ബാലവേല; നടപടി കര്‍ശനമാക്കണം

സംസ്ഥാനത്ത് ഇപ്പോഴും ബാലവേല പലേടങ്ങളിലും നടക്കുന്നുണ്ടെന്നതിന് തെളിവാണ് കുട്ടികളെ പീഡിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശൈശവത്തെ നിഷേധിക്കുകയും വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്തുകൊണ്ടാണ് കുട്ടികളെ ജോലിക്കായി പലേടത്തും തളച്ചിടുന്നത്. ഇന്ത്യയില്‍ ബാലവേല നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമം ലംഘിച്ചു കൊണ്ട് നിര്‍ബാധം തുടങ്ങുകയാണിത്. കുട്ടികളെക്കൊണ്ട് ചെയ്യുന്ന എല്ലാ ജോലികളും ബാലവേല നിയമത്തിന്റെ പരിധിയില്‍ വരും. ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. എന്നാല്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന […]

സംസ്ഥാനത്ത് ഇപ്പോഴും ബാലവേല പലേടങ്ങളിലും നടക്കുന്നുണ്ടെന്നതിന് തെളിവാണ് കുട്ടികളെ പീഡിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശൈശവത്തെ നിഷേധിക്കുകയും വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്തുകൊണ്ടാണ് കുട്ടികളെ ജോലിക്കായി പലേടത്തും തളച്ചിടുന്നത്. ഇന്ത്യയില്‍ ബാലവേല നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിയമം ലംഘിച്ചു കൊണ്ട് നിര്‍ബാധം തുടങ്ങുകയാണിത്. കുട്ടികളെക്കൊണ്ട് ചെയ്യുന്ന എല്ലാ ജോലികളും ബാലവേല നിയമത്തിന്റെ പരിധിയില്‍ വരും. ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. എന്നാല്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികള്‍ രാജ്യത്തെമ്പാടുമുണ്ട്. ഈ സാഹചര്യത്തില്‍ ബാലവേല നിരോധനത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് എല്ലാ വര്‍ഷവും ലോകബാലവേല വിരുദ്ധ ദിനം ആചരിക്കാറുണ്ട്. ഒരു പഠനമനുസരിച്ച് ആഗോള തലത്തില്‍ ഓരോ 10 കുട്ടികളിലും ഒരാള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുണ്ടത്രെ. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) കണക്കുകള്‍ അനുസരിച്ച് ലോകത്താകമാനം 152 മില്യണ്‍ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് കണക്ക്. അവരില്‍ 72 മില്യണ്‍ കുട്ടികളും അപകടകരമായ സാഹചര്യത്തിലാണത്രെ ജോലി ചെയ്യുന്നത്. സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിക്ക് വനിതാ ശിശു വികസന വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വിവരം നല്‍കുന്ന വ്യക്തിക്ക് 2500 രൂപയാണ് ഇന്‍സന്റീവ് നല്‍കുക. സംസ്ഥാനത്ത് ബാലവേല നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ കൂടുതലും ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ഈ രംഗത്തുണ്ട്. വലിയ വീടുകളിലെ അടുക്കളകളില്‍ ജീവിതം കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ടവരാണ് പല പെണ്‍കുട്ടികളും. പുലര്‍ച്ചെ 5 മണിക്ക് ആരംഭിക്കുന്ന ജോലി അവസാനിക്കുമ്പോള്‍ രാത്രി 10 മണിയോ 11 മണിയോ കഴിയും. എന്നിട്ടും തുച്ഛമായ കൂലി മാത്രമാണ് ലഭിക്കുന്നത്. ചിലപ്പോള്‍ പ്രതിഫലമായി ലഭിക്കുന്നത് ഭക്ഷണം മാത്രമായിരിക്കും. ഇതിനിടയില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളും നിരവധിയുണ്ട്. പീഡനം സഹിക്കവയ്യാതെ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവങ്ങളൊക്കെ കുറേയുണ്ട്. ഈ പീഡന കഥകളൊക്കെ പുറം ലോകമറിയുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ബാലവേല തടയാന്‍ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനാണ് വനിതാ ശിശുവികസന വകുപ്പ് ഇന്‍സന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ ശിശു സംരക്ഷണ ഓഫീസറേയോ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയോ ആണ് വിവരം അറിയിക്കേണ്ടത്,. വ്യക്തികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തൊഴില്‍, പൊലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെ ബാലവേല തടയുന്നതിനുള്ള നടപടി സ്വീകരിക്കും. അര്‍ഹരായവര്‍ക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക കൈമാറും.
14 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. 14 വയസ്സ് കഴിഞ്ഞതും 18 വയസ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്താനും പാടില്ലെന്നാണ് നിയമം, ബാലവേലക്കെതിരെയുള്ള നിയമം കര്‍ശനമാക്കുകയും അത് ചെയ്യിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുകയും വേണം.

Related Articles
Next Story
Share it