ഈ ചോരക്കളി അവസാനിപ്പിക്കാറായില്ലേ?

ഇത്രയേറെ സാക്ഷരത കൈവരിച്ചിട്ടും കേരളത്തിന്റെ മനസ് എന്തേ മാറാത്തത്? കൊലപാതകങ്ങള്‍ കണ്ട് മനസ്സ് മരവിപ്പില്ലാത്ത ഒരു നാട് ഒരു പക്ഷെ നമ്മുടേത് മാത്രമായിരിക്കും. എന്തിന്റെ പേരിലായാലും ഒരു മനുഷ്യനെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ ആ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കാനാവു? കൊലപാതകികളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും നാടായി കേരളം അധപതിച്ചുപോകുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പേരാണ് കൊലക്കത്തിക്കിരയായത്. എസ്.ഡി.പി.ഐ നേതാവ് അഡ്വ. ഷാനും ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനുമാണ് വെട്ടേറ്റുമരിച്ചത്. ഒന്നും രണ്ടും വെട്ടല്ല,. രണ്ടുപേരുടെയും […]

ഇത്രയേറെ സാക്ഷരത കൈവരിച്ചിട്ടും കേരളത്തിന്റെ മനസ് എന്തേ മാറാത്തത്? കൊലപാതകങ്ങള്‍ കണ്ട് മനസ്സ് മരവിപ്പില്ലാത്ത ഒരു നാട് ഒരു പക്ഷെ നമ്മുടേത് മാത്രമായിരിക്കും. എന്തിന്റെ പേരിലായാലും ഒരു മനുഷ്യനെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ ആ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയുണ്ടാക്കാനാവു? കൊലപാതകികളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും നാടായി കേരളം അധപതിച്ചുപോകുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പേരാണ് കൊലക്കത്തിക്കിരയായത്. എസ്.ഡി.പി.ഐ നേതാവ് അഡ്വ. ഷാനും ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസനുമാണ് വെട്ടേറ്റുമരിച്ചത്. ഒന്നും രണ്ടും വെട്ടല്ല,. രണ്ടുപേരുടെയും ശരീരം വെട്ടി നുറുക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് 38കാരനായ ഷാന്‍ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം വെട്ടി വീഴ്ത്തിയത്. നാല്‍പതിലധികം വെട്ടേറ്റ ഷാന്‍ അവിടെത്തന്നെ അന്ത്യശ്വാസം വലിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറരയോടെയാണ് രഞ്ജിത്ത് ശ്രീനിവാസനെ ഇല്ലാതാക്കിയത്. ശ്രീനിവാസന്റെ വീടിന്റെ ഗെയിറ്റ് തുറന്നെത്തിയ അക്രമികള്‍ തുരുതുരെ വെട്ടുകയും തല കൂടം കൊണ്ട് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഇയാളും സംഭവസ്ഥലത്തു തന്നെ പിടഞ്ഞു മരിച്ചു. രണ്ട് കൊലകളിലും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് സംഘടനകളുടെ സംസ്ഥാന നേതാക്കളാണ് കൊലചെയ്യപ്പെട്ടത്. പത്തനംതിട്ട ജില്ലയിലെ പെരിങ്ങരയില്‍ സി.പി.എം നേതാവായ സന്ദീപിനെ കൊല ചെയ്തതും ഏതാനും ദിവസം മുമ്പാണ്. ഭാര്യയുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന സന്ദീപിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി വലിച്ചിറക്കി ഭാര്യയുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെയും ക്വട്ടേഷന്‍ ടീമുകളുടെയും എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഏതാനും ദിവസം മുമ്പ് തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പക വീട്ടലിന്റെ ഭാഗമായി ഒരു ചെറുപ്പക്കാരനെ കൊന്ന് കാലുകള്‍ അറുത്തെടുത്ത് ആര്‍പ്പുവിളിയോടെ കൊണ്ടുപോകുന്ന കാഴ്ച കഴിഞ്ഞ ദിവസമാണ് കണ്ടത്. അതിലെ പ്രധാനപ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പതിവ് ശൈലി പോലെ പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ല. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ 'കാവല്‍' എന്ന പുതിയ പദ്ധതി പൊലീസ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ആലപ്പുഴയില്‍ രണ്ട് മനുഷ്യജീവനുകള്‍ പിടഞ്ഞുമരിച്ചത്. രാഷ്ട്രീയമോ വര്‍ഗീയമോ വ്യക്തി പരമോ ആയ വൈരങ്ങള്‍ ചെന്നവസാനിക്കുന്നത് മൃഗീയമായ കൊലയിലാണ്. കുറ്റകൃത്യം നടന്നു കഴിഞ്ഞതിന് ശേഷം അതിലെ പ്രതികളെന്നു കരുതുന്നവരെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രമായില്ല. പ്രതികളെ സംരക്ഷിക്കാനും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാനും ആളുകളുണ്ടാവുമ്പോള്‍ ഇത്തരം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടില്ലെങ്കിലെ അതിശയപ്പെടേണ്ടു. രാഷ്ട്രീയ കൊലപാതങ്ങളുടെ പരമ്പരയായിരുന്നു ഒരു കാലത്ത് കണ്ണൂരില്‍. അവിടെ അതിന് ശമനം വന്നപ്പോള്‍ ആലപ്പുഴ, മലപ്പുറം ഭാഗങ്ങളിലേക്ക് ഇത് വ്യാപിക്കുകയായിരുന്നു. കൊലക്ക് കൊല എന്ന രീതിയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കുറ്റം ചെയ്തവരെ മാത്രമല്ല, അതിന് പിന്നില്‍ ഒത്താശ ചെയ്തു കൊടുക്കുന്നവരെയും പിടികൂടാന്‍ കഴിയണം. രാഷ്ട്രീയ മത വൈരങ്ങള്‍ പടര്‍ത്താന്‍ പല ഭാഗങ്ങളില്‍ നിന്ന് ശ്രമമുണ്ടാവുന്നുണ്ട്. നവമാധ്യമങ്ങള്‍ കൂടി വന്നതോടെ എന്തും ആര്‍ക്കും ഇതിലൂടെ പടച്ചുവിടാമെന്ന സ്ഥിതിയുമുണ്ടായി. കേരളം കുറ്റകൃത്യങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നത് ഭൂഷണമല്ല. ഒരു കാലത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു കേരളം. ആ സല്‍പേര് കളഞ്ഞു കുളിക്കരുത്.

Related Articles
Next Story
Share it