30 ആയിരുന്നു പാസഞ്ചറിന്റെ സമയം. ഈ സമയത്ത് എക്‌സ്പ്രസ് ഓടിക്കണം. ഈ സമയം പോണ്ടിച്ചേരി എക്‌സ്പ്രസിന് നല്‍കിയിരിക്കയാണ്. ഇത് മാറ്റി ലഭിക്കണമെന്ന് റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടി പരിഗണിക്കണം. 4.55ന് മംഗളൂരു വിടുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് മഞ്ചേശ്വരത്തു വെച്ച് എക്‌സ്പ്രസിനെ മറി കടക്കാം. മാവേലിക്ക് പയ്യന്നൂര്‍ വരെ പിറകില്‍ ഇഴയേണ്ട അവസ്ഥ മറികടക്കാനും പറ്റും. മംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് എന്ന പഴയ പാസഞ്ചറിന് പിന്നാലെയെത്തുന്ന മാവേലി എക്‌സ്പ്രസ് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ക്ലേശമാണ് ഉണ്ടാക്കുന്നത്.
ഈ വണ്ടി മാവേലിക്കു വേണ്ടി ദിവസവും വൈകിട്ട് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയാണ്. ഇതിന് പുറമെ ചില ദീര്‍ഘദൂര തീവണ്ടികള്‍ വൈകിയെത്തിയാലും പാരയാവുന്നത് മംഗളൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് തന്നെ. തീവണ്ടിപ്പാത ഇരട്ടിപ്പിച്ചതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് കരുതിയതാണ്. എന്നാല്‍ ചില സമയങ്ങളില്‍ യാത്രക്കാര്‍ക്ക് അരമണിക്കൂറിലേറെ ഒരോ സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കേണ്ടി വരുന്നു. കോവിഡിന് മുമ്പുള്ള സമയ ക്രമം പാലിച്ചാല്‍തന്നെ കുറേയേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും. ചെറുവത്തൂര്‍-മംഗളൂരു പാസഞ്ചര്‍ വണ്ടി എത്രയും പെട്ടന്ന് പുന:സ്ഥാപിക്കാനും നടപടിയുണ്ടാവണം.

Related Articles
Next Story
Share it